ADVERTISEMENT

ലക്നൗ∙ ഉന്നാവ് പീഡനക്കേസ് പ്രതി എംഎൽഎ കുൽദീപ് സിങ് സെൻഗാറിനെ ബിജെപി സസ്പെൻഡ് ചെയ്തു. പ്രതിപക്ഷത്തിന്റെയടക്കം പ്രതിഷേധങ്ങൾക്കൊടുവിലാണ് ബിജെപിയുടെ നടപടി. അതിനിടെ, ഉന്നാവ് പെൺകുട്ടിക്കും കുടുംബത്തിനും ജയിലിലുള്ള ബിജെപി എംഎൽഎ കുൽദീപ് സിങ് സെനഗറിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചെന്ന് ആരോപണം. ജയിലിനുള്ളിൽനിന്നാണ് എംഎൽഎ ഭീഷണിപ്പെടുത്തിയത്. കുൽദീപിനെതിരെ പരാതി നൽ‍കാൻ പോയപ്പോള്‍ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. എഫ്ഐആറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

കുൽദീപ് ബിജെപിയുടെ എംഎൽഎയാണെന്നും അദ്ദേഹത്തിനെതിരെ പരാതി നൽകരുതെന്നും പൊലീസ് അവശ്യപ്പെട്ടെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. സംഭവത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കിൽ തങ്ങളുടെ ജോലി പോകുമെന്നു ഭയക്കുന്നതായും അവർ വ്യക്തമാക്കി. ജീവിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കുൽദീപ് ജയിലിൽനിന്ന് ഫോണിൽ ഭീഷണിപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയ്ക്കെതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ ഭീഷണി സന്ദേശങ്ങളാണ് കുടുബത്തിന് ലഭിച്ചത്. സുരക്ഷ ജോലിക്കായി നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചുപോലും എംഎൽഎയുടെ ഫോൺ കോളുകൾ ലഭിക്കാറുണ്ടായിരുന്നു. കേസുകൾ ഒത്തുതീർപ്പാക്കിയില്ലെങ്കിൽ കൊല്ലാൻ മടിക്കില്ലെന്നും കുൽദീപിന്റെ ആളുകൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

സർക്കാർ ഒന്നടങ്കടം എംഎൽഎയ്ക്കൊപ്പമാണെന്നും അവർ പറഞ്ഞിരുന്നുവെന്നും ബന്ധു പറയുന്നു. സെനഗറിന്റെ കൂട്ടാളിക്ക് കഴിഞ്ഞയിടെ കേസിൽ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ ഭീഷണി സന്ദേശങ്ങൾ വർധിച്ചു. പെൺകുട്ടിയോടും കുടുംബത്തോടും ഡൽഹിയിലേക്ക് മാറിത്താമസിക്കാനും ബന്ധു ആവശ്യപ്പെട്ടിരുന്നു.

നീതിക്കായി ഇനി എത്ര മരണം കാണേണ്ടി വരുമെന്ന് ഉന്നാവ് പീഡനക്കേസ് ഇരയുടെ ബന്ധുക്കള്‍ മനോരമ ന്യൂസിനോട് ചോദിച്ചു. ഉത്തര്‍പ്രദേശ് പൊലീസ് കേസ് അട്ടിമറിക്കും. പ്രതിയായ എംഎൽഎയ്ക്കുവേണ്ടി പൊലീസ് ഒത്തുകളിക്കുകയാണ്. കുല്‍ദീപ് സിങ് സെന്‍ഗാര്‍ എംഎല്‍എയെ ബിജെപി പുറത്താക്കാത്തത് എന്തുകൊണ്ടെന്നും ബന്ധുക്കള്‍ ചോദിക്കുന്നു.

UP Police
പെൺകുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്കു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്ന പൊലീസ്. ചിത്രം രാഹുൽ ആർ. പട്ടം

ബന്ധുവിനെ കാണുന്നതിനായി റായ്ബറേലിയിലെ ജില്ലാ ജയിലിലേക്കു പോകുന്നതിനിടെയാണ് പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നമ്പർ പ്ലേറ്റ് മറച്ച ട്രക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട കുൽദീപ് സിങ് സെൻഗാർ കഴിഞ്ഞ ഒരു വർഷമായി ജയിലിലാണ്.

പെൺകുട്ടിയെ ഡൽഹിയിലേക്ക് മാറ്റണം: സ്വാതി മലേവാൾ

Swati Malewal
ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലേവാൾ മാധ്യമങ്ങളോട് സംസാരിക്കുന്നു. ചിത്രം: രാഹുൽ ആർ. പട്ടം

ഉന്നാവ് പെൺകുട്ടിയെ ഡൽഹിയിലേക്ക് മാറ്റണമെന്ന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലേവാൾ. പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനിലയിൽ ആശങ്കയുണ്ട്. ലക്നൗവിലെ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് എന്തും സംഭവിക്കാമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ മനോരമ ന്യൂസിനോട് പറഞ്ഞു. അപകടം വിഷയം ഇന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉയർത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പിന്നിൽ ഗൂഢാലോചന

ഉത്തർപ്രദേശിൽ ഉന്നാവ് ലൈംഗികപീഡനക്കേസ് ഇരയും കുടുംബവും സഞ്ചരിച്ച കാറിൽ ലോറിയിടിച്ച അപകടത്തിനു പിന്നിൽ ഗൂഢാലോചന നടന്നുവെന്ന സംശയത്തിനു ശക്തിപകരുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. പെൺകുട്ടിയുടെ സുരക്ഷയ്ക്കു വീട്ടിൽ 7 പൊലീസുകാരെയും യാത്രയിൽ അകമ്പടിക്കു 3 പൊലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാൽ അപകടം നടക്കുമ്പോൾ ഒരാളും കൂടെയില്ലായിരുന്നു. കാറിൽ സ്ഥലമില്ലാത്തതിനാൽ പൊലീസുകാർ ഒപ്പം പോയില്ലെന്നാണു വിശദീകരണം.

ഇതേസമയം, അംഗരക്ഷകരായ പൊലീസുകാർ തന്നെയാണ് യാത്രാവിവരം, പീഡനക്കേസ് പ്രതിയായി ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർക്കു ചോർത്തിനൽകിയതെന്ന് അപകടക്കേസിന്റെ എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. അപകടക്കേസിൽ സെൻഗാർ ഉൾപ്പെടെ 10 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. ലോറിയുടെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റടിച്ചു മറച്ചിരുന്നെങ്കിലും യുപി 71 എടി 8300 ആണെന്നു കണ്ടെത്തി.

രാജ്യം ശ്രദ്ധിച്ച കേസ്

ഉത്തർപ്രദേശിലെ മാഖി ഗ്രാമത്തിലുള്ള എംഎൽഎയുടെ വസതിയിൽവച്ച് 2017 ജൂൺ നാലിന് കുൽദീപ് സിങ് സെൻഗർ പീഡിപ്പിച്ചെന്നാണു യുവതി പരാതിപ്പെട്ടത്. ഭയം കാരണം സംഭവം പുറത്തുപറഞ്ഞില്ല. വീണ്ടും ജൂൺ 11നു മൂന്നുപേർ ചേർന്നു തട്ടിക്കൊണ്ടുപോയി 19 വരെ വാഹനത്തിനുള്ളിൽ പീഡിപ്പിച്ചെന്നും മജിസ്ട്രേട്ടിനു മുന്നിൽ യുവതി മൊഴി നൽകിയിരുന്നു.

ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് ശശി സിങ് എന്ന സ്ത്രീയാണു യുവതിയെ എംഎൽഎയുടെ വീട്ടിലെത്തിച്ചത്. എംഎൽഎ പീഡിപ്പിക്കുമ്പോൾ കാവൽ നിന്നതു ശശി സിങ്ങാണെന്നും മൊഴിയിൽ പറയുന്നു. യുവതിയുടെ പിതാവിനെ മർദിച്ചെന്ന കേസിൽ എംഎൽഎയുടെ സഹോദരൻ അതുൽ സിങ് സെൻഗറും പീഡനക്കേസിൽ ശശി സിങ്ങിന്റെ മകനും പ്രതികളാണ്.

പ്രതികളെ രക്ഷിക്കാൻ ലോക്കൽ പൊലീസ് ശ്രമിക്കുന്നെന്ന ആരോപണം രാഷ്ട്രീയ വിവാദമായി മാറിയതിനെ തുടർന്നാണ് കേസ് സിബിഐയ്ക്കു കൈമാറിയത്. കേസിൽ അറസ്റ്റിലായ സെൻഗർ നിലവിൽ ജയിലിലാണ്. ഇതിനിടെ, കഴിഞ്ഞ വർഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ പെണ്‍കുട്ടിയും മാതാവും ആത്മഹത്യക്കു ശ്രമിച്ചിരുന്നു. പീഡനപരാതിയിൽ നീതി ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ശ്രമം.

English Summary: Settle With BJP Lawmaker, Cops Allegedly Told Unnao Rape Survivor's Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com