ADVERTISEMENT

ചാരൻ എന്നാരോപിച്ചു പാക്കിസ്ഥാൻ വധശിക്ഷ വിധിച്ചു ജയിലിലടച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസിന്റെ നാൾവഴി.

2016 മാർച്ച് 3

∙ ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമപ്രകാരമുള്ള കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോകുന്നു. പാക്കിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ വച്ച് ചാരവൃത്തിക്കു ശ്രമിക്കുമ്പോള്‍ അറസ്റ്റ് ചെയ്തെന്ന് പാക്കിസ്ഥാന്റെ വാദം. 

മാർച്ച് 24

∙ കുൽഭൂഷൺ ജാദവ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്റാണെന്ന് പാക്കിസ്ഥാൻ സൈന്യം. 

മാർച്ച് 26

∙ കുൽഭൂഷൺ ബലൂചിസ്ഥാനിലും കറാച്ചിയിലും ചാരപ്രവർത്തനം നടത്തിയതായി പത്രക്കുറിപ്പിറക്കിയ പാക്കിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടു. കുൽഭൂഷണ് ഇന്ത്യാ സർക്കാരുമായി ബന്ധമില്ലെന്നും അദ്ദേഹം 2002ൽ ഇന്ത്യൻ നാവികസേനയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനാണെന്നും ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാൻ ഇന്ത്യയ്ക്കു നയതന്ത്ര വിശദീകരണം നിഷേധിച്ചു. 

മാർച്ച് 29

∙ കുൽഭൂഷൺ ജാദവിന്റെ കുറ്റസമ്മത വിഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. ഇന്ത്യ വിഡിയോയുടെ സത്യാവസ്ഥ ചോദ്യംചെയ്തു. 

ഏപ്രിൽ 5

∙ ബലൂചിസ്ഥാൻ പ്രവിശ്യാ സർക്കാർ കുൽഭൂഷണിനെതിരെ ഭീകരതയ്ക്കും അട്ടിമറിക്കും എഫ്ഐആർ തയാറാക്കി കേസെടുത്തു. 

ഡിസംബർ 7

∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ജാദവിനെതിരെ മതിയായ തെളിവില്ലെന്നു സമ്മതിച്ചു. 

ഡിസംബർ 31

∙ കുൽഭൂഷണെതിരെയുള്ള തെളിവുകളുടെ രേഖകൾ പാക്കിസ്ഥാൻ യുഎൻ സെക്രട്ടറി ജനറലിനു കൈമാറിയതായി അവകാശപ്പെട്ടു. 

2017 മാർച്ച് 3

∙ സർതാജ് അസീസ് തന്റെ മുൻപ്രസ്താവന മാറ്റിപ്പറഞ്ഞു. കുൽഭൂഷൺ ജാദവിനെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം പാക്കിസ്ഥാൻ സെനറ്റിൽ പ്രഖ്യാപിച്ചു.

തടവിലുള്ള വിദേശ പൗരന്മാരെ കൈകാര്യം ചെയ്യുന്ന രാജ്യാന്തര സാഹചര്യങ്ങൾ പരിഗണിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോടു രേഖാമൂലം ആവശ്യപ്പെട്ടു.

ഏപ്രിൽ 10

∙ ചാരപ്രവർത്തനത്തിനു സൈനിക കോടതി കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ച വിവരം പാക്കിസ്ഥാൻ പുറത്തുവിട്ടു. 13 പാക്ക് തടവുകാരെ വിട്ടയയ്ക്കാനിരുന്നത് ഇന്ത്യ റദ്ദാക്കി.‌ 

ഏപ്രിൽ 15

∙ പാക്കിസ്ഥാനുമായുള്ള എല്ലാ ചർച്ചകളും ഇന്ത്യ നിർത്തിവച്ചു. 

ഏപ്രിൽ 20

∙ കുൽഭൂഷൺ ജാദവിനെ കാണാനുള്ള ഇന്ത്യയുടെ ആവശ്യം പതിനഞ്ചാം തവണയും പാക്കിസ്ഥാൻ തള്ളി. 

മേയ് 8

∙ ഇന്ത്യ പാക്കിസ്ഥാനെതിരെ രാജ്യാന്തര നീതിന്യായക്കോടതിയെ സമീപിച്ചു. 

മേയ് 9

∙ ജാദവിന്റെ വധശിക്ഷ കോടതി താൽക്കാലികമായി തടഞ്ഞു. 

മേയ് 15

∙ രാജ്യാന്തര കോടതിയിൽ ഇന്ത്യയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഇന്ത്യയുടെ ന്യായങ്ങൾ അവതരിപ്പിച്ചു. 

മേയ് 18

∙ കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ അന്തിമ വിധി വരുംവരെ രാജ്യാന്തര കോടതി തടഞ്ഞു.

മേയ് 19

കുൽഭൂഷൺ ജാദവ് കേസ് വീണ്ടും പരിഗണിക്കണം എന്നാവശ്യപ്പെട്ടു രാജ്യാന്തര കോടതിയിൽ പാക്കിസ്ഥാ‍ൻ ഹർജി നൽകി.

ജൂൺ 22

∙പട്ടാളക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുൽഭൂഷൺ ജാദവ് പാക്ക് കരസേനാ മേധാവിക്കു ദയാഹർജി സമർപ്പിച്ചു.

നവംബർ 10

∙കുൽഭൂഷൺ ജാദവിനെ കാണാൻ ഭാര്യയ്ക്ക് അനുമതി.

ഡിസംബർ 8

കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയ്ക്കൊപ്പം അമ്മയെയും അനുവദിക്കാമെന്നു പാക്കിസ്‌ഥാൻ അറിയിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

ഡിസംബർ 13

കുൽഭൂഷൺ ജാദവുമായി സംസാരിക്കാൻ നയതന്ത്ര പ്രതിനിധിയെ അനുവദിക്കണമെന്ന ഇന്ത്യയുടെ ഹർജി ഹേഗിലെ യുഎൻ രാജ്യാന്തര കോടതിയിൽ (ഐസിജെ) പാക്കിസ്ഥാൻ നിഷേധിച്ചു.

ഡിസംബർ 20

കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാൻ ഭാര്യയ്ക്കും അമ്മയ്ക്കും ഡൽഹിയിലെ പാക്ക് ഹൈക്കമ്മിഷൻ വീസ അനുവദിച്ചു.

ഡിസംബർ 25

പാക്കിസ്ഥാനിലെത്തിയ അമ്മ അവന്തി ഭാര്യ ചേതൻകുലി പാക്ക് സമയം ഉച്ചയ്‌ക്കു 1.35ന് കുൽഭൂഷൺ ജാദവിനെ കാണ്ടു. പാക്ക് വിദേശകാര്യ മന്ത്രാലയത്തിനു സമീപം ഷിപ്പിങ് കണ്ടെയ്‌നറിൽ സജ്‌ജീകരിച്ച മുറിയിലായിരുന്നു കൂടിക്കാഴ്‌ച. സന്ദർശനത്തിനു മുൻപ് അമ്മയുടേയും ഭാര്യയുടേയും താലിയും വളകളും പൊട്ടും നീക്കം ചെയ്യിച്ചു. അമ്മ അവന്തിയെയും ഭാര്യ ചേതൻകുലിനെയും കൂടിക്കാഴ്‌ചയ്‌ക്കു മുൻപു വസ്ത്രം മാറ്റിച്ചു. ചേതൻകുലിന്റെ ഷൂസ് തിരികെ നൽകിയതുമില്ല. മാതൃഭാഷയായ മറാഠിയിൽ സംസാരിക്കാനോ സമ്മാനം കൈമാറാനോ അമ്മയെ അനുവദിച്ചില്ല. നേരത്തേ സ്‌ഥാപിച്ച ചില്ലുപാളിയുടെ ഒരു വശത്തു ജാദവും മറുവശത്ത് അമ്മയും ഭാര്യയും. നേരിട്ടല്ല, ഇന്റർകോം ഫോണിലൂടെ സംഭാഷണം.

ഡിസംബർ 26

കുൽഭൂഷൺ ജാദവിനെ സന്ദർശിച്ച അമ്മയ്ക്കും ഭാര്യയ്‌ക്കും സുരക്ഷയുടെ പേരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ശക്‌തമായി അപലപിച്ച് ഇന്ത്യ.

2018 ഒക്ടോബർ 3

കുൽഭൂഷൺ ജാദവിന്റെ (47) മോചനത്തിനായി ഇന്ത്യ നൽകിയ കേസിൽ ഹേഗിലെ യുഎൻ രാജ്യാന്തര കോടതി 2019 ഫെബ്രുവരി 18 മുതൽ 21 വരെ വാദം കേൾക്കും.

2019 ജനുവരി 23

കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയും പാക്കിസ്ഥാനും വാദങ്ങൾ ഫയൽ ചെയ്യേണ്ട സമയപരിധി രാജ്യാന്തര കോടതി നിശ്ചയിച്ചു. ഇന്ത്യ ഏപ്രിൽ 17നും പാക്കിസ്ഥാൻ ജൂലൈ 17നും വാദങ്ങൾ ഫയൽ ചെയ്യണം.

ഫെബ്രുവരി 16

കുൽഭൂഷൺ ജാദവ് കേസിൽ രാജ്യാന്തര കോടതിയുടെ വിധി എന്തായാലും അതു നടപ്പിൽ വരുത്തുന്നതിനു പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നു പാക്ക് ഉന്നതോദ്യോഗസ്ഥൻ.

ഫെബ്രുവരി 18

കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിൽ രാജ്യാന്തര കോടതി വാദം ആരംഭിച്ചു.

ജൂലൈ 17

കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് രാജ്യാന്തര കോടതിയുടെ വിധി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com