ADVERTISEMENT

തിരുവനന്തപുരം∙ പീഡനശ്രമം എതിർത്ത വിരോധത്തിൽ കടയ്ക്കാവൂർ സ്വദേശിയായ വീട്ടമ്മ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിനു സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്ഠനാണ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2016 ഡിസംബർ 9നാണ് സംഭവം. കൊല്ലപ്പെട്ട ശാരദ ഭർത്താവിന്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒൻപത് മണിക്കു പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡനത്തിനു ശ്രമിച്ചു. ശാരദ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തപ്പോൾ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്.

മൂന്നാം ദിവസം പ്രതിയെ പൊലീസ് പിടികൂടി. പ്രതിയുടെ വീട്ടിൽനിന്നും കിട്ടിയ വസ്‌ത്രങ്ങളിൽ കണ്ട മനുഷ്യരക്തം കൊല്ലപ്പെട്ട ശാരദയുടേതാണെന്ന് രാസപരിശോധനയിൽ തെളിഞ്ഞത് കേസിൽ നിർണായക വഴിത്തിരിവായി. വിചാരണ വേളയിൽ പ്രതിക്കു ജാമ്യം കൊടുക്കരുത് എന്ന നിലപാട് പ്രോസിക്യൂഷൻ സ്വീകരിച്ചു. പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി അനുവദിച്ചു. ഇതിനെതിരെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

ദൃക്‌സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും ശാസ്‌ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.

English Summary: Sarada Murder Case: Lifetime Imprisonment for Culprit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com