ADVERTISEMENT

നിയമസഭയിൽ ആഞ്ഞടിച്ച വടക്കുകിഴക്കിലെ കാവിക്കാറ്റിനു പൊതുതിരഞ്ഞെടുപ്പിലും മാറ്റുകുറഞ്ഞില്ല. 8 സംസ്ഥാനങ്ങളിലായി ആകെയുള്ള 25 സീറ്റിൽ 14 എണ്ണം സ്വന്തമാക്കി ബിജെപി കുതിച്ചു. കഴിഞ്ഞതവണത്തെ 10 സീറ്റിൽ നിന്നാണ് ഈ നേട്ടം. കോൺഗ്രസ് എട്ടിൽനിന്ന് നാലിലേക്കു ചുരുങ്ങി. 14 സീറ്റുള്ള അസമിൽ‌ രണ്ട് സീറ്റ് കൂട്ടി ബിജെപി 9 സീറ്റിലേക്ക് ഉയർന്നു. കോൺഗ്രസ് 3 സീറ്റിൽ തുടർന്നു. എഐയുഡിഎഫ് മൂന്നിൽനിന്ന് ഒന്നിലേക്കു ചുരുങ്ങി. ഒരു സ്വതന്ത്രനും ജയിച്ചു.

ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് അടിയറവു പറഞ്ഞതിനു പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സിപിഎം ‘സംപൂജ്യ’രായി. ത്രിപുര ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളിൽ തോറ്റെന്നു മാത്രമല്ല, കോൺഗ്രസിനു പിന്നിൽ സിപിഎം മൂന്നാമതുമായി. ത്രിപുര ഈസ്റ്റിൽ ബിജെപിയുടെ റെബദി 4,79,634 വോട്ട് നേടിയപ്പോൾ സിപിഎമ്മിന്റെ ജിതേന്ദ്ര ചൗധരി 2,00,497 വോട്ട് കൊണ്ടു തൃപ്തിപ്പെട്ടു. ത്രിപുര വെസ്റ്റിൽ ബിജെപിയുടെ പ്രതിമ ഭൗമിക് 5,58,344 വോട്ട് നേടിയപ്പോൾ സിപിഎമ്മിന്റെ ശങ്കർ പ്രസാദ് ദത്തയ്ക്ക് 1,68,016 വോട്ട് മാത്രമാണു ലഭിച്ചത്.

അരുണാചൽ പ്രദേശിലെ രണ്ടു സീറ്റും ബിജെപി സ്വന്തമാക്കി. കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ട്ടപ്പെട്ടപ്പോൾ ബിജെപി അക്കൗണ്ടിൽ ഒരെണ്ണം കൂടി. മുൻ മുഖ്യമന്ത്രി നബാം തുകി അരുണാചൽ വെസ്റ്റ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവിനോടു പരാജയപ്പെട്ടു. രണ്ടു സീറ്റുള്ള മേഘാലയയിൽ കോൺഗ്രസും എൻപിപിയും ഒരോ സീറ്റ് വീതം നിലനിർത്തി. രണ്ടു സീറ്റുള്ള മണിപ്പുരിൽ ബിജെപിക്ക് കൈവശമുണ്ടായിരുന്നതിൽ നിന്ന് ഒരെണ്ണം നഷ്ടപ്പെട്ടു. ഈ സീറ്റ് എൻപിഎഫ് സ്വന്തമാക്കി. ഓരോ സീറ്റ് വീതമാണു നാഗാലാൻഡിലും മിസോറമിലും സിക്കിമിലുമുള്ളത്. ഇവിടെ യഥാക്രമം എൻഡിപിപി, എംഎൻഎഫ്, എസ്കെഎം എന്നിവ നേടി. എൻപിഎഫ്, കോൺഗ്രസ്, എസ്ഡിഎഫ് എന്നിവരുടെ സീറ്റുകളാണു നഷ്ടപ്പെട്ടത്.

സിക്കിമിൽ 78.19% ആയിരുന്നു പോളിങ്. ലോക്സഭയിലേക്കു 11 സ്ഥാനാർഥികളാണു മത്സരിച്ചത്. 2004, 2009 ഉൾപ്പെടെ അഞ്ചുതവണ രണ്ടാമതെത്തിയ കോൺഗ്രസ് 2014ൽ ബിജെപിക്കും പിന്നിൽ നാലാമതായി. അത്തവണ ആകെ കിട്ടിയത് 7189 വോട്ട് (ബിജെപിക്ക് 7279). നാലു മാസം മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മൽസരത്തിൽ കോൺഗ്രസിനെ തറപറ്റിച്ചാണു പ്രാദേശിക പാർട്ടിയായ എംഎൻഎഫ് മിസോറമിൽ അധികാരത്തിലെത്തിയത്. 10 വർഷത്തെ കോൺഗ്രസ് ഭരണത്തിനു വിരാമമിട്ട് എംഎൻഎഫിനെ അധികാരത്തിലെത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചത് ഏഴു പ്രാദേശിക സംഘടനകൾ ചേർന്നു രൂപീകരിച്ച സോറം പീപ്പിൾസ് മൂവ്മെന്റ് എന്ന രാഷ്ട്രീയ സഖ്യമാണ്.

പൗരത്വബില്ലിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധമുണ്ടായതു മിസോറമിലായിരുന്നു. ബില്ലിനെച്ചൊല്ലിയുള്ള ആശങ്കകൾ അവസാനിക്കുന്നതിനു മുൻപെത്തിയ തിരഞ്ഞെടുപ്പിൽ എംഎൻഎഫും ബിജെപിയെ അകറ്റിനിർത്തി. ബിജെപി നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് െഡമോക്രാറ്റിക് ഫ്രണ്ട് (നേദ) സഖ്യത്തിൽ എംഎൻഎഫും അംഗമാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ പേരിലുണ്ടായ പ്രതിഷേധത്തീയിൽനിന്നു വടക്കുകിഴക്കൻ മേഖലയിലാകെ വേരാഴ്ത്തിയ നേതാവാണു മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ. മേഖലയിലെ തിരഞ്ഞെടുപ്പു ചിത്രത്തിലുടനീളം തെളിഞ്ഞു നിന്ന പ്രാദേശിക നേതാവും കോൺറാഡ് തന്നെ. 74.41% ആയിരുന്നു ഇത്തവണ പോളിങ്.

രാജ്യാന്തര ശ്രദ്ധ നേടിയ ഖനി ദുരന്തവും പൗരത്വ ഭേദഗതി ബില്ലിനെതിരെ ആളിപ്പടർന്ന പ്രതിഷേധവും കുടിവെള്ള ക്ഷാമവുമെല്ലാം തിരഞ്ഞെടുപ്പ് വിഷയമായിരുന്നു. അരുണാചൽ പ്രദേശിൽ രണ്ടു ലോക്സഭാ സീറ്റുകളിലേക്കും ആദ്യ ഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. പോളിങ് ശതമാനം 66. രാഷ്ട്രീയ പോരിനപ്പുറം പൗരത്വ ബിൽ വിവാദങ്ങളിലും അരുണാചൽ നീറിപ്പുകഞ്ഞു. തദ്ദേശീയരല്ലാത്ത ആറു സമുദായങ്ങൾക്കു സ്ഥിരം താമസാനുമതി (പെർമനന്റ് റസിഡന്റ് സർട്ടിഫിക്കറ്റ്) നൽകാനുള്ള നീക്കത്തെ തുടർന്നു വൻ പ്രക്ഷോഭം സംസ്ഥാനത്തുണ്ടായി. പിന്നാലെ വന്ന പൗരത്വ ഭേദഗതി ബില്ലിന്റെ പേരിലെ പ്രതിഷേധവും ചർച്ചയായി.

English Summary: North East India Lok Sabha Election Result 2019. Arunachal Pradesh, Assam, Manipur, Meghalaya, Mizoram, Nagaland, Sikkim, Tripura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com