ADVERTISEMENT

കൊച്ചി∙ വാണിയമ്പലത്ത് പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വെടിവച്ച മയക്കുമരുന്നു കേസ് പ്രതി ജോർജു കുട്ടി തൃപ്പൂണിത്തുറയിൽ പൊലീസുകാരനെ കുത്തിയ കേസിലെ പ്രതി. കാറിൽ ഹാഷിഷ് കടത്തിയതിന് പിടികൂടിയപ്പോഴായിരുന്നു ഹിൽപാലസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിനു(42)വിനെ ഇയാൾ കുത്തി പരുക്കേൽപിച്ചത്.

2017 നവംബർ 30നായിരുന്നു സംഭവം. കടുത്ത മൽപിടിത്തത്തിനൊടുവിലാണ് അന്ന് ഇയാൾ കീഴടങ്ങിയത്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷവും പലതവണ പിടിയിലാകുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്തുവച്ച് ലഹരി മരുന്നുമായി ഇയാൾ പിടിയിലായത്. 

Kochi Attack Case
ജോർജു കുട്ടി, സിവിൽ പൊലീസ് ഓഫിസർ ബിനു

ലഹരിമാഫിയയ്ക്കിടയിൽ ‘ജികെ’ എന്നു വിളിപ്പേരുള്ള ജോർജുകുട്ടി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോട്ടയം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഭവനഭേദനം, ഏറ്റുമാനൂർ സ്റ്റേഷനിൽ പിടിച്ചുപറി, തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിൽ കഞ്ചാവു കേസ്, എറണാകുളത്തു ഹഷീഷ് ഓയിൽ കേസ്,13.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചുപറി, കോട്ടയത്ത് കഞ്ചാവു കേസ് എന്നിവയെല്ലാം ഇയാളുടെ പേരിലുണ്ട്.

Kochi Attack Case
ജോർജു കുട്ടി

കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനു പ്രതിക്കു കോടതി വിലക്കുണ്ട്. തോക്കു കയ്യിൽ കരുതുന്ന രീതിയുണ്ടെന്നു നേരത്തെ തന്നെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് നാലു റൗണ്ട് വെടിവയ്പ് നടത്തിയപ്പോഴും പ്രതിരോധിക്കാൻ അന്വേഷണ സംഘത്തിനായതും കാര്യമായ പരുക്കില്ലാതെ രക്ഷപ്പെടാനായതും.

കോവളം ബൈപാസ് റോഡിൽ വച്ച് ജൂൺ‍ 22ാം തീയതിയായിരുന്നു 20 കോടിയിൽപ്പരം രൂപ വിലവരുന്ന ലഹരിമരുന്നു ശേഖരവുമായി ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എന്ന പ്രത്യേക സംഘത്തിന്റെ ആദ്യ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്.  20 കിലോ ഹഷീഷ് ഓയിൽ, 2.5 കി.ഗ്രാം കഞ്ചാവ്, കാൽ കിലോ ചരസ് എന്നിവയായിരുന്നു അന്ന് ഇയാളിൽ നിന്ന് കണ്ടെത്തിയത്.

കാറിന്റെ ഡിക്കി ഭാഗത്ത് സ്റ്റെപ്പിനി ടയർ സൂക്ഷിച്ച ഇടത്തിനു അടിയിലാണ് ആർക്കും കണ്ടെത്താനാകാത്ത വിധം ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. തുടർന്ന് തെളിവെടുപ്പിനായി നാലാം തീയതി ബെംഗളൂരുവിൽ എത്തിച്ചപ്പോൾ അവിടെവച്ചാണ് ഇയാൾ രക്ഷപെട്ടത്. 27ാം തീയതി പിടിയിലായ സഹായികളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാണിയമ്പലത്ത് തിരച്ചിൽ നടത്താൻ എക്സൈസ് സംഘം എത്തിയത്.  

സംസ്ഥാനത്തെ ലഹരി മരുന്നു കടത്തിന്റെ വലിയൊരു ഭാഗം ഇയാളിലൂടെയാണ് നടന്നിരുന്നത് എന്നാണ് എക്സൈസ് സംഘം കണ്ടെത്തിയിട്ടുള്ളത്. ലഹരിമരുന്നു കടത്തിന് ഇയാൾക്കു കീഴിൽ വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ കേസുകൾ കൂടിയതോടെ ഇയാൾ താവളം ബെംഗളുരുവിലേയ്ക്ക് മാറ്റിയിരുന്നു. ബെംഗളുരുവിൽ നിന്നു ഓപ്പറേഷൻ നടത്തുന്നതായിരുന്നു പ്രതിയുടെ ഇപ്പോഴത്തെ രീതി.

Kochi Attack Case

ബെംഗളുരുവിലെ ചേരിപ്രദേശങ്ങളായിരുന്നു പ്രധാനമായും ഇയാളുടെ ഒളിയിടം. ബെംഗളുരുവിൽ തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥരെ പരിക്കേൽപിച്ച് മുങ്ങിയ ഇയാളെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ കാരണവും അതായിരുന്നു. ഉദ്യോഗസ്ഥർക്ക് ജീവനു ഭീഷണി ഉണ്ടാകുമെന്ന കർണാടക പൊലീസിന്റെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു അന്ന് ഉദ്യോഗസ്ഥർ പിൻവാങ്ങിയത്. 

ആന്ധ്രയിലെ ലഹരി മരുന്ന് സംഘവുമായും മറ്റും ഇയാൾക്ക് ബന്ധമുണ്ട്. ഇവിടെ നിന്നുമാണ് വലിയ അളവിൽ ലഹരി ഇയാൾ വാങ്ങുന്നതും കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേയ്ക്കും കടത്തുന്നതും. എക്സൈസ് പിടിയിൽ നിന്നു രക്ഷപെട്ട ശേഷം ആന്ധ്രയിലേയ്ക്ക് ആയിരുന്നു ഇയാൾ ആദ്യം കടന്നത്.

ഇവിടെ നിന്നാണ് ഇയാൾ മലപ്പുറത്തെ ഭാര്യവീട്ടിലേക്ക് എത്തിയത്. സാധാരണ കേരളത്തിലേക്ക് മരുന്ന് എത്തിക്കുന്നത് തന്റെ കീഴിലുള്ളവരെ ഉപയോഗിച്ചായിരുന്നു. കഴിഞ്ഞ തവണ പിടിയിലായ സംഭവത്തിൽ വലിയ അളവ് ലഹരി ഉണ്ടായിരുന്നതിനാലാണ് സ്വയം കൊണ്ടുവന്നത് എന്നാണ് ഇയാൾ എക്സൈസിനോട് പറഞ്ഞത്. ക്വട്ടേഷൻ ഏർപ്പാടുകൾ പോലും മറ്റുള്ളവരെ വച്ചു ചെയ്യുന്ന രീതിയായിരുന്നു ജോർജുകുട്ടിയുടേത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com