ADVERTISEMENT

യുദ്ധഭീതി ഒഴിഞ്ഞതും ലോകം കാത്തിരുന്ന വ്യാപാര ഉടമ്പടി 15 ന് നടപ്പാകുന്നതും എണ്ണവില കുത്തനെ ഇടിഞ്ഞതും ആഴ്ചയുടെ അവസാനം വിദേശ നിക്ഷേപകർ വാങ്ങലുകാരായതും വിപണിക്കു നേട്ടമായി. വിപണിയുടെ നേട്ടം ലോക വിപണിക്കൊപ്പം ഈ വാരത്തിലും തുടരുമെന്നാണ് പ്രതീക്ഷ.

ബജറ്റ് പ്രതീക്ഷയിലാണ് ഇന്ത്യൻ വിപണി. മികച്ച മൂന്നാം പാദ ഫലപ്രഖ്യാപനങ്ങൾ വിപണിയെ വരും വാരങ്ങളിൽ സഹായിച്ചേക്കുമെന്ന പ്രതീക്ഷ പ്രകടമാണ്. ഇൻഫോസിസ് ലാഭത്തിലെ 23.7 % വർധന വിപണിക്ക് പ്രതീക്ഷയാണ്. ഓഹരി വിപണിയിലെ കഴിഞ്ഞയാഴ്ചത്തെ പ്രകടനങ്ങളും പുതിയ ആഴ്ചയുടെ പ്രതീക്ഷകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽട്ടന്റ് അഭിലാഷ് പുറവൻ തുരുത്തിൽ.

ഇന്ത്യയുടെ പർച്ചേസ്‌ മാനേജേഴ്‌സ് ഇൻഡക്സ് (പിഎംഐ)  ഏഴു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിൽക്കുന്നത് വ്യാവസായികോൽപാദനം ഉയരുന്നതിന്റെ ലക്ഷണമായി കണക്കാക്കാം. എന്നാൽ 2008 -2009 കാലത്തിന് ശേഷമുള്ള ഏറ്റവും മോശം ജിഡിപി വളർച്ചാനിരക്കായ 5 ശതമാനം മാത്രമാണ് നടപ്പു സാമ്പത്തിക വർഷം വിപണി പ്രതീക്ഷിക്കുന്നത്. ജിഡിപിയുടെ 3.3% ആയിരിക്കുമെന്ന് പ്രതീക്ഷിച്ച ബജറ്റ് കമ്മി 3.8 ശതമാനത്തിലേക്ക് വളരുന്നതും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയാണ്. ബജറ്റ് കമ്മി 4% ന്  താഴെ നിൽക്കുന്നത് പരിഹാരിക്കാവുന്നതാണെന്നു വിലയിരുത്തപ്പെടുന്നു.

പതിനഞ്ചു വർഷത്തെ ഏറ്റവും മോശം നിലയിലായ നിക്ഷേപ വളർച്ചാ നിരക്ക്  ഇന്ത്യൻ വിപണിയുടെ അടിത്തറ മോശമാക്കിയ സ്ഥിതിയാണ്. അമേരിക്കൻ, യൂറോപ്യൻ വിപണികളുടെ ചടുലതയും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയാണ്.

വ്യാപാര ഉടമ്പടി 

ജനുവരി പതിമൂന്നിന് തന്നെ ചൈനീസ് വൈസ് പ്രീമിയർ ലിയു ഹെയുടെ നേതൃത്വത്തിൽ ചൈന സർക്കാർ പ്രതിനിധി സംഘം വാഷിങ്‌ടണിലെത്തും. വ്യാപാര ഉടമ്പടിയുടെ ഫേസ് -1 ന്റെ പ്രിന്റ് പോലും റെഡിയാണെന്നും 15 ന് തന്നെ യുഎസ് - ചൈന വ്യാപാര ഉടമ്പടി ഒപ്പിടുമെന്നും ഇരു കേന്ദ്രങ്ങളും ഉറപ്പിച്ചു പറയുന്നു. അടുത്ത ആഴ്ച സ്വർണമൊഴികെ എല്ലാ കൗണ്ടറുകളും വ്യാപാര നേട്ടമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നു. അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ വിപണികൾക്കൊപ്പം ക്രൂഡ്ഓയിൽ വില ബാരലിന് 70 ഡോളർ നിലയിലേക്ക് തിരിച്ചു കയറിയേക്കും.

ഇൻഫോസിസ്

ഇന്ത്യൻ വിപണിയിലെ മൂന്നാം പാദ ഫലപ്രഖ്യാപനങ്ങൾക്ക് ആവേശത്തുടക്കമാണ് ഇൻഫോസിസ് നൽകിയത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നേടിയ 3,610 കോടിയുടെ അറ്റാദായത്തിൽ നിന്നു  23.7 ശതമാനവും കഴിഞ്ഞ പാദത്തിൽ നിന്നും 9 .6 ശതമാനവും വർധിച്ച് 4466 കോടി രൂപയുടെ ലാഭം കമ്പനി നേടി. അതേസമയം കമ്പനിയുടെ മൊത്ത വരുമാനം  മുൻവർഷത്തിൽ നിന്നു 7.9% മാത്രം വളർന്ന് 23,092 കോടി രൂപയുടേതായി. നടപ്പു വർഷത്തിലെ വരുമാനവളർച്ച ഒക്ടോബറിൽ പ്രഖ്യാപിച്ച 9-10 ശതമാനത്തിൽ നിന്നു 10-10.5 ശതമാനത്തിലേക്ക് ഉയർത്തിയതും ഓഹരിയെ വളരെ ആകർഷകമാക്കുന്നു. ഓഹരിക്ക് 850 രൂപ ലക്ഷ്യം കണ്ട് നിക്ഷേപിക്കാവുന്നതാണ്.

ഓഹരികളും സെക്ടറുകളും 

∙ പൊതു മേഖലാ ബാങ്കുകൾ ബജറ്റിൽ അനുകൂല പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. മികച്ച കിട്ടാക്കടം തിരിച്ചുപിടിക്കാനുളള ശ്രമങ്ങൾക്കൊപ്പം സർക്കാർ വക ബജറ്റ് സ്‌പെഷൽ മൂലധന നിക്ഷേപവും പൊതുമേഖലാ ബാങ്കുകൾ പ്രത്യാശിക്കുന്നു. എന്നാൽ അത്തരം പ്രഖ്യാപനങ്ങളുടെ അഭാവം ബാങ്കിങ് ഓഹരി വിലകളെ തകർക്കുമെന്ന ധാരണയും നിക്ഷേപകന് അത്യാവശ്യമാണ്. അത് അവസരമാണുതാനും.

∙ ബാങ്ക്  ഓഫ്  ബറോഡ ബോണ്ട്  നിക്ഷേപം  വഴി 2000  കോടി രൂപ  സമാഹരിക്കുന്നത്  ഓഹരിക്ക് ഗുണകരമാണ്. ഓഹരി ദീർഘകാല  നിക്ഷേപത്തിന്  പരിഗണിക്കാം. 

∙ എച്ച്ഡിഎഫ്സി 5000  കോടി രൂപയുടെയും ഫ്യൂച്ചർ റീട്ടെയിൽ ബിഗ് ബസാറിനായി 500 ദശലക്ഷം ഡോളറിന്റെയും ബോണ്ടുകളിറക്കുന്നു. ഇരു ഓഹരികളും ആകർഷകമാണ്.

∙ നവംബർ - ജനുവരി കാലഘട്ടത്തിലെ ഉത്സവ - വിവാഹ സീസണിൽ ടൈറ്റൻ മികച്ച ജ്വല്ലറി വിൽപന നേടിയത് ഓഹരിക്ക് ഗുണകരമാണ്. 11 ശതമാനത്തിലധികമാണ് വിൽപന വർധന. ഓഹരി ദീർഘകാല  നിക്ഷേപത്തിനായി പരിഗണിക്കാവുന്നതാണ്. 

∙ സിമന്റ് കമ്പനികളും നിർമാണ കമ്പനികളും പരിഗണിച്ചു തുടങ്ങേണ്ട സമയമാണിത്. അഞ്ചു കൊല്ലം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന 102 ലക്ഷം കോടി രൂപയുടെ നിർമാണ പ്രവർത്തിയിൽ അഞ്ചിൽ ഒരു ഭാഗമെങ്കിലും ഈ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് വിപണി കരുതുന്നു. 

∙ എൽ ആൻഡ് ടിക്ക് യുബിഎസ് 1600 രൂപയും എച്എസ്ബിസി 1790 രൂപയുമാണ് ലക്ഷ്യമുറപ്പിച്ചിരിക്കുന്നത്. എബിബിക്ക് എച്ച്എസ്ബിസി 1125 രൂപ ലക്ഷ്യം കാണുന്നു. 

∙ സദ്ഭാവ് എൻജിനീയറിങ് നിക്ഷേപത്തിനായി പരിഗണിക്കുക. കമ്പനിക്ക് ജനുവരി 31ന് 2205 കോടി രൂപ മൂല്യമുള്ള റോഡ് അസറ്റ് സെയിൽ ഫണ്ട്  ലഭ്യമാക്കുന്നതിനൊപ്പം  പുതിയ  കരാറുകളും  കമ്പനി  പ്രതീക്ഷിക്കുന്നു.

∙ ഇൻഡിഗോയ്ക്ക് ജനുവരി 29ലെ  ബോർഡ് മീറ്റിങ് സുപ്രധാനമാണ്. കമ്പനിയിലെ പ്രൊമോട്ടർ ഓഹരികൾ രാകേഷ് ഗാംഗ്‌വാളിന് വിൽക്കാൻ  സാധിച്ചേക്കാവുന്നത് ഓഹരിക്ക് ഗുണകരമാണ്. എണ്ണവില കുറയുന്നതും ഓഹരിയെ ആകർഷകമാക്കുന്നു.

∙ അദാനി പോർട്സ് കൃഷ്ണപട്ടണം തുറമുഖത്തിൽ 75% ഓഹരികൾ 13,600 കോടി രൂപയ്ക്ക് സ്വന്തമാക്കി. 2025 ൽ കമ്പനിയുടെ മൊത്തം കാർഗോ കപ്പാസിറ്റി 400 മെട്രിക് ടണ്ണായി ഉയർത്തുന്നതിൽ ഈ ഏറ്റെടുക്കലിന് നിർണായകസ്ഥാനമുണ്ടെന്ന് കമ്പനി കരുതുന്നു. ഓഹരി ദീർഘകാല നിക്ഷേപത്തിന് യോഗ്യമാണ്. ഓഹരിക്ക് സിഎൽഎസ്എ 485 രൂപയും ലക്‌ഷ്യം കാണുന്നു. മോർഗൻ സ്റ്റാൻലി 430 രൂപയും .

∙ ഡിക്സൺ ടെക് ശ്രദ്ധിക്കുക. സാംസങ്ങിനു വേണ്ടി ഇന്ത്യയിൽ എൽഇഡി ടിവി നിർമിക്കുന്നത് ഇരു കമ്പനികളും ചേർന്നായിരിക്കും. 

∙ മണപ്പുറം 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കുറഞ്ഞ ബോണ്ട് വില്പനയിലൂടെ  കരസ്ഥമാക്കി.

∙ ഐടിഐ മികച്ച മൂന്നാം പാദഫലം പുറത്തു വിട്ടു. കമ്പനി അറ്റാദായത്തിൽ 47% വർധന നേടി. ഓഹരി നിക്ഷേപത്തിനായി പരിഗണിക്കുക. 

∙ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ഓഹരി തിരികെ വാങ്ങാനൊരുങ്ങുകയാണ്.

∙ മാരുതി മാത്രമാണ് മോർഗൻ സ്റാൻലിയുടെ ടോപ് 20 ഓഹരികളുടെ കൂട്ടത്തിൽ വന്നിട്ടുള്ളൂ എന്നും  കാണണം. ഗോൾഡ്മാൻ സാക്‌സ് ഐഷർ  മോട്ടോഴ്സിന് 25300 രൂപ ലക്‌ഷ്യം കാണുന്നു.

∙ റിലയൻസ് 2 ബില്യൻ  ഡോളറിന്റെ  വിദേശ വായ്പകൾ ടെലികോം, പെട്രോളിയം മേഖലകളിലെ നിക്ഷേപത്തിനായി സമാഹരിക്കുന്നു. ഓഹരി ആകർഷകമാണ്. ബാങ്ക് ഓഫ് അമേരിക്ക ഓഹരിക്ക് 1700 രൂപ ഷോർട് ടേം ലക്‌ഷ്യം കാണുന്നു. ജനുവരി 17നാണ് കമ്പനിയുടെ മൂന്നാം പാദ ഫല പ്രഖ്യാപനം. ഓഹരി ശ്രദ്ധിക്കുക. 

∙ ആർബിഐ ബാങ്കിങ്, എൻബിഎഫ്സി മേഖലകളിൽ പരിഷ്കാരങ്ങൾക്കൊരുങ്ങുന്നത് ഇരു സെക്ടറുകൾക്കും ഗുണകരമാണ്. ഇൻഡസ് ഇൻഡ്  ബാങ്കിന് ബാങ്ക് ഓഫ് അമേരിക്ക 2000 രൂപയാണ് വിലയിട്ടിരിക്കുന്നത്. 

∙ ആക്സിസ് ബാങ്കിന് നോമുറ 1050 രൂപ ലക്ഷ്യമുറപ്പിച്ചിരിക്കുന്നു.

∙ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 7000 കോടി രൂപയ്ക്ക് മേലായിരിക്കുമെന്ന് കരുതുന്നു. ഓഹരി വളരെ ആകർഷകമാണ്. 

∙ എയർ ഇന്ത്യ, കണ്ടയ്നെർ കോർപറേഷൻ, ബിപിസിഎൽ എന്നിവയുടെ  ഓഹരി വിൽപന ഈ  മാസം പ്രഖ്യാപിച്ചേക്കാവുന്നത് വിപണിക്ക് ഗുണകരമാണ്. റിലയൻസും  ശ്രദ്ധിക്കുക. 

∙ വ്യാപാര ഉടമ്പടി  യാഥാർഥ്യാകുന്നതോടെ ചൈനയിൽ  വ്യാവസായികോന്മേഷം കൈവരുന്നതും ബജറ്റിൽ നിർമ്മാണ പ്രവർത്തന പ്രഖ്യാപനങ്ങൾ നടക്കുന്നതും സ്റ്റീൽ ഓഹരികൾക്കും മുന്നേറ്റ സാധ്യതയൊരുക്കുന്നു.

∙ പുതിയ ഖനന നിയമ പ്രകാരം എൻഎംഡിസിയുടെയും കാൾ ഇന്ത്യയുടേയും കുത്തക തകർന്നു. പുതിയ 40 കൽക്കരി പാടങ്ങൾ സ്വകാര്യ മേഖലയ്ക്കായി. കമ്പനികൾ ലേലത്തിലൂടെ സ്വന്തമാക്കാനാവും.

∙ 35,500 കോടി രൂപയുടെ നിയമാനുസൃത കുടിശിക അടച്ചുതീർക്കാനായി ഭാരതി എയർടെൽ ധനസമാഹരണം നടത്തിക്കഴിഞ്ഞത് ഓഹരിക്ക് ഗുണകരമാണ്. മോർഗൻ സ്റ്റാൻലി ഓഹരിക്ക് 530 രൂപയും ക്രെഡിറ്റ് സ്വിസ് 550 രൂപയും ലക്ഷ്യം കാണുന്നു.

∙ അശോക് ലെയ്‌ലാൻഡും എബിബിയും ഇലക്ട്രിക്ക് ബസുകൾക്കായി കൈകോർക്കുന്നത് ഇരു ഓഹരികൾക്കും  ഗുണകരമാണ്.

∙ ജർമനിയുടെ ഐഐപി ഡാറ്റ പ്രതീക്ഷകൾക്കപ്പുറം  വളർച്ച നേടിയത് ഓട്ടോ ആൻസിലറി ഓഹരികൾക്ക്  മെച്ചമാണെന്ന് കരുതുന്നു. ബോഷ്, ഭാരത്  ഫോർജ് എന്നിവ  പരിഗണിക്കാം. 

E–Mail: abhipkurian@gmail.com

English Summary: USA China trade contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com