ADVERTISEMENT

ടെഹ്റാൻ∙ ഇസ്രയേൽ വ്യവസായിക്ക് പങ്കാളിത്തമുള്ള കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്. യുഎഇയിൽനിന്നു മുംബൈ നാവസേവ തുറമുഖത്തേയ്ക്കു വരുകയായിരുന്ന ‘എംസിഎസ് ഏരീസ്’ എന്നു പേരുള്ള കണ്ടെയ്‌നർ കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് പിടിച്ചെടുത്തത്.

സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്കു മാറ്റി. രണ്ടു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരും കപ്പലിലുണ്ടെന്നാണ് റിപ്പോർട്ട്. കോഴിക്കോട്, പാലക്കാട് സ്വദേശികളായ മലയാളികളാണ് കപ്പലിലുള്ളതെന്നാണ് വിവരം.

ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നർ കപ്പലാണ് എംഎസ്‌സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി.

എമിറാത്തി തുറമുഖ നഗരമായ ഫുജൈറയ്ക്ക് സമീപത്തുവച്ച് ഹെലിബോൺ ഓപ്പറേഷൻ നടത്തിയാണ് നാവികസേനയുടെ പ്രത്യേക സംഘം കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കപ്പൽ പിടിച്ചെടുത്തതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിൻ്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.  സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ തീരുമാനിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പ്രസ്താവനയിൽ പറഞ്ഞു.

English Summary:

Iran seizes ship linked to Israeli billionaire amid escalating tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com