ADVERTISEMENT

കൊച്ചി∙ ഇന്ത്യൻ ഓഹരി വിപണിയിൽ ദീപാവലി ആഘോഷങ്ങൾ തുടരുകയാണ്. ദീപാവലിയിലെ മുഹൂർത്തവ്യാപാരത്തിൽ 43 പോയിന്റ് ഉയർച്ചയോടെ 11627 പോയിന്റിൽ അവസാനിച്ച നിഫ്റ്റിയും 192 പോയിന്റ്  ഉയർന്ന് 39250  പോയിന്റിൽ  അവസാനിച്ച  സെൻസെക്‌സും ആഗോള ആഭ്യന്തര ഘടകങ്ങളുടെ പിന്തുണയിൽ കുതിപ്പ് തുടരുകയാണ്. സെൻസെക്സ് 40000 കടന്ന് മുന്നേറിയെങ്കിലും നിഫ്റ്റിക്കു മുന്നിൽ 12000 പോയിന്റ് എന്ന  കടമ്പ ഇനിയും ബാക്കിയാണ്.

എന്നാൽ മികച്ച രണ്ടാംപാദഫലങ്ങളുടെയും രാജ്യന്തര  വിപണി മുന്നേറ്റങ്ങളുടെയും വ്യാപാരയുദ്ധം അവസാനിക്കുന്നത്തിന്റെയും ഡോളർ എണ്ണനിരക്കുകൾ ക്രമപ്പെട്ടിരിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ അടുത്ത വാരവും വിപണിക്ക് മുന്നേറ്റമാണ്  പ്രവചിക്കപ്പെട്ടിരിക്കുന്നത്. നിഫ്റ്റി 8000 പോയിന്റിലായിരുന്നപ്പോഴത്തെ വിലനിലവാരത്തിൽ നിൽക്കുന്ന സ്‌മോൾ, മീഡിയം ഓഹരികളിൽ  ചിലതെങ്കിലും ഇപ്പോൾ സാധ്യതകളാണ്. ഓഹരി വിപണിയിലെ കഴിഞ്ഞയാഴ്ചത്തെ പ്രകടനങ്ങളും പുതിയ ആഴ്ചയുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയൊ ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റ് അഭിലാഷ് പുറവൻ തുരുത്തിൽ.

ഏപ്രിൽ മാസത്തിനുശേഷം ആദ്യമായി ഒക്ടോബറിൽ വിദേശനിക്ഷേപകർ വാങ്ങലുകാരായതും വിപണിക്ക് ശുഭലക്ഷണമാണ്. ഒക്ടോബറിൽ 8595 കോടി രൂപയാണ് വിദേശ നിക്ഷേപകർ അധികമായി ഇന്ത്യൻ വിപണിയിലിറക്കിയത്. നവംബർ ഒന്നിന് 533 കോടി രൂപയുടെ പുതിയ നിക്ഷേപവും വിദേശികൾ നടത്തിയത് ശുഭലക്ഷണമാണ്. സർക്കാരിന്റെ നയം മാറ്റങ്ങൾക്കൊപ്പം ഇന്ത്യൻ കമ്പനികളുടെ ത്രസിപ്പിക്കുന്ന രണ്ടാം പാദ വിജയമാണ് വിദേശ നിക്ഷേപകരുടെ തിരിച്ചു വരവിനാധാരം.

ഉത്സവ വിപണി 

ഉത്സവകാല വിൽപന കൊഴുക്കുന്നത് വിപണിക്ക് പ്രതീക്ഷയാണ്. വാഹന വിപണിയിലാണ് അപ്രതീക്ഷിത ബുക്കിങ് കനക്കുന്നത്. ചില്ലറ വസ്‌ത്ര, ഉപഭോക്തൃ മേഖലകളിലാകെ ഉണർവ് വരുന്നത് വിപണിക്ക് പ്രതീക്ഷയാണ്. മാരുതി, ബാറ്റ, ടൈറ്റാൻ, ഐഷർ, ബജാജ് ഓട്ടോ, എച്ച്‍യുഎൽ, ഫ്യൂച്ചർ റീറ്റെയ്ൽ മുതലായ  ഓഹരികൾ കൂടുതൽ ലാഭമുണ്ടാക്കിയേക്കാം.

നികുതിയിളവ് 

ലോങ്ങ് ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ്, ഡിവിഡന്റ് ഡിസ്ട്രിബൂഷൻ ടാക്സ്, സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് എന്നീ നികുതികളിൽ കേന്ദ്രസർക്കാർ നികുതിയിളവുകൾ പ്രഖ്യാപിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി വിപണിയെ ചൂട് പിടിപ്പിച്ചേക്കാം.

യുഎസ് ഫെഡ് റേറ്റ്

വിപണിയുടെ  പ്രതീക്ഷ കാത്തുകൊണ്ട് യുഎസ് ഫെഡ് ഈ വർഷത്തെ മൂന്നാമത്തെ റേറ്റ് കട്ടും പ്രഖ്യാപിച്ചത് ആഗോളവിപണിക്ക് നേട്ടമായി. ഏഷ്യൻ സൂചികകൾ അരശതമാനത്തിലധികം നേട്ടമാണ് ഫെഡ് നിരക്കിളവിനെ തുടർന്നുണ്ടാക്കിയത്.  

പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ച് 1.50% ലേക്ക് കൊണ്ട് വന്ന നടപടി ഇനിയും തുടർന്നേക്കില്ല എന്നു തന്നെയാണ് ജെറോംപവൽ സൂചിപിച്ചത്. ഇതൊരു “മിഡ്‌സൈക്കിൾ അഡ്ജസ്റ്റ്മെന്റ്” മാത്രമാണ് എന്നാണ് ഫെഡ് ചെയർമാൻ പറഞ്ഞു വച്ചത്. അടുത്ത മീറ്റിങ്ങിൽ ഫെഡ് നിരക്ക് വർധിപ്പിച്ചേക്കാവുന്നതാണ്. 2015 മുതൽ 9 തവണയാണ് ഫെഡ് നിരക്കുകൾ ഉയർത്തപ്പെട്ടിട്ടുള്ളത്.

രാജ്യാന്തര  എണ്ണവില 

വെള്ളിയാഴ്ച അസാധാരണമായ ഒരു കുതിപ്പാണ് രാജ്യാന്തര വിപണിയിൽ ഉണ്ടായത്. അമേരിക്കൻ എണ്ണ ശേഖരത്തിലുണ്ടാവുന്ന കുറവിനൊപ്പം ചൈനയിൽ  നിന്നുള്ള അനുകൂലമായ വ്യവസായികോൽപാദന വളർച്ചാ വിവരങ്ങളും ക്രൂഡ് ഓയിൽ വിലവർധനവിന് കാരണമാണ്. കഴിഞ്ഞ ആഴ്ചമാത്രം 8 റിഗ്ഗുകളാണ് അമേരിക്കയിൽ വീണത്. അമേരിക്കയിലെ മൊത്തം ഗ്യാസ്, ഓയിൽ, റിഗ്ഗുകളുടെ ഇപ്പോഴത്തെ എണ്ണം  822  മാത്രമാണ് . കഴിഞ്ഞ  വർഷത്തിൽനിന്നും  245  എണ്ണതിന്റെ കുറവ്. ഇത് ഒപെകിന് വിലവർധനവിന് അനുകൂല അവസരം സൃഷ്ടിക്കുന്നുണ്ട് അടുത്ത ആഴ്ചയിലും റിഗ് കൗണ്ട് ഇടിവിന്റെ വാർത്തകൾ പ്രതീക്ഷിക്കാം. എണ്ണവില ബാരലിന് 64 ഡോളർ വരെ പോയേക്കാം, എന്നാലത് ഇന്ത്യൻ വിപണിക്ക് ഭീക്ഷണിയല്ല.

ഓഹരികളും സെക്ടറുകളും

∙ മികച്ച മുന്നേറ്റം തുടരുന്ന റിലയൻസ് ഇൻഡസ്ട്രീസിന് 1710 രൂപയാണ് സിഎൽഎസ്എ കാണുന്ന ലക്ഷ്യവില. എന്നാൽ എച്ച്എസ്ബിസി 1565  രൂപയിലൊതുക്കി റിലയൻസിലെ പ്രതീക്ഷ. ജിയോ ഇൻഫോകോം, മൈ ജിയോ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് മുതലായ ഡിജിറ്റൽ ഉപ കമ്പനികളെ റിലയൻസ് ഇൻഡസ്ട്രിസിനു കീഴിൽ പുതിയ സബ്‌സിഡിയറി കമ്പനിയായി രൂപീകരിക്കുന്നത് റിലയൻസിന് പുതിയ കുതിപ്പ് നൽകും. പുതിയ കമ്പനിയുടെ കടബാധ്യത കുറയ്ക്കുന്നതിനായി 1.8 ലക്ഷം കോടി രൂപ മാതൃകമ്പനി ഈ കമ്പനിയിൽ നിക്ഷേപിക്കുകയും ചെയ്യും. റിലയൻസ് റീട്ടെയിലും ഇതേ മാതൃകയിൽ പുതിയ ഉപകമ്പനിയായി അടുത്ത ഭാവിയിൽ തന്നെ മാറിയേക്കാം.

∙ എസ്ബിഐ മികച്ച രണ്ടാം പാദഫലവുമായി കളം നിറഞ്ഞുനിന്നത് വിപണിക്ക് ആഘോഷമായി. ബാങ്കിന്റെ സ്‌ലിപ്പേജ് കുറഞ്ഞതും അസ്തിമൂല്യം കൂടിയതും ഓഹരിക്ക് രണ്ടാം പാദത്തിൽ ഗുണകരമായി. മുൻവർഷത്തിൽനിന്നു  218% വർധനവോടെ 3010 കോടി രൂപയുടെ അറ്റാദായം നേടിയ ബാങ്കിന്റെ ഓഹരികൾ ദീർഘകാല നേട്ടം കൈവരിക്കുമെന്നുറപ്പാണ്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾക്ക് അടുത്ത വർഷം വളരെ ഗുണകരമായിരിക്കുമെന്ന് വിപണി കരുതുന്നു. ഓഹരിക്ക് സിഎൽഎസ്എയുടെ ലക്ഷ്യവില 390 രൂപയാണ്. സിറ്റി ഓഹരിക്ക് 375  രൂപയും ലക്ഷ്യം കാണുന്നു.

∙ സ്വകാര്യ ബാങ്കുകൾക്കും  ഉയർന്ന വിപണി സാധ്യതയാണ് അടുത്ത വർഷത്തിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഉയർന്ന പണലഭ്യതയും പുത്തൻ കച്ചവട സാധ്യതകളും സ്വകാര്യ ബാങ്കുകളുടെ മുന്നേറ്റം കൂടുതൽ സുഗമമാക്കുമെന്നാണ് വിപണി പ്രതീക്ഷ. 

∙ ഐസിഐസിഐ ബാങ്ക് വളരെ മികച്ച രണ്ടാം പാദഫലമാണ് പുറത്തുവിട്ടത്. പൊതുവിപണിയുടെ ഭീഷണികളെ അനായാസമായി മറികടന്നതിനൊപ്പം നികുതി കഴിച്ചുള്ള ലാഭത്തിൽ മുൻ വർഷത്തിൽ നിന്നു  28% വർധനവോടെ 650 കോടി രൂപ നേടാൻ ബാങ്കിനായി. പലിശ വരുമാനത്തിൽ  25.6%വും വായ്പ വർധനവ് 12%വുമാണ്. ഐസിഐസിഐ ബാങ്കിന് സിഎൽഎസ്എ 580 രൂപയും മോർഗൻ സ്റ്റാൻലി 665 രൂപയും ലക്ഷ്യം കാണുന്നത് സ്വകാര്യ ബാങ്കിങ് മേഖലയ്ക്ക് മൊത്തത്തിൽ ഗുണകരമാണ്.

∙ ജൂബിലന്റ് ഫുഡ്‌സ് 18% വർധനവോടെ 250 കോടി രൂപ അറ്റാദായം നേടി. ഓഹരി ദീർഘ  കാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ സിമന്റ്, ഇൻഫ്രാ ഓഹരികൾ നിർബന്ധമായും പോർട്ടഫോളിയോകളിൽ  ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കുക. കേന്ദ്ര സർക്കാർ അടുത്ത അഞ്ചു കൊല്ലം കൊണ്ട് 1.4 ട്രില്യൺ ഡോളർ ഇൻഫ്രാ മേഖലയിൽ മുടക്കുന്നു എന്ന്  വീണ്ടും പ്രഖ്യാപിക്കുന്നത് എൽ & ടി, ദിലീപ് ബിൽഡ് കോൺ, സദ്ഭാവ് എൻജിനീയറിങ്, എസിസി, ഇന്ത്യ സിമന്റ്സ് മുതലായ ഓഹരികൾക്കും ഗുണകരമായിരിക്കും.

∙ സ്ട്രൈഡ്സ് മികച്ച രണ്ടാം പാദ ഫലമാണ് പുറത്തു വിട്ടത്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ ഇൻഡിഗോ വളരെ പ്രത്യേകം ശ്രദ്ധിക്കുക. കമ്പനി വലിയ കുതിപ്പിന്റെ പാതയിലാണ്. പഴയവയ്ക്ക് പകരമായി 300 വിമാനങ്ങൾക്കാണ് എയർ ബസിന്  ഓർഡർ നൽകാനൊരുങ്ങുന്നത്. സിറ്റി ഓഹരിക്ക് 1700 രൂപ ലക്ഷ്യം കാണുമ്പൊൾ യുബിഎസ് 2000 രൂപയാണ് ലക്ഷ്യമിടുന്നത്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

∙ മുൻ വർഷത്തിൽ നിന്നും 17 ശതമാനമാണ്  വിമാന ഇന്ധന വില കുറച്ചിരിക്കുന്നത്. കൂടാതെ വിമാന ഇന്ധനത്തിന് ജിഎസ്ടി നിരക്ക് ബാധകമാക്കിയേക്കാവുന്നത് സ്‌പൈസ് ജെറ്റിനൊപ്പം ഇൻഡിഗോക്കും വൻ കുതിപ്പേകും.

∙ ടാറ്റ കെമിക്കൽ 355 കോടി രൂപയുടെ അറ്റാദായം പ്രഖ്യാപിച്ചു. ഓഹരി നിക്ഷേപ യോഗ്യമാണ്. 

∙ കൊച്ചി ഷിപ്‍‍യാർഡിനു കൊച്ചി മെട്രോ കമ്പനിക്കായി 23  അത്യാധുനിക യാത്രാ ബോട്ടുകൾ നിർമിക്കുന്നതിനുള്ള 176 കോടി രൂപയുടെ കോൺട്രാക്ട് ലഭിച്ചത് ഓഹരിക്ക് ഗുണകരമാണ്.

∙ ഭാരതി എയർറ്റെലിന് സിഎൽഎസ്എ 415  രൂപയാണ് ലക്‌ഷ്യം കാണുന്നത്.

∙ രാംകോ സിമന്റ്സ് 10.8% ന്റെ വിൽപന വർധനവാണ് രണ്ടാം പാദത്തിൽ സ്വന്തമാക്കിയത്. 27.4  ദശലക്ഷം ടണ്ണിന്റെ  ഉല്പാദനവും 1282 കോടി രൂപയുടെ വിറ്റുവരവും കമ്പനി സ്വന്തമാക്കി. കമ്പനി മുൻ വർഷത്തിൽ നിന്നു 47.4% വർധനവോടെ 168 കോടി രൂപയുടെ അറ്റാദായം പ്രഖ്യാപിച്ചു. സിഎൽഎസ്എ 1050 രൂപയാണ് ഓഹരിക്ക് വില ലക്‌ഷ്യം കാണുന്നത്.

∙ ഗ്രാഫൈറ്റ് ഇന്ത്യ മുൻ വർഷത്തിൽ നിന്നും 83.4% കുറവോടെ 185  കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. ജെഫേരിസ് ഓഹരിക്ക് 400 രൂപയാണ് ലക്‌ഷ്യം കാണുന്നത്.

∙ ആസ്ട്ര പോളിക്ക് സിഎൽഎസ്എ 1305 രൂപയാണ് വിലയിട്ടിരിക്കുന്നത്. 

∙ എൻഎംഡിസിക്ക് സിറ്റി 125 രൂപ വില കാണുന്നുണ്ട്.

∙ ഐഒസി രണ്ടാം പാദത്തിൽ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. റിഫൈനിങ് മാർജിൻ കുറഞ്ഞതും ഇൻവെന്ററി നഷ്ടവും ഫോറെക്സ് നഷ്ടവും വർധിച്ചതും കമ്പനിക്ക് ദോഷകരമായി. ഓഹരി വിൽപനയുടെ ഈ കാലത്തു ഐഓസി ഒരു മികച്ച നിക്ഷേപ സാധ്യതയാണ്.

∙ മാരിക്കോ വിൽനയിൽ 0.3% കുറവാണ് കഴിഞ്ഞ പാദത്തിൽ വരുത്തിയത് എന്നിരുന്നാലും ലാഭത്തിൽ 17% വർധനവ് കമ്പനി റിപ്പോർട് ചെയ്യുന്നു. ഓഹരി ദീർഘകാല നിക്ഷേപയോഗ്യമാണ്.

∙ ടാറ്റ മോട്ടോഴ്‌സ് ചൈനയിലെ മികച്ച ജെഎൽആർ വില്പനയുടെ പിൻബലത്തിൽ ഭേദപ്പെട്ട രണ്ടാം പാദ ഫലപ്രഖ്യാപനം നടത്തിയത് വിപണിക്ക് ആഘോഷമായി. 4487 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിച്ചിരുന്ന കമ്പനി നഷ്ടം 217 കോടി രൂപയിലൊതുക്കി. ദീപാവലിക്ക് 17 % കയറ്റം നേടിയ ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.

വിപണി ഈയാഴ്ച 

എണ്ണവില വർധനവിനുള്ള സാധ്യതയൊഴിച്ചാൽ ഈ ആഴ്ചയും ഇന്ത്യൻ വിപണിക്ക് മുന്നേറ്റം മാത്രമേ പ്രവചിക്കാൻ കഴിയൂ. ആദ്യ ദിനം വ്യാപാരം ആരംഭിക്കുമ്പോഴെ ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. വിദേശനിക്ഷേപത്തിന്റെ  ഒഴുക്ക് നവംബറിലും തുടരുന്നത് വിപണിയെ പിടിച്ചു നിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രെക്സിറ്റ് ഡീലും അമേരിക്ക - ചൈന  വ്യാപാര ഉടമ്പടിയുടെ ആദ്യഘട്ടവും ധാരണയാവുന്നതോടെ രാജ്യാന്തര വിപണിയിലെ  ട്വീറ്റുകൾക്ക്  കനം കുറയുന്നതും നിക്ഷേപകന് ആശ്വാസമാണ്. വിപണി 2020ലേയ്ക്കടുക്കുന്നത് റെക്കോർഡ് നിലവാരത്തിലായിരിക്കും. സ്‌മോൾ, മീഡിയം  സെക്ടറുകളിലെ  അത്ഭുതങ്ങൾക്കും  സമയമായിത്തുടങ്ങി.

ഇമെയിൽ: abhipkurian@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com