ADVERTISEMENT

കോട്ടയം∙ ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് ചരക്ക് കപ്പലിലുള്ള തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫ് വീട്ടിലേക്കു വിളിച്ചു സുരക്ഷിതയാണെന്ന് അറിയിച്ചു. കപ്പലിലുള്ളവർ എല്ലാവരും സുരക്ഷിതരാണെന്നും യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ആൻ അറിയിച്ചതായി കുടുംബം മനോരമ ഓൺലൈനിനോടു പറഞ്ഞു. ഒരുമണിക്കൂർ നേരത്തേക്കു ഫോൺ ഉപയോഗിക്കാനാണു സൈന്യം അനുമതി കൊടുത്തത്. ഇനി എപ്പോൾ ഫോൺ ലഭിക്കുമെന്ന് അറിയില്ലെന്നും ‌ഫോൺ കോൾ എത്തിയില്ലെങ്കിലും വിഷമിക്കരുതെന്നു പറഞ്ഞാണ് ആൻ ടെസ്സ ഫോൺ വച്ചതെന്നും കുടുംബം അറിയിച്ചു. ‘‘കപ്പലിലുള്ള സൈനികരിൽനിന്നു യാതൊരുവിധ ബുദ്ധിമുട്ടുമില്ല. കപ്പലിലെ ജീവനക്കാർ അവരുടെ ജോലി തുടരുകയാണ്’’– ആൻ ടെസ്സ കുടുംബാംഗങ്ങളോടു പറഞ്ഞു. ഏകദേശം ഒരാഴ്ചയ്ക്കകം കപ്പൽ ജീവനക്കാരെ വിട്ടയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആൻ ടെസ്സ പറഞ്ഞു. ഇറാന്‍ സൈന്യം കപ്പലിലുള്ളവർക്കു ഫോൺ കൊടുക്കുമെന്നും കപ്പലിൽനിന്നും ഫോൺ കോൾ ഏതുനിമിഷവും വന്നേക്കുമെന്നും എംഎസ്‌സി കമ്പനിയിൽനിന്നു കുടുംബത്തിനു വിവരം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ആൻ ടെസ്സയുടെ ഫോൺ കോൾ കുടുംബത്തെ തേടിയെത്തിയത്.

കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം നാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി. ധനേഷ് എന്നിവരാണു കപ്പലിലുള്ള മറ്റ് മലയാളികൾ. കപ്പലിലുള്ളവരുടെ മോചനം ഉടൻ സാധ്യമാകുമെന്ന പ്രതീക്ഷയിലാണു ഇവരുടെ കുടുംബം. മകൻ സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ടെന്നും സർക്കാർ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും കപ്പലിലെ സെക്കൻഡ് എൻജിനീയർ വെള്ളിപറമ്പ് തേലം പറമ്പത്ത് ശ്യാം നാഥിന്റെ ((31) പിതാവ് വിശ്വനാഥ മേനോൻ പറഞ്ഞു. കപ്പലിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നു കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഓഫിസിൽനിന്ന് അറിയിച്ചിട്ടുണ്ട്. കപ്പൽ കമ്പനിയുടെ മുംബൈ ഓഫിസ് അധികൃതരും സംസാരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ എട്ടോടെ ശ്യാം നാഥ് വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീടു നേരിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ശ്യാം നാഥ് 10 വർഷമായി ഇതേ കമ്പനിയിൽ ജീവനക്കാരനാണ്. ഏഴു മാസം മുൻപാണ് ഈ കപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മേയിലായിരുന്നു ശ്യാമിന്റെ വിവാഹം. സെപ്റ്റംബറിൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 

വയനാട് മാനന്തവാടി പാൽവെളിച്ചം പെറ്റംകോട്ട്‌ വീട്ടിൽ പി.വി.ധനേഷും ഇതേ കപ്പലിലാണുള്ളത്. 2010 മുതൽ ധനേഷ് വിവിധ ചരക്ക് കപ്പലുകളിൽ ജോലി ചെയ്തുവരുന്നുണ്ട്. 3 വർഷം മുമ്പാണ് എംഎസ്‌സി ഏരീസ് കപ്പലിൽ ജോലി ചെയ്യാൻ തുടങ്ങിയത്. ഏപ്രിൽ 12നാണ് ധനേഷ് അവസാനമായി വീട്ടിലേക്ക് സന്ദേശം അയച്ചത്. ഈ മാസം തന്നെ താൻ വീട്ടിലേക്കു വരുമെന്നു മകൻ അറിയിച്ചിരുന്നതായി പിതാവ് വിശ്വനാഥൻ പറഞ്ഞു. കപ്പൽ പിടിച്ചെടുത്തുവെന്ന് അറിഞ്ഞശേഷം മകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും വിശ്വനാഥൻ പറഞ്ഞു. രണ്ടു മാസം മുമ്പാണ് ധനേഷിനു കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കാണാനായിരുന്നു ഈ മാസം ധനേഷ് വരാനിരുന്നത്. ഹോർമുസ് കടലിടുക്കിനു സമീപം വച്ച് ശനിയാഴ്ച ഉച്ചയോടെയാണ് യുഎഇയിൽനിന്ന് മുംബൈയിലേക്കു വരികയായിരുന്ന ഇസ്രയേലിന്റെ എംഎസ്‌സി ഏരീസ് കപ്പൽ ഇറാൻ സേന പിടിച്ചെടുത്തത്. 

English Summary:

Ann Tessa Joseph from Israel ship called family members and informed that she is safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com