ADVERTISEMENT

കൊച്ചി ∙ പി.വി.അൻവർ എംഎൽഎയ്ക്ക് വീണ്ടും നിയമക്കുരുക്ക്. അൻവറിന്റെ ഉടമസ്ഥതയിൽ ആലുവയിലുള്ള കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തിട്ടും കേസെടുക്കാതിരുന്ന നടപടിയിൽ ഹൈക്കോടതി ഇടപെടൽ‍. കേസെടുക്കാതിരുന്ന വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാനാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് ജസ്റ്റിസ് കെ.ബാബുവിന്റെ നിർദേശം. 

ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ 2018 ഡിസംബർ എട്ടിന് മലേക്കപ്പടിയിലുള്ള ‘ജോയി മാത്യു ക്ലബ്’ എന്ന കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ ഈ സമയത്ത് ‘ഡിജെ പാർട്ടി’ നടന്നിരുന്നു എന്നും കെട്ടിടത്തിൽ ബാർ സംവിധാനങ്ങൾ സജ്ജീകരിച്ച് മദ്യം വിളമ്പുന്നുണ്ടായിരുന്നു എന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി കെ.വി.ഷാജി പറയുന്നു. ഈ പാർട്ടിയിൽ പങ്കെടുത്തവർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പരാതിക്കാരൻ ആരോപിച്ചു. അൻവറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അലി അക്ബർ എന്നയാളാണ് നടത്തിപ്പുകാരൻ. 

19 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 6.5 ലിറ്റർ ബിയറുമാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. മദ്യം സൂക്ഷിക്കാനും വിൽക്കാനും കെട്ടിടത്തിന്റെ ഉടമസ്ഥനും നടത്തിപ്പുകാരനും അനുമതി നൽകിയത് അബ്കാരി നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു പരാതി. എന്നാൽ എക്സൈസ് സംഘം ഉടമസ്ഥന്റേയോ നടത്തിപ്പുകാരന്റെയോ പേര് കേസിൽ ഉൾപ്പെടുത്തിയില്ല. ഇത് രാഷ്ട്രീയ സ്വാധീനം മൂലമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതിയുടെ നടപടി.

English Summary:

Action has been ordered against PV Anvar in the case of illegally stored liquor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com