ADVERTISEMENT

ഭിചാരങ്ങളുടെയും ദുർമന്ത്രവാദത്തിന്റെയും കുരുക്കിൽപെട്ട്, സ്വന്തം ജീവൻ കളയാൻ മടിയില്ലാതെ, അപകടകരമായ അന്ധവിശ്വാസത്തിന്റെ ഇരുണ്ട കാലത്തേക്കു പോകുകയാണോ മലയാളികളിൽ ചിലരെങ്കിലും? ഏതാനും വർഷങ്ങൾക്കിടെ കേരളത്തിൽ നടന്ന ചില സംഭവങ്ങൾ നൽകുന്ന സൂചന അങ്ങനെയാണ്. 2017ലെ നന്തൻകോട്ടെ കൊലപാതകങ്ങൾ,  2022ൽ പത്തനംതിട്ട ഇലന്തൂരിൽ നടന്ന ഇരട്ട നരബലി, കട്ടപ്പനയിലെ ഇരട്ടക്കൊല തുടങ്ങി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ചില കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും പിന്നിൽ സാത്താൻ സേവയും ഉദ്ദിഷ്ടകാര്യസിദ്ധിക്കായുള്ള നരബലിയുമൊക്കെയാണെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. അതിന്റെ ഒടുവിലത്തെ കണ്ണികളാണ് അരുണാചൽ പ്രദേശിൽ ആത്മഹത്യ ചെയ്ത നവീനും ദേവിയും ആര്യയും. 

എന്താണ് സാത്താൻ സേവ?

1966 ൽ ആന്റൺ സാൻഡോർ ലാവേയാണ് സാത്താൻ സഭ (ചർച്ച് ഓഫ് സാത്താൻ) സ്ഥാപിച്ചത്. ദൈവത്തെക്കാൾ പ്രബലനും സകലതിനെയും ചോദ്യം ചെയ്യാൻ കഴിവുള്ളവനും സാത്താനാണെന്ന് സാത്താൻ സേവക്കാർ വിശ്വസിക്കുന്നു. ലൂസിഫറിനെയാണ് സാത്താൻ സഭ ആരാധിക്കുന്നത്. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മാലാഖയായ ലൂസിഫർ ഭൂമിയിലേക്ക് പോകാനാഗ്രഹിച്ച് യുദ്ധം ചെയ്തെന്നും പിന്നീട് ദൈവം ശപിച്ച് ഭൂമിയിലേക്കയച്ചെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. ലൂസിഫറിന്റെ പിൻഗാമികളാണ് തങ്ങളെന്നാണ് സാത്താൻ വിശ്വാസികൾ കരുതുന്നത്. 

ബ്ലാക്ക് മാസ് ആണ് സാത്താൻ സേവകരുടെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്ന്. വിശ്വാസികൾ വിശുദ്ധവസ്തുക്കളായി മാനിക്കുന്നവയെ അശുദ്ധമാക്കുകയാണ് ഇതിൽ പ്രധാനം. രക്തം ഇറ്റിച്ചോ മലമൂത്ര വിസർജനം നടത്തിയോ പള്ളികളിൽനിന്നുള്ള തിരുവോസ്തി (വിശ്വാസികൾക്ക് നൽകുന്ന അപ്പം) അശുദ്ധമാക്കിയാണ് ബ്ലാക്ക് മാസ് തുടങ്ങുന്നത്. ബൈബിൾ നശിപ്പിക്കുക, മനുഷ്യന്റെ തലയോട്ടിയിൽ വീഞ്ഞ് കുടിക്കുക, അമിത–പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങിയവയും ഇവരുടെ ആചാരങ്ങളിൽപ്പെടുന്നു.

കേഡലിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ (ഫയൽ ചിത്രം)
കേഡലിനെ കസ്റ്റഡിയിൽ എടുത്തപ്പോൾ (ഫയൽ ചിത്രം)

‘‘സാത്താൻ സേവയിലേക്ക് ആകൃഷ്ടരാകുന്നവർ ആദ്യം ചെയ്യുക മാമോദിസ റദ്ദാക്കലാണ്(അൺബാപ്റ്റിസം). അതിനായി ആദ്യം കൈകൾ ചേർത്തുകെട്ടും. പിന്നീട് സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നോണം കെട്ടഴിച്ചുമാറ്റും. തുടർന്ന്  മാമോദീസ പൂർണമായും റദ്ദാക്കാനായി ബൈബിളിന്റെ പേജുകൾ കീറും’’– 2023 ൽ അമേരിക്കയിലെ ബോസ്റ്റണിൽ നടന്ന സാത്താൻ കോൺഫറൻസിൽ പങ്കെടുത്ത ബിബിസി റിപ്പോർട്ടർ റെബേക്ക സീൽസ് പറഞ്ഞത് ഇങ്ങനെയാണ്. അമേരിക്ക, യുകെ, കാനഡ, ജപ്പാൻ, ഫിൻലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പരസ്യമായിട്ടാണ് സാത്താൻ സേവ നടത്തുന്നത്. എന്നാൽ ഇവരുടെ നീക്കങ്ങൾ സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. 

തിരുവോസ്തി മോഷ്ടിക്കുന്ന സാത്താൻ സേവകർ

വർഷങ്ങൾക്കു മുൻപ് പള്ളികളിൽനിന്നു തിരുവോസ്തി മോഷണം പോകുന്ന സംഭവങ്ങൾ കേരളത്തിൽ അടിക്കടിയുണ്ടായിരുന്നു. മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും പോകാത്തതിനാൽ ആരും കേസിനു പോയില്ലെങ്കിലും സാത്താൻ സേവക്കാർക്ക് പണം കൈപ്പറ്റിയോ അല്ലാതെയോ കൈമാറാനാണ് തിരുവോസ്തി മോഷ്ടിക്കപ്പെടുന്നതെന്ന് പള്ളി അധികൃതർക്കും പൊലീസിനും രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് തിരുവോസ്തി കയ്യിൽ നൽകുന്നതിനുപകരം വൈദികർ വിശ്വാസികൾക്കു നാവിൽവച്ചു നൽകാൻ തുടങ്ങിയത്. തിരുവോസ്തി സ്വീകരിക്കുന്നവർ ഇത് കഴിക്കുന്നുവെന്നും ഇതരമതസ്ഥർക്ക് നൽകുന്നില്ലെന്നും ഉറപ്പാക്കണമെന്നും സിറോ മലബാർ സഭ പള്ളികൾക്ക് കർശന നിർദേശം നൽകിയിരുന്നു.

കേരളത്തിൽ കൊച്ചിയാണ് സാത്താൻ സേവകരുടെ പ്രധാന താവളമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊച്ചിയിലും പരിസരങ്ങളിലും ഇത്തരം പത്തിലധികം കേന്ദ്രങ്ങളുണ്ടെന്നാണ് പൊലീസിനു ലഭിച്ച രഹസ്യവിവരം. ടൂറിസത്തിൽ മറവിൽ വിദേശികളുടെ നേതൃത്വത്തിലും വിവിധയിടങ്ങളിൽ സാത്താനെ ആരാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

കേരള പൊലീസിനെ ചുറ്റിച്ച ആസ്ട്രൽ പ്രൊജക്‌ഷൻ

2017 ൽ തിരുവനന്തപുരത്തെ നന്തൻകോട്ട് ഒരു കുടുംബത്തിലെ നാലുപേരുടെ കൊലപാതകത്തെത്തുടർന്നാണ് സാത്താൻ സേവയെക്കുറിച്ച് കേരളത്തിൽ വലിയ ചർച്ചയുണ്ടാകുന്നത്. 2017 ഏപ്രിൽ ഒൻപതിനാണ് നടുക്കുന്ന വാർത്ത കേരളമറിഞ്ഞത്. കൊല്ലപ്പെട്ടത് നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ റിട്ട. പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പത്മ, മകൾ കരോളിൻ, ബന്ധു ലളിത എന്നിവർ. പ്രതി രാജ തങ്കത്തിന്റെയും ജീൻ പത്മയുടെയും മൂത്ത മകൻ കേഡൽ ജീൻസൺ രാജ. ശരീരത്തിൽനിന്ന് ആത്മാവിനെ വേർപെടുത്തുന്ന ആസ്ട്രൽ പ്രൊജക്‌ഷൻ എന്ന രീതി പരീക്ഷിക്കുകയായിരുന്നുവെന്നാണ് കേഡൽ ആദ്യം പൊലീസിനോട് പറഞ്ഞത്. സാത്താൻ സേവയുടെ രീതിയാണിത്. 

കേഡൽ ജീൻസണിന്റെ പെരുമാറ്റവും രീതികളും വിചിത്രമായിരുന്നതിനാൽ ഒരു മനഃശാസ്ത്ര വിദഗ്ധന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ കേഡലിന്റെ മാനസികാരോഗ്യം മോശമാണെന്ന കാരണത്താൽ നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏഴുവർഷമായിട്ടും വിചാരണ തുടങ്ങിയിട്ടില്ല. വിചാരണ പൂർത്തിയാക്കി അതിന്റെ വിവരങ്ങൾ പൊതുസമൂഹത്തിന് ലഭ്യമായാൽ ഇത്തരം കേസുകളിൽ അവബോധമുണ്ടാക്കുന്നതിൽ സഹായകമാകുമെന്ന് കേഡലിനെ ചോദ്യം ചെയ്യുന്ന വേളയിൽ ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ. മോഹൻ റോയ് പറയുന്നു.

എവിടെ അന്ധവിശ്വാസ വിരുദ്ധ നിയമം

2008 ൽ അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിരുന്നു. 2014 ലും പിന്നീട് 2021 ലും ഇതിനായുള്ള ബിൽ അവതരിപ്പിച്ചെങ്കിലും നിയമമായില്ല. ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലായിരുന്ന ബിൽ 2022 ൽ ഇലന്തൂരിൽ നടന്ന നരബലിയെത്തുടർന്ന് വീണ്ടും പൊടിതട്ടിയെടുത്തു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ 7 വർഷം വരെ ത‌‌ടവും 5000 രൂപ മുതൽ 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ പക്ഷേ നിയമമായില്ല. ചില മതാചാരങ്ങൾ ബില്ലിന്റെ പരിധിയിൽ വരുമെന്നതു സംബന്ധിച്ച ആശയക്കുഴപ്പമായിരുന്നു കാരണം. ബിൽ ഇപ്പോഴും നിയമവകുപ്പിന്റെ പരിഗണനയിലാണ്.

‘വളർത്തേണ്ടത് ശാസ്ത്ര–യുക്തിബോധം’
- ഡോ. മോഹൻ റോയ് 

ഇത്തരം ആരാധനാരീതികളിലേക്ക് വരുന്നവർ പലപ്പോഴും ദുർബല മാനസികാവസ്ഥയിലുള്ളവരാണെന്ന് മാനസികാരോഗ്യ വിദഗ്ധൻ ഡോ. മോഹൻ റോയ് പറയുന്നു. ‘‘ചെറിയ മാനസിക പ്രശ്നങ്ങളുള്ളവരോ ‘അദ്ഭുത ശക്തികൾ’ മാർക്കറ്റ് ചെയ്യുന്നവരോ അതിന്റെ ഭാഗമായി ഇത്തരം വിശ്വാസങ്ങൾ ഇവരെ അടിച്ചേൽപ്പിക്കുന്നതായിരിക്കും. എത്ര പരിശ്രമിച്ചാലും ഏതെങ്കിലും ശക്തിയുടെ (അത് ദൈവമായാലും മറ്റേതെങ്കിലും ശക്തിയായാലും) പിന്തുണ കൂടിയുണ്ടെങ്കിലേ ജീവിതത്തിൽ വിജയിക്കൂവെന്ന ചിന്തയുള്ള ഒട്ടേറെപ്പേരുണ്ട്. അങ്ങനെയുള്ളവരും ഇത്തരം കെണികളിൽ പെട്ടുപോകുന്നു. ഇതുമായി ബന്ധപ്പെട്ട് എനിക്കറിയാവുന്ന ഒരു സംഭവം പറയാം. 

സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായപ്പോൾ ഒരു കുടുംബത്തിലെ ഗൃഹനാഥ ഇങ്ങനെയൊരിടത്തേക്ക് പോകുകയും അവിടെനിന്ന് ശാരീരിക ഉപദ്രവമുൾപ്പെടെ നേരിടുകയും ചെയ്തിട്ടുണ്ട്. ഭക്ഷണത്തിലുൾപ്പെടെ അവർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആ സ്ത്രീയുടെ ആരോഗ്യം മോശമാക്കി. ഭർത്താവിന് സംശയം തോന്നിയതോടെയാണ് എന്റെ അടുത്തെത്തിയത്. ഭാര്യയ്ക്ക് ചെറിയ മാനസികപ്രശ്നങ്ങളുണ്ടായെങ്കിലും അവരെ അതിൽനിന്ന് രക്ഷപ്പെടുത്താനായി. പക്ഷേ അവർ കേസിനൊന്നും പോയില്ല. ചെയ്യുന്ന കർമങ്ങൾ പുറത്തുപറഞ്ഞാൽ ഫലം പോകുമെന്ന ഉപദേശം നൽകിയാണ് ഇരകളുടെ വായ മൂടിക്കെട്ടുന്നത്. പഠിപ്പിക്കുന്ന ശാസ്ത്രമൊന്നും യുവാക്കളുടെ മനസ്സിൽ തൊടുന്നില്ലെന്നാണ്  അഭ്യസ്തവിദ്യരായ യുവാക്കൾ ഈ വലയിൽ വീഴുന്നത് കാണുമ്പോൾ മനസ്സിലാക്കേണ്ടത്. ശാസ്ത്രത്തെ വെറും ഉപജീവനമായി മാത്രം കാണുന്നു,  അതിന്റെ അന്തഃസത്ത ഉൾക്കൊള്ളുന്നില്ല. ശാസ്ത്രബോധത്തോടെയും യുക്തിബോധത്തോടെയും വളരാനുള്ള അവസരമൊരുക്കുകയും ഇത്തരം അന്ധവിശ്വാസങ്ങൾ തടയുന്ന നിയമനിർമാണം നടപ്പാക്കുകയും വേണം.’’

‘വികലമായ ചിന്തകൾക്കുവേണ്ടി ത്യജിക്കാനുള്ളതല്ല ജീവിതം’
-ജിനു എബ്രഹാം (സാത്താൻ സേവ പ്രതിപാദിക്കുന്ന ആദം ജോൺ എന്ന സിനിമയുടെ സംവിധായകൻ)

jinu-v-abraham
ജിനു എബ്രഹാം Photo courtesy : fb/jinuabraham

"പുതിയൊരു വിഷയം സിനിമയ്ക്ക് വേറൊരു വിഷ്വൽ ലാംഗ്വേജ് നൽകുമെന്നുള്ളതുകൊണ്ടാണ് ആദം ജോൺ സിനിമയിൽ അങ്ങനെയൊരു സംഭവം ചിത്രീകരിച്ചത്. ഇതിനായി സാത്താൻ ആരാധനയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചിരുന്നു. എനിക്കത് വലിയ തമാശയായിട്ടാണ് തോന്നിയത്. കേരളത്തിലെ സാത്താൻ ആരാധനയെക്കുറിച്ച് ചിലയിടങ്ങളിലേക്ക് യാത്ര ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും കാര്യമായ വിവരമൊന്നും കിട്ടിയില്ല. 

പക്ഷേ, 2004–05 ൽ ഞാൻ ബെംഗളൂരുവിൽവച്ച് ഒരു യുവാവിനെ പരിചയപ്പെട്ടിരുന്നു. കോട്ടയത്തുനിന്ന് പഠിക്കാനെത്തിയതാണ്. താൻ സാത്താൻ സേവകനാണെന്നും കോട്ടയം കഞ്ഞിക്കുഴി ഭാഗത്ത് ചില കേന്ദ്രങ്ങളിൽ രഹസ്യ ആരാധനയുണ്ടെന്നും അവൻ പറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതൽ അന്വേഷിച്ചിട്ടില്ല. വളരെ വിദ്യാസമ്പന്നരായ ആളുകൾ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ജീവിതം തന്നെ ത്യജിക്കുന്നത് ഞെട്ടലോടെയാണ് കാണുന്നത്. എങ്ങനെയാണ് അവരുടെ മനോവ്യാപാരങ്ങൾ പോകുന്നതെന്നതിൽ അദ്ഭുതം തോന്നുന്നു. ജീവിതവും ചിന്തകളും മറ്റൊന്നിനും വേണ്ടി ത്യജിക്കേണ്ടതല്ലെന്ന് യുവത്വം തിരിച്ചറിയണം. 

English Summary:

Sathan Worship In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com