ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ്19 സ്ഥിരീകരിക്കുന്നതിന് ശ്രീചിത്ര വികസിപ്പിച്ചെടുത്ത കാന്തിക സൂക്ഷ്മ കണികകള്‍ അടിസ്ഥാനമാക്കിയുള്ള ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റായ ‘അഗാപ്പെ ചിത്ര മാഗ്ന’ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡും ശ്രീചിത്രയും ചേര്‍ന്നാണ് കിറ്റ് ഉൽപ്പാദനത്തിനായി ഒരുക്കിയത്. ഉദ്ഘാടന ചടങ്ങ് വ്യാഴാഴ്ച ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തില്‍ നടക്കും. 

ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളില്‍ ഭൂരിഭാഗവും ഇപ്പോൾ ഇറക്കുമതി ചെയ്യുകയാണ്. 300 രൂപയാണ് കിറ്റിന്റെ വില. അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് 150 രൂപയ്ക്ക് വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതിമാസം 3 ലക്ഷം കിറ്റുകള്‍ ഉൽപ്പാദിപ്പിക്കാന്‍ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിന് കഴിയും. ഈ കിറ്റുകള്‍ വിപണിയില്‍ എത്തുന്നതോടെ ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റുകളുടെ ലഭ്യതക്കുറവ് പരിഹരിക്കപ്പെടും. കോവിഡ്19 പരിശോധനയുടെ ചെലവും കുറയും.

ബയോമെഡിക്കല്‍ വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. അനൂപ് കുമാര്‍ തെക്കുവീട്ടിലിന്റെ നേതൃത്വത്തിലാണ് ആര്‍എന്‍എ വേര്‍തിരിക്കല്‍ കിറ്റായ ചിത്ര മാഗ്ന വികസിപ്പിച്ചത്. ചിത്ര മാഗ്നയുടെ സാങ്കേതികവിദ്യ 2020 ഏപ്രിലില്‍ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സിന് കൈമാറിയിരുന്നു. അഗാപ്പെ ചിത്ര മാഗ്ന ആര്‍എന്‍എ ഐസൊലേഷന്‍ കിറ്റ് എന്ന പേരിലാണ് ഇത് വിപണിയിലെത്തുന്നത്. 

കോവിഡ് 19 ആര്‍എന്‍എ വേര്‍തിരിക്കുന്നതിനായി ഇത് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുകയും ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നതിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കി. കോവിഡ് 19 കണ്ടെത്തുന്നതിനുള്ള ആർടി ലാംപ്, ആർടി ക്യുപിസിആർ, ആർടി പിസിആർ പരിശോധനകള്‍ക്ക് വേണ്ടി ആര്‍എന്‍എ വേര്‍തിരിക്കുന്നതിനും മറ്റ് ഐസോതെര്‍മല്‍- പിസിആര്‍ അടിസ്ഥാന പരിശോധനകള്‍ക്കായും ഈ കിറ്റ് ഉപയോഗിക്കാം. 

നിതി ആയോഗ് അംഗവും ശ്രീചിത്രയുടെ പ്രസിഡന്റുമായ ഡോ. വി.കെ. സരസ്വത്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ എന്നിവര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുക്കും. അഗാപ്പെ ചിത്ര മാഗ്ന വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡോ. വി.കെ. സരസ്വത് നിര്‍വഹിക്കും. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് മാനേജിങ് ഡയറക്ടര്‍ തോമസ് ജോണ്‍ ആദ്യവില്‍പ്പന നടത്തും.

English summary: Sree Chitra RNA test kit 'Agape Chitra Magna'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com