ADVERTISEMENT

കൊച്ചി∙ വൈറ്റില മേല്‍പ്പാലം നിര്‍മാണത്തെ കൂടുതല്‍ വിവാദത്തിലാക്കി വീണ്ടും രേഖകള്‍. പരിശോധനാ ഫലങ്ങള്‍ ആവശ്യപ്പെട്ടിട്ടും കൈമാറാതെ ഒളിച്ചുകളിക്കുന്നുവെന്ന് ആരോപിച്ച് മരാമത്ത് വകുപ്പിലെ തന്നെ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നല്‍കിയ കത്തുകള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. മേല്‍പ്പാലം പണിയിലെ വീഴ്ചകളെ വെള്ളപൂശിക്കൊണ്ടുള്ള മന്ത്രി ജി.സുധാകരന്റെ വാദങ്ങള്‍ ഇതോടെ ദുര്‍ബലമായി. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പാലത്തില്‍ ഇന്ന് മദ്രാസ് ഐഐടിയുടെ പരിശോധന നടക്കും.

മരാമത്ത് മാനുവൽ പ്രകാരം ഏതു നിര്‍മാണത്തിന്റെയും നിലവാരം ഉറപ്പാക്കാന്‍ മൂന്നുഘട്ട പരിശോധനകള്‍ വേണം. ഇവയില്‍ രണ്ടെണ്ണം നടത്തിയപ്പോഴാണ് വൈറ്റില പാലത്തിന്റെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നത്. രണ്ടാം പരിശോധനയുടെ ഫലം തൃപ്തികരമായില്ല എന്ന ക്വാളിറ്റി കണ്‍ട്രോള്‍ ‍റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ റിപ്പോര്‍ട്ട് തയാറാക്കിയ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്താണ് സര്‍ക്കാര്‍ പ്രതികരിച്ചത്. എന്നാല്‍ ഈ സസ്പെന്‍ഷന് തൊട്ടുമുന്‍പ് ഇതേ ഉദ്യോഗസ്ഥ പാലം പണിയുടെ ചുമതലക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അയച്ച രണ്ട് കത്തുകളാണ് ഇപ്പോള്‍ നിര്‍ണായകമാകുന്നത്.

നേരത്തെ നടത്തിയ നിലവാര പരിശോധനകളുടെ വിവരങ്ങളാണ് ജില്ലാ വിജിലന്‍സ് ഓഫിസറെന്ന നിലയില്‍ ആദ്യ കത്തിലൂടെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിസര്‍ വി.കെ.ഷൈലാമോള്‍ ആവശ്യപ്പെട്ടത്. ഇതു കൈമാറാതെ വന്ന സാഹചര്യത്തില്‍ വീണ്ടും അയച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കൂടുതല്‍ ഗുരുതരമാണ്. പരിശോധനാ ഫലങ്ങള്‍ നല്‍കുന്നില്ലെന്ന് മാത്രമല്ല പലവട്ടം വിളിച്ചിട്ടും ഉദ്യോഗ‍സ്ഥര്‍ സൈറ്റില്‍ എത്തുന്നില്ല. ഫോണ്‍ എടുക്കില്ല, അന്വേഷിച്ച് എത്തിയാല്‍ ഓഫിസിലില്ല, നേരിട്ട് ചോദിച്ചാല്‍ ഫയല്‍ നല്‍കാന്‍ കഴിയില്ലെന്ന് മറുപടിയും. ഇങ്ങനെ മേല്‍പ്പാലത്തിന്റെ ചുമതലക്കാരായ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ ഒളിച്ചു കളിക്കുകയാണെന്നും പരിശോധനാ ഫലങ്ങള്‍ തിരുത്താനാണ് ഇതെന്ന് സംശയിക്കേണ്ടി വരുമെന്നും കത്തില്‍ പറയുന്നു.

ഉദ്യോഗസ്ഥ വീഴ്ചയും പാലത്തിന്റെ നിലവാര പ്രശ്നവും ഉന്നയിച്ച് കഴിഞ്ഞ മാസം 18ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്തായതോടെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ നിലച്ചമട്ടാണ്. പില്ലറുകളുടെയും ഗര്‍ഡറുകളുടെയും കോണ്‍ക്രീറ്റിങ്, അപ്രോച്ച് റോഡ് പണി അടക്കം പ്രധാന പണികളൊക്കെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് നടക്കുന്ന മദ്രാസ് ഐഐടി പരിശോധനകളുടെ ഫലംവരുന്നത് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. നിര്‍മാണം അനിശ്ചിതമായി നീളും.

ഉദ്യോഗസ്ഥ തലത്തിലെ ഏകോപനമില്ലായ്മയുടെയും അതുമൂലം മേല്‍പ്പാലം പണിയില്‍ ഉണ്ടാകുന്ന താളപ്പിഴകളുടെയും കൂടുതല്‍ തെളിവുകളാണ് ഇങ്ങനെ തുടരെ പുറത്തു വരുന്നത്. ക്രമക്കേട് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥയെ സസ്പെന്‍ഡ് ചെയ്തതുപോലെയുള്ള അവധാനതയില്ലാത്ത ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതെന്നും പറയാതെ വയ്യ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com