ADVERTISEMENT

ന്യൂഡൽഹി∙ എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർ മാർക്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡീപ് ഫേക്ക് തട്ടിപ്പുകളുടെ തുടക്കകാലത്താണ് നമ്മൾ‌ ജീവിക്കുന്നത്. അത് തുടക്കത്തിലെ തടയേണ്ടതുണ്ട്. എഐയുടെ ദുരുപയോഗം വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിൽഗേറ്റ്സുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് നരേന്ദ്ര മോദി നടത്തിയ സംഭാഷണത്തിലാണ് പ്രതികരണം. 

‘ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ആർക്കും ഡീപ്ഫേക്ക് ഉപയോഗിക്കാം. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. അലസത കാരണം എഐയെ ആശ്രയിക്കുകയാണെങ്കിൽ അത് തെറ്റായ പാതയാണ്. സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തിൽ ഞാൻ വിശ്വസിക്കുന്നു. ഡിജിറ്റൽ വിഭജനം പാടില്ല. സാങ്കേതിക വിദ്യയിൽ എല്ലാവർക്കും തുല്യ അവസരം നൽകാനാണ് ശ്രമം. ഗ്രാമങ്ങളിലേക്ക് സാങ്കേതികവിദ്യ എത്തിക്കുകയാണ്. ലോകത്തിലെ ഡിജിറ്റൽ വിഭജനത്തെക്കുറിച്ച് കേൾക്കുമ്പോൾ, എന്റെ രാജ്യത്ത് അങ്ങനെയൊന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു’ – നരേന്ദ്ര മോദി പറഞ്ഞു. 

ഇന്ത്യയിൽ പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ സ്ത്രീകൾ കൂടുതൽ തയാറായി വരികയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'നമോ ഡ്രോൺ ദീദി' പദ്ധതി ആരംഭിച്ചു. ഇത് വളരെ വിജയകരമായി നടക്കുന്നു. ഈ ദിവസങ്ങളിൽ ഞാൻ സ്ത്രീകളുമായി സംവദിക്കുന്നുണ്ട്. അവർക്ക് സന്തോഷമുണ്ട്. സൈക്കിൾ ഓടിക്കാൻ അറിയാത്തവർ ഇപ്പോൾ പൈലറ്റുമാരാണെന്നും ഡ്രോണുകൾ പറത്താൻ കഴിയുമെന്നും പറയുന്നു. രാജ്യത്തിന്റെ ചിന്താഗതി മാറുകയാണ്. ജി 20 ഉച്ചകോടിയിൽ താൻ നടത്തിയ പ്രസംഗം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ എഐ സാങ്കേതികവിദ്യ സഹായിച്ചിരുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. 

English Summary:

PM Modi, Bill Gates discuss AI role in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com