ADVERTISEMENT

പനജി∙ ഗോവയിലും ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോൺഗ്രസ്. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നതിനല്ല ‘ഒരു രാജ്യം ഒരു പാർട്ടി’ എന്നു വരുത്തിത്തീർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും പിസിസി പ്രസിഡന്റ് ഗിരീഷ് ചോഡാൻകർ പറഞ്ഞു.

കർണാടക പ്രതിസന്ധിയിൽ വലഞ്ഞിരിക്കുന്ന കോൺഗ്രസിന് അപ്രതീക്ഷിത പ്രഹരമായിട്ടാണ് ഗോവയിൽ എംഎൽഎമാർ പാർട്ടിവിട്ടത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്‍റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പത്ത് എംഎൽഎമാരാണ് ബിജെപിയിൽ ചേരുകയാണെന്നു കാണിച്ച് സ്പീക്കർ രമേശ് പട്നേക്കറിനു കത്തുനൽകിയത്. ഇവർ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

ഗോവയുടെ വികസനത്തിനായി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും ഭരണം പിടിക്കാനുള്ള അവസരം പലപ്പോഴായി മുതിർന്ന നേതാക്കൾ കളഞ്ഞു കുളിച്ചെന്നുമാണ് ആരോപണം. മൂന്നിൽ രണ്ട് എംഎൽഎമാർ പാർട്ടി വിട്ടതിനാൽ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയിൽ വിഷയം വരില്ല. മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.

മൂന്നിൽ രണ്ടുപേർ മറുകണ്ടം ചാടിയതിനാൽ ഇവർക്കു കൂറുമാറ്റം ബാധകമാകില്ല. 17 അംഗങ്ങളുള്ള ബിജെപി, ഗോവ ഫോർവേഡ് പാർട്ടി (3) സ്വതന്ത്രർ (3), എൻസിപി (1),എംജിപി (1) എന്നിവയുടെ പിന്തുണയോടെയാണ് ഭരിക്കുന്നത്. 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 40ൽ 17 സീറ്റുമായി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 13 സീറ്റാണു ലഭിച്ചത്. എന്നാൽ, കോൺഗ്രസ് സർക്കാർ രൂപീകരണത്തെക്കുറിച്ച് ആലോചിക്കും മുൻപ് ബിജെപി അവകാശമുന്നയിക്കുകയും സഖ്യകക്ഷികളെ കണ്ടെത്തി അധികാരം നേടുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com