ADVERTISEMENT

മാലദ്വീപ്∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ വിവാദ പോസ്റ്റിട്ടതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മാലദ്വീപ് മുൻമന്ത്രി മരിയം ഷിവുന ക്ഷമാപണവുമായി രംഗത്ത്. മരിയത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ക്ഷമാപണം.

പ്രതിപക്ഷ പാർട്ടി മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിൽ പാർട്ടി ലോഗോയ്ക്ക് പകരം മരിയം ചേർത്തത് അശോകസ്തംഭത്തോട് സാമ്യമുള്ള ചിത്രമായിരുന്നു. തുടർന്ന് ഇന്ത്യൻ പതാകയെ നിന്ദിച്ചു എന്നുചൂണ്ടിക്കാട്ടി നിരവധി പേർ മരിയത്തിനെതിരെ രംഗത്ത് വന്നു. ഇതോടെയാണ് ഇന്ത്യയെയോ ഇന്ത്യൻ ദേശീയ പതാകയെയോ അപകീർത്തിപ്പെടുത്താൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതിപക്ഷ പാർട്ടിയെ വിമർശിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി മരിയം രംഗത്തെത്തിയത്. തനിക്ക് പറ്റിയ തെറ്റിന് അവർ ക്ഷമ ചോദിക്കുകയും ചെയ്തു. 

‘‘എന്റെ സമീപകാലത്തെ സാമൂഹ്യമാധ്യമ പോസ്റ്റ് ഒട്ടേറെ വിമർശനങ്ങൾ നേരിട്ടത് ശ്രദ്ധയിൽ പെട്ടിരുന്നു. പോസ്റ്റ് ആരെയെങ്കിലും നിന്ദിച്ചിട്ടുണ്ടെങ്കിൽ, അതുമൂലം ആശയക്കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമചോദിക്കുന്നു. മാലദ്വീപിലെ പ്രതിപക്ഷ പാർട്ടിയായ എംഡിപിയ്ക്കുള്ള പ്രതികരണത്തിൽ ഉപയോഗിച്ച ചിത്രം ഇന്ത്യൻ ദേശീയ പതാകയുടേതിന് സമാനമാണെന്ന് പലരും ചൂണ്ടിക്കാണിച്ചു.  ‌യാദൃച്ഛികമായി അങ്ങനെ സംഭവിച്ചുപോയതാണ്. അതുമൂലം എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ  ആത്മാർഥമായി പശ്ചാത്തപിക്കുന്നുവെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു.’’ മരിയം എക്സിൽ കുറിച്ചു. മാലദ്വീപ് ബന്ധങ്ങളെ വിലമതിക്കുന്നവരാണെന്നും ഇന്ത്യയുമായി പരസ്പര ബഹുമാനം പങ്കുവെക്കുന്നവരാണ്. ഭാവിയിൽ താൻ പങ്കുവെക്കുന്ന കണ്ടന്റുകളിൽ  ജാഗ്രത പുലർത്തുമെന്നും അവർ വ്യക്തമാക്കി. 

‘‘എംഡിപി ഒരു വലിയ പതനത്തിലേക്കാണ് പൊയ്​ക്കൊണ്ടിരിക്കുന്നത്. മാലദ്വീപിലെ ജനങ്ങൾ അവർക്കൊപ്പം നിലംപതിക്കാൻ ആഗ്രഹിക്കുന്നില്ല.’’ എന്നായിരുന്നു ഇന്ത്യൻ ദേശീയപതാകയോട് സമാനമായ ചിത്രത്തിനൊപ്പം മരിയം എക്സിൽ കുറിച്ചത്.  പോസ്റ്റ് വിവാദമായതോടെ അവർ അത് പിൻവലിച്ചു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ വിവാദ പരാമർശം നടത്തിയതിന് മരിയത്തിനൊപ്പം മാൽഷ  ഷരീഫ്, മഹ്സൂ മജീദ് എന്നീ രണ്ടുമന്ത്രിമാരും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. ഇവരുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മാലദ്വീപിന്റെ നിലപാട് അതെല്ലെന്നും വ്യക്തമാക്കി സർക്കാരും അന്ന് രംഗത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com