ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ പിതാവിന്റെ മുന്നില്‍ വച്ച് യുവാവ് സഹോദരിയെ കഴുത്തുഞെരിച്ചു കൊന്നു.  സഹോദരിയെ കഴുത്തുഞെരിച്ച് കൊല്ലുന്നത് ചിത്രീകരിച്ച മറ്റൊരു സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിയ ബീബിയെയാണ് (22) മാർച്ച് 17ന് സഹോദരൻ മുഹമ്മദ് ഫൈസൽ കൊലപ്പെടുത്തിയത്. പിതാവ് അബ്ദുൽ സത്താറിന്റെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. പഞ്ചാബിന്റെ മധ്യ-കിഴക്കൻ പ്രവിശ്യയിലെ തോബ ടെക്ക് സിങ് പട്ടണത്തിനു സമീപമായാണ് സംഭവം. യുവതിയുടെ മറ്റൊരു സഹോദരനായ ഷെഹ്‌ബാസ് ചിത്രീകരിച്ച വീഡിയോ വൈറലായതോ‍ടെയാണ് സംഭവം പ‍ുറത്തറിഞ്ഞത്.

കുടുംബ വീട്ടിൽ വച്ചാണ് ഫൈസൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നത്. ഒരു ഘട്ടത്തിൽ ‘അച്ഛാ, അവനോട് വിട്ടേക്കാൻ പറയൂ’എന്ന് ഷെഹ്ബാസ് പറയുന്നതായി വിഡിയോയിൽ കേൾക്കാം. ചലനമറ്റ ശരീരത്തിൽ രണ്ടു മിനിറ്റോളം നേരമാണ് ഫൈസൽ കഴുത്തു ഞെരിച്ചു കൊണ്ടിരുന്നത്. ഫൈസൽ കൊലപാതകം നടത്തിയ ശേഷം പിതാവ് കുടിക്കാൻ വെള്ളം നൽകുന്നതും വിഡിയോയിൽ കാണാം. 

പെൺകുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് മാർച്ച് 24നാണ് പൊലീസ് കണ്ടെത്തിയത്. സത്താറിനെയും ഫൈസലിനെയും ഉടൻ അറസ്റ്റ് ചെയ്തു. ഷെഹ്ബാസിനെ ശനിയാഴ്ച വൈകുന്നേരമാണ് അറസ്റ്റു ചെയ്തത്. ഇയാളുടെ പങ്കാളിത്തത്തിന്റെ വ്യാപ്തി നിർണയിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ‌ഷെഹ്ബാസിന്റെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.

കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അജ്ഞാതനായ ഒരാളുമായി സഹോദരി പലതവണ വിഡിയോ കോളിൽ സംസാരിക്കുന്നത് കൊലയാളിയായ ഫൈസൽ പിടികൂടിയിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവം ദുരഭിമാന കൊലയാകാമെന്നാണ് വിവരം. വിദ്യാഭ്യാസം, തൊഴിൽ, ആരെ വിവാഹം കഴിക്കാം തുടങ്ങിയ കാര്യങ്ങളിൽ സ്ത്രീകൾ തങ്ങളുടെ പുരുഷ ബന്ധുക്കൾക്ക് കീഴ്‌പ്പെട്ടിരിക്കുന്ന കർശന നിയമമാണ് പാക്കിസ്ഥാനിലുള്ളത്. ഈ നിയമാവലി ലംഘിച്ചുവെന്ന് ആരോപിച്ച് ഓരോ വർഷവും നൂറുകണക്കിന് സ്ത്രീകളാണ് പാക്കിസ്ഥാനിൽ പുരുഷന്മാരാൽ കൊല്ലപ്പെടുന്നത്. പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മിഷൻ പറയുന്നതനുസരിച്ച്, 2022ൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ 316 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാറില്ല.

English Summary:

Pakisthan man films brother strangling sister arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com