ADVERTISEMENT

പാലക്കാട്∙ നിലവിലുള്ള ബിജെപി ജില്ലാപ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവരിൽ പകുതിപേരെയും മാറ്റാൻ സാധ്യത. മുതിർന്ന സംസ്ഥാന നേതാക്കളിൽ ചിലർക്ക് പരിവാർ സംഘടനകളുടെ ചുമതല നൽകാനാണ് നീക്കമെന്നാണ് സൂചന.

ലോക്‌സഭാ സമ്മേളനത്തിനു തൊട്ടുപിന്നാലെ സംസ്ഥാന പ്രസിഡന്റിനെയും മറ്റുഭാരവാഹികളെയും ജില്ലാ, നിയോജക മണ്ഡലം അധ്യക്ഷന്മാരെയും ദേശീയനേതൃത്വം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ജനുവരി ആദ്യം നടക്കുന്ന പാർട്ടി ദേശീയ കൗൺസിലി‍ൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്‌ഡ ദേശീയ അധ്യക്ഷനായി സ്ഥാനമേൽക്കും. ഇതിനു മുന്നോടിയായിട്ടാകും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭാരവാഹികളുടെ പ്രഖ്യാപനം.

കുറച്ചുവർഷമായി കേരളത്തിൽ ഭാരവാഹികളെ തീരുമാനിച്ചിരുന്ന ആർഎസ്എസ് ഇത്തവണ അതിനില്ലെന്ന നിലപാടിലാണ്. ഭാരവാഹികളെക്കുറിച്ചുള്ള അഭിപ്രായം രണ്ടുമാസം മുൻപ് എറണാകുളത്ത് എത്തിയ ദേശീയ സംഘടനാ ജനറൽസെക്രട്ടറിയെ നേതൃത്വം നേരിട്ട് അറിയിച്ചു. സംഘത്തിന്റെ പാർട്ടി മൈക്രോ മാനേജ്മെന്റ് പരാജയമെന്നാണ് വിമർശനം. ഹിന്ദുത്വ ആശയത്തിൽ ഉറച്ചുനിന്ന് രാഷ്ട്രീയ പാർട്ടി അതിന്റെ രീതിയിൽ പ്രവർത്തിക്കട്ടെ എന്നാണ് നിർദേശം.

ആർഎസ്എസ് കേരളഘടകത്തിന്റെ ഇടപടലുകളിൽ സംഘടനയുടെയും ബിജെപി കേന്ദ്രകമ്മിറ്റിയും പലപ്പോഴായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയെ അപ്രതീക്ഷിതമായി മിസോറം ഗവർണറായി നിയമിച്ചതോടെ പാർട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാനകമ്മിറ്റി സാങ്കേതികമായി ഇല്ലാതായി.

സംഘടനാതിരഞ്ഞെടുപ്പിനുള്ള കലണ്ടർ ഉപതിരഞ്ഞെടുപ്പോടെ താറുമാറായതിനാൽ ബൂത്ത്കമ്മിറ്റി നിയമനം ഒഴികെ നടപടി തുടരാൻ കഴിഞ്ഞില്ല. ബൂത്ത്തലത്തിൽ 50 % സമവായ കമ്മിറ്റികളും ബാക്കി കൺവീനർ കമ്മിറ്റികളുമാണ്. തിരുവനന്തപുരം ജില്ലാപ്രസിഡന്റ് സുരേഷ്, തൃശൂർ ജില്ലാപ്രസിഡന്റ് നാഗേഷ് എന്നിവരുൾപ്പെടെ പുകുതിയോളം ജില്ലകളിലെ പ്രസിഡന്റുമാർ രണ്ടുഘട്ടം പൂർത്തിയാക്കി. ഗ്രൂപ്പ് പ്രശ്നംകൂടി കണക്കിലെടുത്തുള്ള പ്രഖ്യാപനത്തിൽ 50 % ജില്ലാ പ്രസിഡന്റുമാർ പുതുമുഖങ്ങളാകും.

കേരളത്തിലെ സംസ്ഥാന പ്രസിഡന്റ് നിയമനം കുറച്ചുകാലമായി കേന്ദ്ര നേതൃത്വത്തിന് തലവേദനയായതിനാൽ കരുതലോടെയാകും ഇത്തവണത്തെ നീക്കം .സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ചിലരുടെ പേരുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ആർഎസ്എസിൽ നിന്നുള്ളവർ എത്താനുള്ള സാധ്യതയും ചർച്ചചെയ്യപ്പെടുന്നുണ്ട്.

കുമ്മനം വീണ്ടും സംസ്ഥാന അധ്യക്ഷനാകുമെന്ന പ്രചാരണം ഉണ്ടെങ്കിലും പാർട്ടി പുനഃസംഘടനയിൽ അദ്ദേഹത്തിന് ദേശീയ ഭാരവാഹിത്വം ലഭിക്കുമെന്നാണ് നേതാക്കളിൽ ഒരു വിഭാഗം പ്രതീക്ഷിക്കുന്നത്. വർഷങ്ങളായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും സംസ്ഥാന ഭാരവാഹിയായി തുടരുകയും ചെയ്യുന്ന സംസ്ഥാന നേതാക്കളിൽ പലരും ദേശീയ നേതൃത്വത്തിന്റെ നീക്കങ്ങളിൽ കണ്ണുനട്ടിരിപ്പാണ്.

English Summary: Kerala BJP Reorganization After Parliament Winter Session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com