ADVERTISEMENT

കൊച്ചി∙ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി. കിഫ്ബി മസാല ബോണ്ട് കേസിലാണ് കോടതി നിര്‍ദേശം. തോമസ് ഐസക് സ്ഥാനാർഥിയാണെന്നും പാർ‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആർ.രവി വ്യക്തമാക്കി.

എന്നാൽ ഇ.ഡി തന്റെ മുമ്പാകെ ഹാജരാക്കിയ ചില ഫയലുകൾ പരിശോധിച്ചതിൽനിന്ന് ചില കാര്യങ്ങളിൽ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങൾ ഇ.ഡിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വാക്കാൽ വ്യക്തമാക്കി. കേസ് വീണ്ടും മേയ് 22ന് പരിഗണിക്കും.

ഐസക്കിന് ഹാജരാകാനുള്ള ഒരു തീയതി അറിയിക്കാൻ ഇതിനിടെ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും താൻ അത് നിർദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. താൻ അപ്രകാരം പറഞ്ഞാൽ അത് ഐസക്കിനെ നിർബന്ധിക്കുന്നതിനു തുല്യമാകും. ഇഡി സമർപ്പിച്ച ഫയലുകളിലൂടെ താൻ കടന്നു പോയെന്നും അന്വേഷണം നടക്കുന്നതിനാൽ അതിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതിൽ പ്രഥമദൃഷ്ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഇ.ഡിക്ക് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഇ.ഡി ഇതു സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കൂയിയായ തോമസ് ഐസക്ക് സമർപ്പിച്ച ഹർജിയും കിഫ്ബിയുടെ ഹർജിയുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. 

താൻ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും താൻ കിഫ്ബി പദവിയിൽ ഇരുന്നത് ധനമന്ത്രി എന്ന നിലയിലാണെന്നുമാണ് തോമസ് ഐസക്ക് വാദിക്കുന്നത്.  എന്നാൽ, കിഫ്ബി സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ അറിയാൻ ഐസക്കിനെ വിളിപ്പിക്കുന്നതെന്ന വാദം ഇ.ഡിയും ആവർത്തിക്കുന്നു. തുടർന്നാണ് ഫണ്ട് എന്തിനു വേണ്ടിയാണോ അനുവദിച്ചത്, അതിനല്ലാതെ ചെലവഴിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടെങ്കിൽ കോടതിയെ ബോധ്യപ്പെടുത്താൻ ജസ്റ്റിസ് ടി.ആർ.രവി നിർദേശിച്ചത്.

English Summary:

HC tells ED that there is no need to summon Thomas Isaac for questioning till the elections are over

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com