ADVERTISEMENT

ന്യൂഡൽഹി∙ കരുതല്‍ തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ശ്രീനഗറിലെത്തും. കേന്ദ്രസര്‍ക്കാരിന്‍റെ എതിര്‍പ്പ് തള്ളി സുപ്രീംകോടതിയാണ് യച്ചൂരിക്ക് തരിഗാമിയെ കാണാന്‍ ഉപാധികളോടെ അനുമതി നല്‍കിയത്. തരിഗാമിയുടെ ആരോഗ്യനിലയെക്കുറിച്ച് യച്ചൂരി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

യാത്രയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശമുണ്ട്. അതിനിടെ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് ലഡാക്കിലെത്തും. സൈനിക ഉദ്യോഗസ്ഥരുമായി സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തും. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി സംസ്ഥാന പുനസംഘടന നടത്തുകയും ചെയ്തതിന് ശേഷം ആദ്യമായാണ് രാജ്നാഥ് സിങ് ലഡാക്കിലെത്തുന്നത്. 

കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആകുന്നത് വരെ കുടുംബാംഗങ്ങൾ അല്ലാത്തവർ തരിഗാമിയെ കാണാൻ അനുവദിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയിൽ ‍നിലപാടെടുത്തുവെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. തരിഗാമി അടക്കമുള്ള സിപിഎം നേതാക്കളെ കാണാനായി ഈ മാസം ആദ്യം യച്ചൂരി ജമ്മു കശ്മീരിൽ എത്തിയെങ്കിലും സുരക്ഷാ സേന അദ്ദേഹത്തെ വിമാനത്താവളത്തില്‍ വച്ചു തന്നെ മടക്കി അയച്ചു. 

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടിരുന്നു. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയാണ് അഞ്ചംഗ ബെഞ്ചിന് വിട്ടത്. കശ്മീരിലെ മാധ്യമനിയന്ത്രണത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടിസ് അയച്ചു. ഏഴുദിവസത്തിനകം മറുപടി വേണമെന്ന് കോടതി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com