ADVERTISEMENT

മുംബൈ∙ കനത്ത മഴയെ തുടർന്നു വെള്ളക്കെട്ടിൽ കുടുങ്ങിയ മുംബൈ– കോലാപൂർ മഹാലക്ഷ്മി എക്സ്പ്രസിൽനിന്ന് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയതായി റെയില്‍വേ. ട്രെയിനിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി മധ്യമേഖലാ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ സുനിൽ ഉദാസി വ്യക്തമാക്കി.

മഹാലക്ഷ്മി എക്സ്പ്രസിലെ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി കല്യാൺ മുതൽ കോലാപൂർ വരെ 19 കോച്ചുകളുള്ള സ്പെഷൽ ട്രെയിൻ ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചു. വടക്കന്‍ കൊങ്കണ്‍ മേഖലയിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. മുംബൈ റെയിൽവേ ഡിവിഷനിലെ 9 ട്രെയിനുകൾ വഴി മാറ്റി. രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും 3 എണ്ണം ദൂരം വെട്ടിച്ചുരുക്കുകയും ചെയ്തു.

mumbai-floods-2

രണ്ടു സൈനിക ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ ആറു ബോട്ടുകളും ഉപയോഗിച്ചാണു യാത്രക്കാരെ രക്ഷിച്ചത്. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് സര്‍വീസ് തുടരാന്‍ കഴിയാതെ മുംബൈ-കോലാപുര്‍ മഹാലക്ഷ്മി എക്‌സ്പ്രസ് കുടുങ്ങിയത്. ട്രെയിനിനു ചുറ്റും ആറടിയോളം വെള്ളക്കെട്ടാണു രൂപപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന യാത്രികര്‍ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നിരവധി മണിക്കൂറുകളായി വെള്ളമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയിലാണെന്നു യാത്രികര്‍ പറഞ്ഞു. 

സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് രണ്ടു സൈനിക ഹെലികോപ്റ്ററുകളും ആറു ബോട്ടുകളും അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ഏക്‌നാഥ് ഗെയ്ക്‌വാദ് അറിയിച്ചു. റബര്‍ ബോട്ടുകളുമായി ദുരന്ത നിവാരണ സേനയുടെ ആറു സംഘങ്ങളാണു സംഭവ സ്ഥലത്തെത്തിയത്. കനത്ത മഴയില്‍ നദികള്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ബാദല്‍പുര്‍, ഉല്‍ഹാസ്‌നഗര്‍, വാന്‍ഗായ് തുടങ്ങിയ മേഖലകള്‍ വെള്ളത്തിലായി. കനത്ത മഴ റോഡ്-റയിൽ-വ്യോമ ഗതാഗത സംവിധാനങ്ങളെ രൂക്ഷമായി ബാധിച്ചു. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു. റൺവേയിലെ കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് 17 രാജ്യാന്തര വിമാനങ്ങൾ ഉൾപ്പടെ ഒട്ടേറെ സർവീസുകൾ വൈകി.

mumbai-floods
മുംബൈയിൽ നേവിസംഘത്തിന്റെ രക്ഷാപ്രവർത്തനം

നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സർവീസുകൾ പലതും പാതിവഴിയിൽ നിർത്തലാക്കി. സെൻട്രൽ ലൈനിൽപ്പെട്ട ബദലാപുർ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ വെള്ളം കയറി. ഖഖറിൽ രണ്ടുനില കെട്ടിടത്തിന്റെ മതിൽഇടിഞ്ഞുവീണെങ്കിലും ആളപായമില്ല. ജനങ്ങൾ വെള്ളക്കെട്ടുകളിൽ ഇറങ്ങരുതെന്നും തീരമേഖലയിൽനിന്ന് അകലം പാലിക്കണമെന്നും മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകി. മൺസൂണിനു പുറമേ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്കു കാരണം. കൊങ്കൺ ഉൾപ്പടെയുള്ള മഹാരാഷ്ട്രയിലെ മറ്റ് മേഖലകളിലും മഴ തുടരുകയാണ്.

English Summary: Mumbai rains: Several trains cancelled and short terminated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com