ADVERTISEMENT

ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസിൽ വിധി പറഞ്ഞതോടെ ശ്രദ്ധ നേടുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത നിയമസംവിധാനമായ ഹേഗിലെ രാജ്യാന്തര കോടതി. അബ്ദുൽഖ്വാവി അഹമ്മദ് യൂസഫ് അധ്യക്ഷനായ രാജ്യാന്തര കോടതി (ഐസിജെ) ജഡ്ജി സംഘത്തിൽ ഇന്ത്യക്കാരൻ ദൽവീർ ഭണ്ഡാരിയുമുണ്ട്.

യുഎൻ പൊതുസഭയും സുരക്ഷാ സമിതിയും പ്രത്യേകം വോട്ട് ചെയ്തു തിരഞ്ഞെടുക്കുന്ന അംഗങ്ങൾക്ക് ഒൻപതു വർഷമാണു കാലാവധി. അബ്ദുൽഖ്വാവി അഹമ്മദ് യൂസഫ് സൊമാലിയൻ പൗരനാണ്. 2009 മുതൽ അംഗമാണ്, ഉപാധ്യക്ഷനായത് 2015ൽ. ഇന്ത്യൻ അംഗം ദൽവീർ ഭണ്ഡാരി 2012ലാണ് ഐസിജിയുടെ ഭാഗമായത്. നേരത്തേ സുപ്രീം കോടതി അഭിഭാഷകനായിരുന്നു. ഡൽഹി ഹൈക്കോടതി ജഡ്ജിയായും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഐസിജെ യുഎൻ ചാർട്ടർ പ്രകാരം

ഐക്യരാഷ്ട്ര സംഘടന ചാർട്ടർ പ്രകാരം 1945 ലാണു രാജ്യാന്തര കോടതി സ്ഥാപിച്ചത്. എല്ലാ യുഎൻ അംഗങ്ങളും സാങ്കേതികമായി കോടതിയിൽ കക്ഷികളാണെങ്കിലും ഐസിജെയുടെ അധികാരം ഏതെല്ലാം പ്രശ്നങ്ങളിൽ അംഗീകരിക്കുമെന്ന് ഓരോ രാജ്യങ്ങളും വെവ്വേറെ പ്രഖ്യാപിച്ചിട്ടുണ്ട്. 15 ജഡ്ജിമാരാണു രാജ്യാന്തര കോടതിയിലുള്ളത്. ഒൻപതുവർഷത്തേക്ക് യുഎൻ പൊതുസഭയും രക്ഷാസമിതിയും ചേർന്നാണു തിരഞ്ഞെടുക്കുന്നത്.

ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ ഐസിജെയെ സമീപിച്ചത് രണ്ടു വട്ടം

പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഐസിജെയെ സമീപിച്ചതു രണ്ടുവട്ടം. ആദ്യം 1973 ൽ. ബംഗ്ലദേശ് വിമോചനയുദ്ധകാലത്ത് ഇന്ത്യയുടെ കസ്റ്റഡിയിലായ 195 പാക്ക് പൗരൻമാരെ ബംഗ്ലദേശിനു വിട്ടുകൊടുക്കാനുള്ള ഇന്ത്യയുടെ നീക്കം തടയാനായിരുന്നു അത്. എന്നാൽ ഒരു വർഷത്തിനുശേഷം പാക്കിസ്ഥാൻ പരാതി പിൻവലിച്ചു. 1999 ൽ വ്യോമാതിർത്തി ലംഘിച്ച പാക്ക് സൈനിക വിമാനം ഇന്ത്യ വെടിവച്ചിട്ടപ്പോഴായിരുന്നു രണ്ടാം വട്ടം. അധികാര പ്രശ്നം ഉന്നയിച്ച് ഇന്ത്യ നടത്തിയ വാദങ്ങൾ ഐസിജെ ശരിവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com