ADVERTISEMENT

കേരളത്തിനോട് എന്നും അദ്ഭുതാദരമായിരുന്നു സുഷമയ്ക്ക്. വിദേശത്തു മരണം മുന്നിൽക്കണ്ട നിരവധി മലയാളി നഴ്‍സുമാർക്കു ജീവിതത്തിലേക്കുള്ള രക്ഷാകരം നീട്ടിയാണു സുഷമ ആ സ്നേഹം തിരിച്ചുനൽകിയത്. ട്വിറ്ററിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും ഏതു പാതിരാത്രിയിലും ഉടനടി പ്രതികരിക്കുകയും കർമനിരതയാവുകയും ചെയ്യുന്ന അപൂർവം നേതാക്കളിലൊരാളാണു സുഷമ. അവരുടെ സ്നേഹവായ്പിന് കേരളത്തിൽനിന്നുള്ള ഉദാഹരണമാണു ലിബിയയിൽനിന്ന് തിരിച്ചെത്തിയ നഴ്‍സുമാർ.

സുഷമ ആദ്യമായി കേരളത്തിൽ എത്തിയത് 1977-78 കാലത്തു ഹരിയാന മന്ത്രിയായിരിക്കെയാണ്. അന്നു സുപ്രീം കോടതി ജഡ്‌ജിയായിരുന്ന കൃഷ്‌ണയ്യർ ക്ഷണിച്ചതനുസരിച്ചു ശാരദാ കൃഷ്‌ണയ്യർ സ്‌മാരക പ്രഭാഷണം നിർവഹിക്കാനാണു വന്നത്. മലയാളത്തിൽ മൂന്നു വാചകം പ്രസംഗിക്കാനും സുഷമ തയാറെടുത്തിരുന്നു- ‘സഹോദരീ സഹോദരന്മാരേ നമസ്‌കാരം. എനിക്കു മലയാളം അധികം അറിയില്ല. അതുകൊണ്ട് ഇംഗ്ലിഷിൽ സംസാരിക്കാം’. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ കേരളരക്ഷാ പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ 2011 ഫെബ്രുവരിയിലും അവരെത്തി.

കേരള സന്ദർശനത്തിൽ കശുമാങ്ങ കണ്ട് അമ്പരന്നുപോയെന്നായിരുന്നു അന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവായ സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചത്. വിത്തു പുറത്തുള്ള ഏക ഫലമാണ് കശുമാങ്ങയെന്നും കശുമാവ്, ഏലം തോട്ടങ്ങൾ ജീവിതത്തിൽ ആദ്യമായാണു കണ്ടതെന്നും സുഷമ പറഞ്ഞു. മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള കാർ യാത്ര അവിസ്‌മരണീയമായി. രാജ്യത്തെ മിക്ക നഗരങ്ങളും കണ്ടിട്ടുണ്ട്. ഏറ്റവും മനോഹരമായ സംസ്‌ഥാനം കേരളം തന്നെ. റോഡിന് ഇരുവശവും തെങ്ങുകൾ. കേരളത്തിന്റെ സൗന്ദര്യം കണ്ടു തന്നെയറിയണം.

Sushma-Swaraj-O-Rajagopal
ഒ.രാജഗോപാലിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കെത്തിയ സുഷമ സ്വരാജ്.

പത്മനാഭന്റെ നാടിനെ സ്‌നേഹിക്കാതിരിക്കാൻ എനിക്കു കഴിയുമോ? ശ്രീകൃഷ്‌ണന് ഏറ്റവും പ്രിയപ്പെട്ട നാടായിരിക്കും കേരളം. കൃഷ്‌ണനു പ്രിയങ്കരമായ താമരയും പഴവും നാളികേരവും കേരളത്തിലുണ്ട്. കേരളത്തിലെ ബീഡി തെറുപ്പു കാഴ്‌ചയും വിസ്‌മയിപ്പിച്ചു. ഇരുപതോളം ബീഡി തെറുപ്പുകാർക്കു പത്രം വായിച്ചു കൊടുക്കാൻ ഒരാളെ വച്ചിട്ടുണ്ട്. ഹരിയാനയിലെ രാഷ്‌ട്രീയംവരെ അവർക്കറിയാം– സുഷമ കുറിച്ചു. ആ സമയത്തു സ്‌കൂൾ വാൻ ദുരന്തത്തിൽ മരിച്ച കുട്ടികളുടെ വീടു സന്ദർശിച്ചതു ഹൃദയഭേദകമായി. സ്‌കൂൾ ബസ് ചട്ടങ്ങൾ പാലിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. സ്‌കൂൾ ബസ് സുരക്ഷയ്‌ക്ക് ദേശീയ ബോധവൽക്കരണം വേണം. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.

ഓപ്പറേഷൻ ലിബിയ

2016ൽ ലിബിയയിൽ നിന്നു മലയാളികളെ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചത് ആരെന്നതിനെച്ചൊല്ലി കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കമുണ്ടായി. ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്നു സഹായമൊന്നും ലഭിച്ചില്ലെന്നു ലിബിയയിൽ നിന്നുവന്ന ആറു മലയാളി കുടുംബങ്ങൾ വെളിപ്പെടുത്തിയതോടെയാണു വിവാദം ആരംഭിച്ചത്. തിരിച്ചെത്തിയവരുടെ യാത്രച്ചെലവു സംസ്ഥാന സർ‍ക്കാർ വഹിക്കുമെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഗ്ദാനത്തിനെതിരെ ട്വിറ്ററിലൂടെ പ്രതികരിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും തർക്കത്തിൽ പങ്കുചേർന്നു. ആരാണ് ഇതുവരെ തിരിച്ചെത്തിയവർക്കു സഹായം നൽകിയതെന്നായിരുന്നു സുഷമയുടെ ചോദ്യം.

Sushma Swaraj, Atal Bihari Vajpayee
എ.ബി.വാജ്പേയിക്കൊപ്പം സുഷമ സ്വരാജ്.

തൃപ്പൂണിത്തുറയിൽ നടന്ന തിരഞ്ഞെടുപ്പു റാലിയിൽ, ലിബിയയിൽ കുടുങ്ങിയ നഴ്സുമാരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ എല്ലാ നടപടിയുമെടുത്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശ വാദമാണു വിഷയത്തെ രാഷ്ട്രീയവൽക്കരിച്ചത്. എന്നാൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എംബസി തിരിഞ്ഞു നോക്കിയില്ലെന്നു ലിബിയയിൽ നിന്നു തിരിച്ചെത്തിയ നഴ്സുമാരും കുടുംബാംഗങ്ങളും പറഞ്ഞു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്നു 40 കിലോമീറ്റർ അകലെ അൽ സാവിയ പട്ടണത്തിലെ സാവിയ ആശുപത്രിയിൽ ജോലിചെയ്തിരുന്ന നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് അവിടെ കുടുങ്ങിയത്.

ആശുപത്രിയിൽ ഉണ്ടായ ആക്രമണത്തിൽ കോട്ടയം വെളിയന്നൂർ സ്വദേശിനിയായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു. എംബസിയെ സമീപിച്ചിട്ടും വളരെ മോശം പ്രതികരണമാണ് ഉണ്ടായതെന്നും സ്വന്തം കയ്യിലെ പൈസയെടുത്താണു നാട്ടിലെത്തിയതെന്നും തിരിച്ചെത്തിയവർ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാത്രമാണു നേരിട്ടു വിളിച്ചതെന്നു സംഘാംഗമായ ജോസഫ് ചാക്കോ ചൂണ്ടിക്കാട്ടി. ഇവരുടെ മോശം അവസ്ഥ അറിഞ്ഞ സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും ഒരുക്കിയ അവസരങ്ങൾ പ്രയോജനപ്പെടുത്തിയില്ലല്ലോ എന്ന ചോദ്യമാണു കേന്ദ്രസർക്കാർ ഉന്നയിച്ചതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ലിബിയയിലുണ്ടായിരുന്ന മലയാളികളെ മടക്കിക്കൊണ്ടുവരുന്നതിൽ കേന്ദ്രസർക്കാർ അതിന്റെ ഉത്തരവാദിത്തം നിർവഹിച്ചെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മടങ്ങിവന്നവർക്ക് എക്‌സിറ്റ് വീസയും അവർ ജോലി ചെയ്‌തിരുന്ന ആശുപത്രിയിൽനിന്നുള്ള ശമ്പളവും ലഭിച്ചത് ഇന്ത്യൻ സ്‌ഥാനപതിയുടെ ഇടപെടൽ മൂലമാണ്. ലിബിയയിലെ സാഹചര്യം സുരക്ഷിതമല്ലാത്തതിനാൽ നാട്ടിലേക്കു മടങ്ങാൻ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ലിബിയയിൽ തങ്ങാൻ തീരുമാനിച്ചവർക്ക് സ്‌ഥാനപതി കാര്യാലയം എല്ലാ സഹായവും നൽകി. ആശുപത്രിയുമായും ആരോഗ്യ മന്ത്രാലയവുമായും കാര്യാലയം സമ്പർക്കത്തിലായിരുന്നു. കാര്യാലയത്തിലെ ഉദ്യോഗസ്ഥ മേധാവി ട്രിപ്പോളിയിൽ നേരിട്ടുചെന്ന് ചർച്ചകൾ നടത്തിയെന്നും വക്‌താവ് വിശദീകരിച്ചു. 

ബെൻസണും ബെൻസിക്കും സാന്ത്വനം

ആ കരവലയത്തിനുളളിൽ അവർ നിറഞ്ഞ ആഹ്ലാദത്തിലായിരുന്നു. നെറുകയിൽ സുഷമ സ്വരാജ് ചുംബിച്ചപ്പോൾ ബെൻസണും ബെൻസിയും മാതൃസ്‌നേഹത്തിന്റെ മാധുര്യം നുകർന്നു. മടിയിലിരുത്തി ലാളിച്ചും പുണർന്നും പാട്ടുപാടിച്ചും കൈപിടിച്ച് ഒപ്പംനടത്തിയും സുഷമ ആ ഏകാന്ത ബാല്യങ്ങളെ സ്‌നേഹത്തിന്റെ, സാന്ത്വനത്തിന്റെ അനുഭൂതിയിലാഴ്‌ത്തിയത് 2003 സെപ്റ്റംബറിൽ. അഞ്ചു വർഷത്തെ ഇവരുടെ ഭാരിച്ച ചികിൽസാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയാണ് സുഷമ മടങ്ങിയത്. എയ്‌ഡ്‌സ് ബാധയെത്തുടർന്നു സമൂഹം ഒറ്റപ്പെടുത്തിയ കൊല്ലം ആദിച്ചനല്ലൂർ സ്വദേശികളായ ബെൻസണും ബെൻസിയും കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് പ്രസ് ക്ലബ്ബിൽ എത്തിയത്.

Benson & Bency with Sushama Swaraj
ബെൻസണെയും ബെൻസിയെയും സുഷമ സ്വരാജ് ചേർത്തുപിടിച്ചപ്പോൾ.

ഇരുവരെയും കണ്ടപാടേ മന്ത്രി അവരെ മടിയിലിരുത്തി ‘‘ബെൻസൺ, ബെൻസി, സുഖമാണോ..’’, ‘എന്തുണ്ട് വിശേഷങ്ങൾ’’ തുടങ്ങിയ കുശലാന്വേഷണങ്ങൾ നടത്തി. ചുറ്റും ടിവി ക്യാമറക്കാരുടെയും പത്ര ഫൊട്ടോഗ്രഫർമാരുടേയും വൻപടയായിരുന്നു. കുട്ടികളുടെ മുത്തച്‌ഛൻ ഗീവർഗീസ് ജോണിനോട് സുഷമ ഹിന്ദിയിൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. കുട്ടികൾക്കു പ്രതിമാസം അയ്യായിരത്തിലേറെ രൂപ ചികിൽസാ ചെലവുണ്ടെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ഇവരുടെ അടുത്ത അഞ്ചു വർഷത്തെ മുഴുവൻ ചികിൽസാചെലവും ഏറ്റെടുക്കാൻ ഹിന്ദുസ്‌ഥാൻ ലാറ്റക്‌സ് ചെയർമാനോടും എംഡിയോടും അപ്പോൾതന്നെ മന്ത്രി നിർദേശിച്ചു. മാധ്യമപ്രവർത്തകരോട് ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്‌തു.

Sushma Swaraj
സുഷമ സ്വരാജ്.

English Summary: Kerala remembering Sushma Swaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com