ADVERTISEMENT

കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി. ഒ. സൂരജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ നാലാം പ്രതിയാണ് സൂരജ്. ഒന്നാം പ്രതി  സുമിത് ഗോയലിനും എം.‍ ടി തങ്കച്ചനു ഹൈക്കോടതി ജാമ്യം നൽകി. കേസന്വേഷണം പൂർത്തിയാകാറായെന്നും കേസിൽ കൂടുതലായി ചോദ്യം ചെയ്യേണ്ടതില്ലെന്നും ചൂണ്ടിക്കാണിച്ച് മൂവരുടെയും അഭിഭാഷകർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വിജിലൻസ് കസ്റ്റഡിയിൽ ആവശ്യത്തിന് സമയം ഇവരെ നൽകിയിരുന്നതിനാൽ കൂടുതൽ സമയം തടവിൽ വയ്ക്കേണ്ടതില്ലെന്നും അഭിഭാഷകർ വാദിച്ചു.

മൂവരുടെയും പാസ്പോർട് കോടതിയിൽ സമർപ്പിക്കണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകരുത് തുടങ്ങിയ ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേ സമയം പ്രതികള്‍ക്ക് ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിജിലൻസ് അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഓഗസ്റ്റ് 30നാണ് ടി.ഒ. സൂരജ്, നിർമാണ കമ്പനിയായ ആർഡിഎസ് പ്രോജക്ട്സ് എംഡി സുമിത് ഗോയൽ, ആര്‍ബിഡിസികെ മുന്‍ അഡീഷനല്‍ മാനേജർ എം.ടി.തങ്കച്ചൻ, കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.  മേൽപാലം നിർമാണത്തിലെ അഴിമതിയുടെ ആരംഭം സൂരജ് പൊതുമരാമത്തു സെക്രട്ടറിയായിരുന്ന കാലത്താണെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും. വിജിലൻസ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നു ഇവർ മൂവാറ്റുപുഴ സബ് ജയിലിലായിരുന്നു. ബെന്നി പോളിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 

പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു സൂരജ് ഉന്നയിച്ചത്. പാലത്തിന്റെ രൂപരേഖയിൽ വിദഗ്ധ സംഘം അപാകതകൾ കണ്ടെത്തിയിരുന്നു. ഈ രൂപരേഖ അംഗീകരിച്ചതു സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സമയത്താണ്. മേൽപാലത്തിന്റെ നിർമാണത്തിൽ സർക്കാരിന് അധികബാധ്യത ഇല്ലെന്നും നിർമാണക്കരാർ പ്രകാരം പാലത്തിന്റെ നിർമിതിയിലുണ്ടായ വീഴ്ചകൾ പരിഹരിക്കേണ്ട ഉത്തരവാദിത്തം പൂർണമായും കരാറുകാരനാണെന്നുമുള്ള നിലപാടാണ് സൂരജ് സ്വീകരിച്ചത്. ഇതിനിടെ പാലം അഴിമതിയില്‍ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനു പങ്കുണ്ടെന്ന് ടി. ഒ. സൂരജ് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. 

പാലം നിർമാണത്തിന്റെ കരാറുകാരൻ സുമിത് ഗോയലിന് 8.25 കോടി രൂപ മുൻകൂറായി കൈമാറിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണു വിജിലൻസിന്റെ ഇപ്പോഴത്തെ ഊന്നൽ. ഇതുമായി ബന്ധപ്പെട്ടു 147 രേഖകളാണു വിജിലൻസ് ശേഖരിച്ചിട്ടുള്ളത്. കരാറുകാരനെ തിരഞ്ഞെടുക്കൽ, കരാറുകാരന് 8.25 കോടി രൂപ മുൻകൂർ നൽകൽ, പാലം നിർമാണത്തിന്റെ ഗുണ നിലവാരത്തിൽ വരുത്തിയ വീട്ടുവീഴ്ചകൾ എന്നിങ്ങനെ മൂന്നു തലങ്ങളിൽ ഗൂഢാലോചനയും ക്രമക്കേടുകളും നടന്നതായി കോടതി നിരീക്ഷിച്ചിരുന്നു. മാനദണ്ഡങ്ങളും നിർദേശങ്ങളും ലംഘിച്ച്, കരാറുകളും രേഖകളും പരിശോധിക്കാതെയാണ് ആർഡിഎസ് പ്രോജ്ക്ട്സിനു കരാർ നൽകിയതെന്നായിരുന്നു വിജിലൻസ് വാദം.

ഇതു തെളിയിക്കുന്ന രേഖകളും വിജിലൻസ് കോടതിയിൽ ഹാജരാക്കി. കരാറുകാരനു മുൻകൂറായി 8.25 കോടി അനുവദിച്ചതിലും ഇതിന്റെ പലിശ നിശ്ചയിച്ചതിലും പണം തിരിച്ചു പിടിക്കുന്നതിന്റെ നിരക്കു സംബന്ധിച്ചുള്ള തീരുമാനങ്ങളിലും വ്യക്തമായ ക്രമക്കേടുകൾ ഉണ്ടെന്ന വിജിലൻസ് വാദം കോടതി അംഗീകരിച്ചു. നിർമാണത്തിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി.

English Summary : T.O. Sooraj gets bail in Palarivattom Corruption case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com