ADVERTISEMENT

ന്യൂഡൽഹി ∙ ഭീകരർ കീഴടങ്ങുന്നതിനുള്ള പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായാണ് അവരോടൊപ്പം പോയതെന്നു ജമ്മു കശ്മീരിൽ ഭീകരർക്കൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ പിടിയിലായ ഡിവൈഎസ്‌പി ദവീന്ദർ സിങ്. ഹിസ്ബുൽ മുജാഹിദീൻ ജില്ലാ കമാൻഡർ നവീദ് ബാബു ഉൾപ്പെടെ രണ്ടു ഭീകരരെ ഷോപിയാൻ മേഖലയിൽനിന്നു കാറിൽ ഒപ്പം കൊണ്ടുപോയപ്പോഴാണ് കഴിഞ്ഞദിവസം ഡിവൈഎസ്പി ദവീന്ദർ സിങ് അറസ്റ്റിലായത്. ഇവർ കീഴടങ്ങാൻ സമ്മതിച്ചിരുന്നെന്നും ഭീകരരെ സംബന്ധിച്ച വിവരങ്ങൾ പൊലീസിനു കൈമാറുന്ന ഇർഫാൻ ഷാഫിയും തന്നോടൊപ്പമുണ്ടായിരുന്നെന്നും ചോദ്യം ചെയ്യലിൽ ദവീന്ദർ പൊലീസിനോടു പറഞ്ഞു.

എന്നാൽ ഭീകരർ കീഴടങ്ങുന്നതു സംബന്ധിച്ച സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലിൽ ഭീകരർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ദവീന്ദറിനു പണം നൽകി ജമ്മു കശ്മീരിൽ നിന്നു കടക്കാനായിരുന്നു അവരുടെ പദ്ധതി. 12 ലക്ഷം രൂപ നൽകിയാൽ ബനിഹാൽ തുരങ്കം കടത്തിവിടണമെന്നായിരുന്നു ദവീന്ദറുമായുള്ള ധാരണ. ഡിവൈഎസ്‌‌പി ഒപ്പമുള്ളപ്പോൾ വാഹനം പരിശോധിക്കാതെ വിടുമെന്ന തെറ്റിദ്ധരാണയിലാണ് ഇങ്ങനെ ചെയ്തതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ജമ്മു കശ്മീർ പൊലീസ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവരുടെ സംഘമാണ് ദവീന്ദറിനെ ചോദ്യം ചെയ്യുന്നത്.

ശ്രീനഗർ വിമാനത്താവളം ഡിവൈഎസ്പിയായ സിങ്ങിനെ തെക്കൻ കശ്മീരിലെ കുൽഗാമിലുള്ള മിർ ബാസാറിലെ പൊലീസ് ബാരിക്കേഡിൽവച്ചാണ് ശനിയാഴ്ച പിടികൂടിയത്. ഡിവൈഎസ്പി ഭീകരരെ സഹായിച്ചതു ഹീനമായ കുറ്റകൃത്യമാണെന്നും ഭീകരരെപ്പോലെ പരിഗണിച്ചു പ്രതിക്കെതിരെ നടപടി സ്വീകരിക്കുമെന്നും കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു.

നേരത്തേ, കുറഞ്ഞത് 5 തവണ എങ്കിലും ഇയാൾ ഭീകരരെ ബനിഹാൽ തുരങ്കം കടത്തിവിട്ടിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. താഴ്‌വരയിൽ ഭീകരരെ പൊലീസും സൈന്യം ചേർന്ന് വേട്ടയാടുമ്പോൾ ഇവരെ ജമ്മുവിലെത്തിക്കുകയായിരുന്നു ദവീന്ദർ സിങ്ങിന്റെ ചുമതലയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സിങ്ങിന്റെ വീട്ടിൽ താമസിച്ച ഭീകരർ ഇയാളുടെ സ്വകാര്യ വാഹനത്തിലാണ് കടന്നത്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി എന്തെങ്കിലും ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നോയെന്നും ഇക്കാര്യത്തെക്കുറിച്ച് സിങ്ങിനു വിവരമുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. 

ദവീന്ദർ സിങ് ഒട്ടേറെ ഭീകര വിരുദ്ധ ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. അറസ്റ്റ് വിവരം പുറത്തുവന്നതോടെ ഷോപിയാനിലെ രഹസ്യകേന്ദ്രത്തിൽനിന്നു ചില ഭീകരർ രക്ഷപ്പെട്ടതായും ഐജി പറഞ്ഞു. ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ അത്‌ലഫ് ആണ് കാറിലുണ്ടായിരുന്ന രണ്ടാമത്തെ ഭീകരൻ. കാറിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഡിവൈ എസ്പിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിലും ആയുധങ്ങൾ കണ്ടെത്തി.

English Summary: J&K Cop Caught Ferrying Terrorists Offered Help in Lieu of Rs 12 Lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com