ADVERTISEMENT

കൊച്ചി∙ കൊല്ലം–കന്യാകുമാരി റൂട്ടിനു പകരം പുതിയ 12 കാർ മെമു കൊല്ലം– എറണാകുളം റൂട്ടിൽ ഓടിക്കാൻ ആലോചന. രാവിലെ 6.50നു പുറപ്പെടുന്ന 56307/308 കൊല്ലം– തിരുവനന്തപുരം പാസഞ്ചർ പുതിയ 12 കാർ മെമുവാക്കി കന്യാകുമാരിയിലേക്കു നീട്ടാനുളള തീരുമാനം റെയിൽവേ റദ്ദാക്കി. ഇതോടൊപ്പം കൊല്ലത്തു രാവിലെ 7.45ന് എത്തുന്ന പുനലൂർ–കന്യാകുമാരി പാസഞ്ചറിനെ പുനലൂർ–തിരുവനന്തപുരം പാസഞ്ചറാക്കി മാറ്റാനുളള നീക്കവും ഉപേക്ഷിച്ചു.

പുനലൂർ–കന്യാകുമാരി പാസഞ്ചർ നിലനിർത്തണമെന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ അഭ്യർഥന പ്രകാരമാണു പരിഷ്കാരം വേണ്ടെന്നു വച്ചത്. എന്നാൽ ഈ ട്രെയിനിൽ തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ കാര്യമായ യാത്രക്കാരില്ല. തിരുവനന്തപുരം വരെയാണു വൻ തിരക്ക് അനുഭവപ്പെടുന്നത്. 11 കോച്ചുകൾ മാത്രമുളള പുനലൂർ പാസഞ്ചറിന്റെ യാത്ര തിരുവനന്തപുരത്തു അവസാനിപ്പിച്ച് അറ്റകുറ്റപ്പണി തിരുവനന്തപുരത്തേക്കു മാറ്റുന്നതോടെ കോച്ചുകളുടെ എണ്ണം 15 ആയി കൂട്ടാൻ കഴിയുമായിരുന്നു. പുതിയ മെമു വേണ്ടെന്നു വച്ചതോടെ ഫലത്തിൽ പാസഞ്ചറിൽ കോച്ചുകൾ കൂട്ടാനുളള അവസരവും നഷ്ടമായെന്നു യാത്രക്കാർ പറയുന്നു. 

പുനലൂർ–കന്യാകുമാരി പാസഞ്ചർ മധുര ഡിവിഷനാണു ഇപ്പോൾ ഓടിക്കുന്നത്. തിരുനെൽവേലിയിലാണു ഇതിന്റെ അറ്റകുറ്റപ്പണി. കേരളത്തിലെ പാസഞ്ചറുകളിൽ 15 കോച്ചുകളുള്ളപ്പോൾ മധുര ഡിവിഷനിലെ പാസഞ്ചറുകളിൽ മിക്കതിലും എട്ടും പത്തും കോച്ചുകളാണുള്ളത്. പുനലൂർ പാസഞ്ചർ തിരുവനന്തപുരത്തു നിന്നാക്കിയാൽ വൈകിട്ടു കൃത്യസമയത്തു തിരുവനന്തപുരത്തു നിന്നു പുറപ്പെടാനും കഴിയുമായിരുന്നു.

ഇപ്പോൾ കന്യാകുമാരിയിൽ നിന്നു പുറപ്പെടുന്നതിനാൽ മിക്ക ദിവസവും ഈ ട്രെയിൻ സമയത്തു തിരുവനന്തപുരത്ത് എത്താറില്ല. വൈകിട്ടു തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട ദീർഘദൂര ട്രെയിനുകളെല്ലാം ഇതു മൂലം പതിവായി വൈകുന്നുണ്ട്. റെയിൽവേ ജനറൽ മാനേജരുമായുള്ള കൂടിക്കാഴ്ചയിൽ എല്ലാ റൂട്ടിലും പുതിയ 12 കാർ മെമു ഓടിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടതനുസരിച്ചാണു കൊല്ലം–കന്യാകുമാരി റൂട്ടിൽ മെമു ഓടിക്കാൻ റെയിൽവേ നടപടി സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com