പാനൂർ: ഡിവൈഎഫ്ഐ നേതാവടക്കം റിമാൻഡിൽ; ഗൂഢാലോചനയിൽ പങ്കെടുത്തയാൾ കസ്റ്റഡിയിൽ
Mail This Article
കണ്ണൂർ ∙ പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു, ചെറുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് എന്നിവർ റിമാൻഡിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ കസ്റ്റഡിയിലാണ്. ഞായറാഴ്ച രാവിലെയാണ് അമൽ ബാബുവിനെ അറസ്റ്റ് ചെയ്തത്.
അമൽ ബാബു സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണു പൊലീസ് പറയുന്നത്. മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്.
സായൂജ് ഉൾപ്പെടെ നാലു പേരെ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29) എന്നിവരാണ് അറസ്റ്റിലായ മറ്റു മൂന്നു പേർ. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് സായൂജിനെ പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്.