ADVERTISEMENT

കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഒരു വിഷയത്തിനു ‘ഹാജർ’ ഇല്ലെന്നു രേഖപ്പെടുത്തി. പരീക്ഷാ ജോലിക്കെത്തിയ അധ്യാപകരുടെ അശ്രദ്ധ കാരണം വിദ്യാർഥിയുടെ തുടർപഠനം മുടങ്ങുമെന്ന് ആശങ്ക. മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് യാസിനാണ് എഴുതിയ ഇംഗ്ലിഷ് പരീക്ഷയ്ക്ക് ഫലം വന്നപ്പോൾ ‘ആബ്സന്റ്’ അടയാളപ്പെടുത്തിയിരിക്കുന്നത്.

പേരാമ്പ്രയിലെ ഹോട്ടൽ തൊഴിലാളി വാല്യക്കോട് കരിങ്ങാറ്റിക്കൽ മീത്തൽ റാസിഖ് പരീദിന്റെ മകനാണ് മുഹമ്മദ് യാസിൻ. മാർച്ച് 21ന് നടന്ന ഇംഗ്ലിഷ് പരീക്ഷയുടെ ദിവസം അധ്യാപകരുടെ അശ്രദ്ധ മൂലം ഏറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് യാസിൻ എത്തിയിട്ടില്ലെന്ന് അധ്യാപകർ 2 മണിയോടെ രക്ഷിതാവിനെ അറിയിച്ചു. രക്ഷിതാവ് സ്കൂളിലെത്തി പരീക്ഷ എഴുതുന്ന ക്ലാസും റജിസ്റ്റർ നമ്പറും കുട്ടിയുടെ ഫോട്ടോയും കാണിച്ചു. എന്നിട്ടും അധ്യാപകർ കുട്ടി എത്തിയിട്ടില്ല എന്ന മറുപടിയാണ് നൽകിയത്.

പൊതുപരീക്ഷ ആയതിനാൽ മറ്റൊരു സ്കൂളിലെ അധ്യാപകരാണ് പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. അതുകൊണ്ടു വിദ്യാർഥിയെ പരിചയമുള്ള അധ്യാപകർ സ്കൂളിലുണ്ടായിരുന്നില്ല. തുടർന്ന് അധ്യാപകരുടെ നിർദേശപ്രകാരം രക്ഷിതാവ് മേപ്പയൂർ പൊലീസിൽ പരാതി നൽകി. സ്കൂൾ പേരാമ്പ്ര സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ പരാതി നൽകാൻ നിർദേശിച്ചു. പരീക്ഷ കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്നും പൊലീസ് പറഞ്ഞു.

തുടർന്ന് രക്ഷിതാവ് സ്കൂളിൽ തിരിച്ചെത്തി. സ്കൂളിൽ കോവിഡ് നിയന്ത്രണ ജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതിനിടെ മേപ്പയ്യൂർ പൊലീസ് അറിയിപ്പു നൽകിയിരുന്നു. തുടർന്ന് രക്ഷിതാവ് സ്കൂളിൽ പൊലീസിനൊപ്പം പരീക്ഷ കഴിയുന്നതുവരെ കാത്തിരുന്നു. പരീക്ഷ കഴിഞ്ഞ് സ്കൂളിനു പുറത്തേക്ക് മൂന്നാമതായി കുട്ടി ഇറങ്ങിവന്നു. ഇതോടെ അധ്യാപകർ അങ്കലാപ്പിലായി.

പരീക്ഷാഫലം വരുമ്പോൾ പ്രശ്നമാവുമോ എന്ന് രക്ഷിതാവ് ചോദിച്ചെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് അധ്യാപകർ ഉറപ്പുനൽകിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ പരീക്ഷക്ക് കുട്ടി ഹാജരായില്ല എന്നാണ് രേഖപ്പെടുത്തിയത്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നറിയാതെ യാസിന്റെ അധ്യാപകർ ആശങ്കയിലാണ്. തന്റെ ഉത്തരക്കടലാസ് കണ്ടെത്തണമെന്നും പ്രശ്നം പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് യാസീൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

English Summary: One subject was recorded as absent in SSLC Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com