ADVERTISEMENT

ന്യൂഡൽഹി ∙ വിജയത്തിലേക്ക് എളുപ്പ വഴികൾ ഇല്ലെന്നും പടികൾ നടന്നു കയറുക തന്നെ വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പടികൾ കയറണമെങ്കിൽ നമ്മൾ‌ പൂർണ ശാരീരികക്ഷമതയുള്ളവരായിരിക്കണം. ശാരീരികക്ഷമതയുള്ളവരുടെ അതിര് ആകാശമായിരിക്കും. ശരീരം ആരോഗ്യമുള്ളതാണെങ്കിൽ മനസ്സും അങ്ങനെ തന്നെയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പച്ച ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രിമാരും, സ്കൂൾ വിദ്യാർഥികളും സെലിബ്രറ്റികളും ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.

ശാരീരികക്ഷമതയെ ജീവിതത്തിനുള്ള നമ്മുടെ മന്ത്രമാക്കി മാറ്റണം. ആഹാരക്രമത്തെക്കുറിച്ചും ശാരീരികക്ഷമതയെക്കുറിച്ചും സംസാരിക്കുന്നവർ ഭക്ഷണമേശയിൽ അതു പാലിക്കാറില്ല. സാങ്കേതികമായ വളർച്ച ഉദാസീനമായ ഒരു ജീവിതശൈലിക്കു വഴിവച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കുറച്ചു ദശാബ്ദങ്ങൾക്കു മുൻപു സാധാരണഗതിയിൽ ഒരാള്‍ എട്ടു മുതൽ പത്ത് കിലോമീറ്റർ വരെ ഒരു ദിവസം നടക്കുമായിരുന്നു. എന്നാൽ സാങ്കേതിക വളർച്ച കൈവരിച്ചതോടെ ഇതു കുറഞ്ഞു. ഇന്ന് ആ സാങ്കേതികവിദ്യ തന്നെ നമ്മൾ നടക്കുന്നതു കുറഞ്ഞെന്ന് ഓർമപ്പെടുത്തുന്നു.– നിറഞ്ഞ കയ്യടികൾക്കിടെ പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ 60 വയസ്സ് കഴിയുമ്പോഴായിരുന്നു ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. എന്നാൽ ഇപ്പോൾ 30ഉം 40ഉം വയസ്സാകുമ്പോൾ അങ്ങനെ സംഭവിക്കുന്നു. ജീവിതശൈലി രോഗങ്ങളും വൈകല്യങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ വരെ ആരോഗ്യകാര്യത്തിൽ വലിയ മാറ്റങ്ങളും വരുത്തും. ‘ഫിറ്റർ ഇന്ത്യ’ എന്ന പ്രതിജ്ഞയുമായി ‘സ്വച്ഛ് ഭാരത്’ ക്യാംപെയിൻ പോലെ ഫിറ്റ് ഇന്ത്യ മൂവ്മെന്റും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു.

English Summary: "No Elevator To Success, Have To Take Stairs": PM At Fit India Movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com