ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചില്ലെങ്കിൽ നേതൃസ്ഥാനത്തുനിന്നു മാറിനിൽക്കാൻ രാഹുൽ ഗാന്ധി തയാറാകണമെന്നു രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ 10 വർഷമായി ചെയ്യുന്ന പ്രവൃത്തിയിൽ വിജയം ഉണ്ടാകുന്നില്ലെങ്കിൽ ഇടവേളയെടുക്കാൻ മടിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

‘‘രാഹുൽ ഗാന്ധിയാണ് പാർട്ടിയെ നയിക്കുന്നത്. കഴിഞ്ഞ 10 വർഷമായി പ്രതീക്ഷിക്കുന്ന രീതിയിൽ മുന്നോട്ടുപോകാൻ സാധിക്കാതെ വന്നിട്ടും നേതൃസ്ഥാനത്തുനിന്ന് പിന്മാറാനോ മറ്റാരെയെങ്കിലും ചുമതലയേൽപ്പിക്കാനോ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ഇത് എന്നെ സംബന്ധിച്ചിടത്തോളം ജനാധിപത്യവിരുദ്ധമാണ്’’- പ്രശാന്ത് കിഷോർ പറഞ്ഞു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസുമായി പ്രശാന്ത് കിഷോർ ഒരിക്കൽ കൈകോർത്തിരുന്നുവെങ്കിലും നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു പിൻവാങ്ങിയിരുന്നു. 

‌‘‘കഴിഞ്ഞ 10 വർഷമായി വിജയമൊന്നും നേടാനാകാതെ അതേ ജോലി തന്നെയാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെങ്കിൽ ഒരു ഇടവേള എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. നിങ്ങളുടെ അമ്മ അത് ചെയ്തിട്ടുണ്ട്.’’– രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് പാർട്ടി ചുമതലകൾ നരസിംഹ റാവുവിനെ ഏൽപ്പിച്ച് സോണിയ ഗാന്ധി മാറിനിന്നത് ചൂണ്ടിക്കാട്ടി പ്രശാന്ത് അഭിപ്രായപ്പെട്ടു. ‘‘എന്താണു കുറവെന്നു കണ്ടെത്തി നികത്തുന്നതാണു നല്ല നേതാവിന്റെ ലക്ഷണം. എന്നാൽ രാഹുലിന്റെ ധാരണ അദ്ദേഹത്തിന് എല്ലാം അറിയാമെന്നാണ്. നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെന്ന് സ്വയം ബോധ്യപ്പെട്ടില്ലെങ്കിൽ ആർക്കും നിങ്ങളെ സഹായിക്കാനാകില്ല.’’– അദ്ദേഹം പറഞ്ഞു. 

‘‘2019ലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ഉത്തരവാദിത്തമേറ്റെടുത്ത് പദവിയിൽനിന്ന് മാറിനിന്നെങ്കിലും അദ്ദേഹം പറഞ്ഞതിനു വിപരീതമായാണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയിൽ ചിലരുടെ അനുവാദമില്ലാതെ തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് നിരവധി കോൺഗ്രസ് നേതാക്കൾ സ്വകാര്യമായി സമ്മതിക്കും. ഒരു രാഷ്ട്രീയ പാർട്ടി എന്നതിലുപരി രാജ്യത്ത് കോൺഗ്രസ് പ്രതിനിധീകരിക്കുന്ന ഇടം വലുതാണ്. നേരത്തേയും കോൺഗ്രസ് പാർട്ടി തളരുകയും വളരുകയും ചെയ്തിട്ടുണ്ട്’’– പ്രശാന്ത് വ്യക്തമാക്കി.

English Summary:

'Rahul should consider stepping back', Prashant Kishor advices Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com