ADVERTISEMENT

ന്യൂഡൽഹി ∙ മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. ഡൽഹി സൈനികാശുപത്രിയിൽ രാവിലെ 6.55ന് ആയിരുന്നു അന്ത്യം. വാജ്പേയ് മന്ത്രിസഭയിൽ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രി ആയിരുന്നു. അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്സഭാംഗവുമായി.‌ ജൂൺ 25നാണ് ജസ്വന്ത് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ അണുബാധ, വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ, തലയ്ക്കേറ്റ ക്ഷതം എന്നിവയ്ക്കായിരുന്നു ചികിൽസ.

ഹൃദയാഘാതം സംഭവിച്ചാണു മരണമെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജസ്‌ഥാനിലെ ബാർമർ ജില്ലയിൽ ജനിച്ച ജസ്വന്ത് സിങ് 1980ൽ ബിജെപി രൂപീകരിച്ചതു മുതൽ നേതൃനിരയിലുണ്ട്. എഴുപത്തൊന്നുകാരനായ അദ്ദേഹം നാൽപതു കഴിഞ്ഞാണു രാഷ്‌ട്രീയത്തിലിറങ്ങിയത്. ഒൻപതു വർഷം രാജ്യസഭാംഗമായിരുന്നതിനു ശേഷമാണ് 1989ൽ ലോക്‌സഭയിലെത്തിയത്. 1950–60 കാലഘട്ടത്തില്‍ സൈനികനായി സേവനം അനുഷ്ഠിച്ചിരുന്നു.

സൈനികനായും രാഷ്ട്രീയ നേതാവായും രാജ്യത്തെ സേവിച്ച് ജസ്വന്ത് സിങ്ങിന്റെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ജസ്വന്ത് സിങ് രാജ്യത്തെ ശ്രദ്ധാപൂർവം സേവിച്ചു. ആദ്യം സൈനികനായും പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും. അടല്‍ജിയുടെ സർക്കാരിൽ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുകയും ധനകാര്യം, പ്രതിരോധം, വിദേശകാര്യം തുടങ്ങിയവയിൽ ശക്തമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിതനാണ്’– മോദി ട്വിറ്ററിൽ കുറിച്ചു.

വാജ്‌പേയി സർക്കാരിലെ മൂന്നാമൻ

ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിൽ പങ്കാളിയല്ലായിരുന്നെങ്കിലും ജസ്വന്ത് സിങ്, വാജ്‌പേയി സർക്കാരിൽ അഡ്വാനിക്കു പിന്നിലായി മൂന്നാമനായിരുന്നു. വിദേശ നയതന്ത്രവും പ്രതിരോധ സുരക്ഷയുമായിരുന്നു ജസ്വന്തിന്റെ ഇഷ്‌ടമേഖലകൾ. കാർഗിൽ യുദ്ധം അതിർത്തിയിലുടനീളം പടരാതിരിക്കാനും പാർലമെന്റിനു നേർക്കുണ്ടായ ഭീകരാക്രമണം യുദ്ധത്തിൽ കലാശിക്കുന്നതു തടയാനും ജസ്വന്ത് നിർണായക പങ്കുവഹിച്ചു.

പാർലമെന്റ് ആക്രമണത്തിനു തിരിച്ചടിയായി സൈനികാക്രമണത്തിനായി കേന്ദ്രമന്ത്രിസഭയുടെ രാഷ്‌ട്രീയകാര്യ സമിതിയിൽ എൽ.കെ.അഡ്വാനിയും ജോർജ് ഫെർണാണ്ടസും വാദിച്ചപ്പോൾ സംയമനത്തിനായി വാജ്‌പേയിക്കൊപ്പം ജസ്വന്ത് ശക്‌തമായി നിലയുറപ്പിച്ചതു നിർണായകമായി.

പുസ്തക വിവാദത്തിൽ പാർട്ടിക്ക് പുറത്ത്

ജസ്വന്ത് എഴുതിയ ‘ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്യ്രം’ എന്ന പുസ്‌തകം വിവാദം ഇളക്കിവിട്ട പശ്‌ചാത്തലത്തിൽ 2009 ഓഗസ്‌റ്റ് 19ന് അദ്ദേഹത്തെ ബിജെപി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയിരുന്നു. ജസ്വന്തിന്റെ പുസ്‌തകത്തിൽ പാക്കിസ്‌ഥാൻ സ്‌ഥാപക നേതാവായ മുഹമ്മദ് അലി ജിന്നയെ പ്രകീർത്തിച്ചതും സർദാർ പട്ടേലിനെ വിമർശിച്ചതുമാണ് കടുത്ത നടപടിക്കു കാരണമായത്.

പാർലമെന്ററി ബോർഡ് അംഗമായിരുന്ന ജസ്വന്തിനെ കാരണം കാണിക്കൽ നോട്ടിസ് പോലും നൽകാതെയാണു പുറത്താക്കിയത്. പിന്നീട് 2010 ജൂണിൽ ഇദ്ദേഹത്തെ ബിജെപിയിൽ തിരിച്ചെടുത്തു.

അവഗണനയിൽ പ്രതിഷേധം

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളായ അഡ്വാനിക്കും മുരളീമനോഹർ ജോഷിക്കും സീറ്റ് നൽകിയിട്ടും വാജ്‌പേയി സർക്കാരിൽ മൂന്നാമനായിരുന്ന തനിക്കു സീറ്റ് നിഷേധിക്കപ്പെട്ടതു ജസ്വന്ത് സിങ്ങിനെ പ്രകോപിപ്പിച്ചു. വിമതനായി മൽസരിച്ചു പാർട്ടിയിൽനിന്നു പുറത്താകാൻ സാഹചര്യമൊരുങ്ങി.

ബിജെപി അധികാരത്തിലെത്തിയാൽ ഉന്നതസ്‌ഥാനമെന്ന നേതൃത്വത്തിന്റെ വാഗ്‌ദാനങ്ങളും ജസ്വന്തിനെ പിന്തിരിപ്പിച്ചില്ല. തുടർന്ന് രാജസ്‌ഥാനിലെ ബാർമേർ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു.

പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട ജസ്വന്തിനെ വീണ്ടും തിരി‍ച്ചെത്തിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കിടെ 2014 ഓഗസ്റ്റ് എട്ടിനാണ് ഇദ്ദേഹത്തെ വീട്ടിൽ വീണു ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്കേറ്റ ക്ഷതം അദ്ദേഹത്തെ കോമയിലേക്ക് തള്ളിയിടുകയായിരുന്നു.

English Summary : Former Union Minister Jaswant Singh Dies At 82

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com