ADVERTISEMENT

കൊച്ചി∙ ആലുവയിൽ നിന്ന് നാലംഗ സംഘം ഞായറാഴ്ച രാവിലെ മൂന്നു പേരെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ദുരൂഹതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. കുറ്റവാളികൾ സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്തിനടുത്ത് കണിയാപുരത്തു വച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പത്തനംതിട്ട എആർ‍ ക്യാമ്പിലെ ഒരു എഎസ്ഐ ഗൾഫിൽ നിന്നെത്തിയ സുഹൃത്തിന്റെ ആവശ്യത്തിന് എടുത്തു നല്‍കിയതായിരുന്നു ഈ കാർ. സുഹൃത്തിൽനിന്ന് ഇത് കൊല്ലം സ്വദേശികളായ രണ്ടു പേരും അവിടെ നിന്ന് തൃശൂർ സ്വദേശികളും വാടകയ്ക്ക് എടുക്കുകയും അങ്ങനെ ഒട്ടേറെ തവണ കൈമാറിയ ശേഷമാണ് കാർ തട്ടിക്കൊണ്ടു പോയവരുടെ പക്കലെത്തിയത് എന്നുമാണ് പൊലീസിന്റെ നിഗമനം. പൊലീസ് പിന്തുടരുന്നുണ്ട് എന്നറിഞ്ഞതോടെ കാറിലുണ്ടായിരുന്നവർ കാർ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. കാറിൽ രക്തക്കറയുമുണ്ടായിരുന്നു. എന്നാൽ തട്ടിക്കൊണ്ടു പോകപ്പെട്ടവരും ഇവർക്കൊപ്പം രക്ഷപെട്ടു എന്നതിനാൽ പരസ്പരം അറിയുന്നവരായിരിക്കാം എന്ന നിഗമനമാണ് പൊലീസിനുള്ളത്. ഏതാനും ദിവസം മുമ്പും ആലുവയിൽ നിന്ന് ഒരാളെ തട്ടിക്കൊണ്ടു പോയിരിരുന്നു. ഇയാളെ പിന്നീട് കരുനാഗപ്പള്ളിയില്‍ വച്ച് കണ്ടെത്തി. തന്നെ തട്ടിക്കൊണ്ടു പോയി ഫോണും പഴ്സും പിടിച്ചുപറിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു എന്നായിരുന്നു ഇയാളുടെ നിലപാട്. പരാതി ഇല്ലാത്തതിനാൽ കേസും ഉണ്ടായില്ല. 

സ്വർണം, ലഹരിമരുന്ന്, കുഴൽപ്പണ ഇടപാട്, അത് തട്ടിയെടുക്കൽ ഇവയിലേക്കാണ് ഈ തട്ടിക്കൊണ്ടു പോകലുകളുടെയൊക്കെ പിന്നാമ്പുറത്തുള്ളത് എന്നാണ് പൊലീസ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ കുറ്റകൃത്യം നടന്നു കഴിഞ്ഞാലും കേസോ പരാതിക്കാരോ ഇല്ലാതെ സംഭവം മാഞ്ഞു പോവുകയും ചെയ്യുന്നു. െകാച്ചിയിലും പരിസരമേഖലകളിലും അടുത്ത കാലത്തായി ഗുണ്ടാ സംഘങ്ങള്‍ വീണ്ടും ശക്തമാവുകയും ലഹരിമരുന്ന് വില്‍പ്പനയും അതിനു സംരക്ഷണം നല്‍കൽ, കുഴല്‍പ്പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സജീവമാവുകയും ചെയ്യുന്നു എന്ന റിപ്പോർട്ടുകളുണ്ട്. പൊലീസും ഇതിനനുസരിച്ച് നടപടികള്‍‍ കടുപ്പിക്കുകയും ചെയ്യുന്നുണ്ട്. കൊച്ചിയിലെ ഓൾഡ് കത്രിക്കടവിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഭായ് നസീറിന്റെ പങ്കാളിത്തത്തോടെ നടത്തി എന്നു പറയപ്പെടുന്ന വേശ്യാലയവും ഇവിടെ നടന്നിരുന്ന ലഹരി മരുന്ന് ഉപയോഗവും അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. കേസിൽ നസീറിനെ പൊലീസ് ഒമ്പതാം പ്രതിയുമാക്കിയെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഇരുവൃക്കകളും തകർന്ന് ഡയാലിസിസ് നടത്തി ജീവിക്കുന്ന താൻ ഇത്തരം കുറ്റകൃത്യങ്ങളെല്ലാം അവസാനിപ്പിച്ചു എന്നായിരുന്നു അടുത്തു വരെ ഭായ് നസീർ പൊലീസിനോട് പറഞ്ഞിരുന്നത്. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് ഇന്ന് ഭായ് നസീർ ജീവിക്കുന്നത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. നസീറിന്റെ വൃക്ക ആരൊക്കെയോ കരുതിക്കൂട്ടി തകരാറിലാക്കിയതാണ് എന്ന വാദവും നിലവിലുണ്ട്. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചിയിലെ മറ്റൊരു ഗുണ്ടാ സംഘത്തിന് നേതൃത്വം നൽകുന്ന മരട് അനീഷിനെ, കൈക്ക് പരിക്കുപറ്റി എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2023 നവംബർ ആദ്യമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഴല്‍പ്പണം തട്ടിയെടുക്കൽ, വധശ്രമം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി കേരളത്തില്‍ മാത്രം 45ലേറെ കേസുകള്‍ അനീഷിന്റെ പേരിലുണ്ട്. ഇതിനിടെ ലഹരി മരുന്നുമായി അനീഷ് അടക്കമുള്ള സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു എങ്കിലും വൈകാതെ ജാമ്യം ലഭിച്ചു. ജീവിതത്തില്‍ ഇന്നുവരെ ലഹരി ഉപയോഗിക്കാത്ത ആളാണ് താനെന്നും കുടുക്കിയതാണെന്നും അനീഷ് പിന്നീട് വിവിധ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്ന് അറസ്റ്റിലായി വിയ്യൂര്‍ ജയിലിൽ കഴിയുമ്പോൾ നവംബർ ഒടുവിൽ അനീഷിനെതിരെ വധശ്രമം നടന്നിരുന്നു. കാപ്പ ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ് ഇപ്പോൾ. ഈ രണ്ടു സംഘങ്ങൾക്കും പുറമെ ചെറുതും വലുതുമായ ഒട്ടേറെ ഗുണ്ടാ സംഘങ്ങൾ കൊച്ചി മുതൽ ആലുവ വരെയുള്ള മേഖലയില്‍ പ്രവർത്തിക്കുന്നുണ്ട്. എങ്കിലും ഭായി നസീറിനെയും മരട് അനീഷിനെയും ബന്ധിപ്പിക്കുന്ന ഒരു തട്ടിക്കൊണ്ടു പോകലും കൊലപാതകവും കൊച്ചിയുടെ കുറ്റകൃത്യ ചരിത്രത്തിലുണ്ട്. അത് നടന്നതാകട്ടെ 12 വര്‍ഷം മുമ്പും.

Representative Image. Image Credit: coldsnowstorm/istockphoto.com
Representative Image. Image Credit: coldsnowstorm/istockphoto.com

∙ കൊച്ചിയെ നടുക്കിയ ഇംതിയാസ് ഖാന്റെ കൊലപാതകം

2012 ഡിസംബര്‍ 26ന് ചേർത്തലയിൽ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി, കൂടെയുള്ളവരെ പള്ളുരിത്തിയിൽ ഇറക്കി പച്ചാളത്തേക്കുള്ള വീട്ടിലേക്ക് വണ്ടി ഓടിക്കുകയായിരുന്നു കൊച്ചിയിലെ യുവവ്യവസായിയായ ഇംതിയാസ് ഖാൻ. വഴിക്ക് വച്ച് സാന്താക്ലോസ് മുഖംമൂടി ധരിച്ച ഏതാനും പേർ റോഡിൽ ക്രിസ്മസ് ആഘോഷിക്കുന്നു. ഇംതിയാസ് കാർ നിർത്തി. ക്രിസ്മസ് സമ്മാനം കൊടുക്കാൻ പഴ്സ് എടുത്ത് ഗ്ലാസ് തുറന്ന് കൈ പുറത്തേക്ക് ഇട്ടതും വലിയൊരു അടിയാണ് ഇംതിയാസ് ഖാന് കിട്ടുന്നത്. പെട്ടെന്ന് തന്നെ മുഖംമൂടിധാരി ഇംതിയാസ് ഖാനെ ചവിട്ടി സീറ്റുകൾക്കിയിലേക്ക് മാറ്റി. 

പിന്നാലെ സാന്തോക്ലോസിന്റെ മുഖംമൂടിയണിഞ്ഞ് ആറോളം ചെറുപ്പക്കാർ കൂടി കാറിനുള്ളിലേക്ക് കയറി. അവിടെ നിന്ന് ആ കാർ കണ്ടെയ്നർ റോഡ് വഴി കളമശേരിയിലേക്കും തിരിച്ച് വല്ലാർപാടം ഭാഗത്തേക്കുമൊക്കെ ഓടി. 

ഗൾഫ് രാജ്യങ്ങളിലും ബിസിനസ് ഉള്ളവരായിരുന്നു ഇംതിയാസിന്റെ കുടുംബം. തുടർന്നാണ് നാട്ടിലും റിയൽ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ബിസിനസുകൾ തുടങ്ങുന്നത്. ഇംതിയാസിന്റെ ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരനായിരുന്നു ഭായ് നസീർ. നാട്ടിൽ വ്യവസായം തുടങ്ങിയപ്പോൾ നസീറും ഇതിൽ പങ്കാളിയായി. ചുമട്ടു തൊഴിലാളിയായി തുടങ്ങി ഗുണ്ടാ നേതാവായി വളര്‍ന്ന നസീറിന്റെ അത്തരം പ്രവര്‍ത്തനങ്ങൾ ബിസിനസിലേക്ക് കൊണ്ടുവരരുത് എന്ന് തങ്ങൾ ആദ്യം തന്നെ നിബന്ധന വച്ചിരുന്നു എന്ന് കുടുംബം പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പൊലീസ് വൃത്തങ്ങൾ പറയുന്നത് നസീറിന്റെ ബിസിനസിന്റെ തലച്ചോർ ഇംതിയാസ് ആയിരുന്നു എന്നാണ്.

ഇംതിയാസ് ഖാന്റെ മരണവാർത്തയോടെയാണ് പിറ്റേന്ന് നേരം വെളുത്തത്. വളരെ ക്രൂരമായി കൊലപ്പെടുത്തിയ ഇംതിയാസ് ഖാന്റെ മൃതദേഹം സ്വന്തം വീടിന്റെ ഏതാനും മീറ്ററുകൾ അകലെ പാർക്ക് ചെയ്തിരുന്ന കാറിൽ കണ്ടെത്തി. തുടയിൽ മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയ അഞ്ചോളം കുത്തുകളായിരുന്നു ഉണ്ടായിരുന്നത്. വിവരം ശേഖരിക്കാൻ വേണ്ടി പരമാവധി പീഡിപ്പിക്കുക എന്നതായിരുന്നു സംഘം ചെയ്തിരുന്നത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തന്നെ തെളിവായിരുന്നു. ഈ വേദന സഹിക്ക വയ്യാതെ ഹൃദയാഘാതത്തെ തുടർന്ന് ചെറുപ്പക്കാരനായ ഇംതിയാസ് മരിക്കുകയായിരുന്നു. ഭായ് നസീറിന്റെ എതിരാളിയും മറ്റൊരു ഗുണ്ടാ നേതാവുമായ മരട് അനീഷും തമിഴ്നാട്ടുകാരായ നാലു േപരും ഉള്‍പ്പെടെ ഏഴു പേര്‍ വൈകാതെ പിടിയിലായി. എന്നാൽ ഇംതിയാസിന്റെ കാറിൽ നിന്ന് പൊലീസ് കണ്ടെത്തിയ മുടിയിഴകൾ മരട് അനീഷിന്റേതാണോ എന്നറിയാൻ പൊലീസ് ഡിഎൻഎ പരിശോധന നടത്തിയിരുന്നില്ല. മാത്രമല്ല, മരട് അനീഷും കൂട്ടരും പിടിയിലായതിനു ശേഷമാണ് മുടിയിഴകൾ അടക്കമുള്ള തെളിവുകൾ പൊലീസ് മുദ്ര വച്ച് സമര്‍പ്പിച്ചത് എന്നതുകൊണ്ടും പ്രോസിക്യൂഷൻ കോടതിയില്‍ ദയനീയമായി പരാജയപ്പെട്ടു. 2017ൽ മുഖ്യപ്രതിയായിരുന്ന മരട് അനീഷ് ഉൾപ്പെടെയുള്ളവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. 

സൗമ്യശീലനായ ഇംതിയാസ് ഖാനെ അതിക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. അതിനു പിന്നിൽ മരട് അനീഷും ഭായ് നസീറും തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് വൃത്തങ്ങളെല്ലാം സംശയിച്ചിരുന്നു. 2000ത്തിന്റെ തുടക്കത്തിൽ ചമ്പക്കര കേന്ദ്രമായ ഗുണ്ടാ സംഘത്തിന്റെ ഭാഗമായിരുന്നു നെട്ടൂർ സ്വദേശിയായ നസീർ. ഇവിടേക്ക് പിന്നീട് കടന്നുവന്ന ആളായിയിരുന്നു മരട് അനീഷ്. ചെറുപ്പവും തോക്ക് ഉപയോഗിക്കാൻ അറിയാം എന്നതും അനീഷിന്റെ വളർച്ച െപട്ടെന്നാക്കി. വൈകാതെ സംഘങ്ങൾ പലതായി പിരിഞ്ഞു. ഭായ് നസീറും മരട് അനീഷും കടുത്ത ശത്രുതയിലായി. 2002ൽ നസീറിനെ ആക്രമിച്ച കേസിൽ മരട് അനീഷ് വർഷങ്ങൾക്ക് ശേഷം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 

Photo Credit: Juleta Martirosyan/ istockphotos.com
Photo Credit: Juleta Martirosyan/ istockphotos.com

ഇംതിയാസ് കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് ഭായ് നസീർ പരോളിൽ ജയിലിൽ നിന്നിറങ്ങിയത്. പിന്നാലെ മറ്റൊരു സംഘം പഴയൊരു കണക്ക് തീർക്കാൻ ഭായ് നസീറിനെ അന്വേഷിച്ചു തുടങ്ങിയെന്ന് അക്കാലത്തെ റിപ്പോർട്ടുകള്‍ പറയുന്നു. ദിണ്ടിഗൽ‍ പൊലീസിന്റെ ‘ഏറ്റുമുട്ടലി’ൽ വരാപ്പുഴ സ്വദേശിയായ സിനോജ് ജോസഫ് തമിഴ്നാട്ടിൽ വച്ച് കൊല്ലപ്പെട്ടതായിരുന്നു ആ ‘പഴയ കണക്ക്’. 2012 മാർച്ചിലായിരുന്നു ഇത്. രാമനാഥപുരം ജില്ലയിലെ ഒരു പഞ്ചായത്ത് യൂണിയൻ കൗൺസിലറെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ തിരയുന്നതിനിടെ സിനോജും സംഘവും താമസിച്ചിരുന്ന ലോഡ്ജില്‍ പരിശോധന നടത്തിയെന്നും പ്രതികൾ ആക്രമിച്ചതോടെ തിരിച്ചു വെടിവച്ചപ്പോൾ സിനോജ് കൊല്ലപ്പെടുകയായിരുന്നു എന്നാണ് പൊലീസ് വാദം. എന്നാൽ ഇത് ഏറ്റുമുട്ടൽ കൊലയാണെന്ന ആരോപണം ഉയർന്നിരുന്നു. തുടര്‍ന്ന് തമിഴ്നാട് സർക്കാർ ഈ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

സ്പിരിറ്റ് കടത്തു കേസിൽ മരട് അനീഷിന്റെ കൂട്ടാളിയായിരുന്നു സിനോജ് എന്ന് പറയപ്പെടുന്നു. സിനോജ് തമിഴ്നാട്ടിലുണ്ടെന്ന കാര്യം പൊലീസിന് ചോർത്തി നൽകിയത് ഭായ് നസീർ സംഘമാണെന്നാണ് എതിരാളികൾ കരുതിയത്. ഇതോടെ ഭായ് നസീറിനെ ‘തീർക്കുക’ എന്നതായി ഇവരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു. പരോളിൽ‍ ഇറങ്ങിയ ഭായ് നസീറിനെ തിരഞ്ഞെങ്കിലും ഇത് നടക്കാതെ വന്നതോടെ എതിരാളികൾ ഇട്ട പദ്ധതിയായിരുന്നു ഇംതിയാസ് ഖാനിൽ നിന്ന് വിവരം ശേഖരിക്കുക എന്നത്. ഇംതിയാസ് ഖാൻ അറിയാതെ ഭായ് നസീറിനെ എവിടെയും ഒളിക്കുക സാധ്യമല്ല എന്നായിരുന്നു ഇവരുടെ കണക്കു കൂട്ടൽ. അങ്ങനെയാണ് ക്രിസ്മസിന്റെ പിറ്റേന്ന് സാന്താക്ലോസ് മുഖംമൂടിയിട്ട സംഘം ഇംതിയാസ് ഖാനെ തട്ടിക്കൊണ്ടു പോയതും ക്രൂരമായി കൊന്നതും.

English Summary:

Drug trafficking and quotation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com