ADVERTISEMENT

കൊച്ചി∙ പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം  നാളെ വൈകിട്ട് 5.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ. ഇന്നു രാവിലെ എട്ടുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം, നാളെ രാവിലെ 8.30ന് തൃപ്പൂണിത്തുറയിലെ വസതിയിൽ കൊണ്ടുവരും. വസതിയിലെ കർമങ്ങൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ ലായം കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വയ്ക്കും. അതിനു ശേഷമാണ് തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കാരം നടക്കുക.

ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് കെ.ജി. ജയൻ. ധർമശാസ്താ, നിറകുടം, സ്നേഹം , തെരുവുഗീതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട് ജയവിജയ. 1988ൽ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയൻ സംഗീത യാത്ര തുടർന്നു. പ്രശസ്‌ത സിനിമാ താരം മനോജ് കെ.ജയൻ മകനാണ്. 

കെ.ജി.ജയൻ മകനും നടനുമായ മനോജ് കെ.ജയനൊപ്പം.  (ഫയൽ ചിത്രം ∙ മനോരമ)
കെ.ജി.ജയൻ മകനും നടനുമായ മനോജ് കെ.ജയനൊപ്പം. (ഫയൽ ചിത്രം ∙ മനോരമ)

ശ്രീനാരായണ ഗുരുവിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായ കോട്ടയം കടമ്പൂത്തറ മഠത്തിൽ ഗോപാലൻ തന്ത്രിയുടെ ഇരട്ട മക്കൾ ജയനും വിജയനും ആദ്യം മികവു തെളിയിച്ചതു കർണാടക സംഗീതത്തിലാണ്. ഭക്തിഗാനങ്ങളിലൂടെ മലയാള സംഗീതലോകത്തു കെ.ജി.ജയൻ മികവു തെളിയിച്ചു. സഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയസംഗീതം, ഭക്തിഗാനം, ചലച്ചിത്രഗാനം തുടങ്ങിയ മേഖലകളിൽ മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

6–ാം വയസ്സിൽ സംഗീത പഠനം തുടങ്ങിയ ജയൻ 10 –ാം വയസ്സിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. എൻഎസ്എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ആർ.ശങ്കറും ചേർന്നു പണ്ട് നടത്തിയ ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളിൽ ഈശ്വരപ്രാർഥന പാടിയ ജയവിജയന്മാരുടെ കഴിവു തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്നു വീട്ടുകാരെ ഉപദേശിച്ചത്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽനിന്നു ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസോടെ വിജയിച്ചു. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ സ്കോളർഷിപ്പോടെയായിരുന്നു ഉപരിപഠനം.

കെ.ജി.ജയൻ
കെ.ജി.ജയൻ

കാരാപ്പുഴ ഗവ.എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂർണമായും ജയൻ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ.ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ.ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.

2019ൽ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്ന കെ.ജി.ജയൻ
2019ൽ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്ന കെ.ജി.ജയൻ

സംഗീതകച്ചേരിക്കു ജയനൊപ്പം തൃശിനാപ്പള്ളിയിലേക്ക് ട്രെയിനിൽ പോകവേ 1988 ജനുവരി ഒൻപതിനായിരുന്നു ഇരട്ട സഹോദരൻ കെ.ജി.വിജയന്റെ ആകസ്‌മിക മരണം. ഹരിവരാസനം ഉൾപ്പെടെ ഒട്ടേറെ അവാർഡ് ജയനെ തേടിയെത്തിയിട്ടുണ്ട്. ഭക്തിയുടെ ഇരുമുടിഭക്തിയുടെ ‘ഇരുമുടിയേന്തിയ’ ഗാനങ്ങളുമായാണ് ജയവിജയൻമാർ‍ ആദ്യം സംഗീതലോകത്തെ ‘മലചവിട്ടുന്നത്.’ ബാല മുരളീകൃഷ്ണയുടെ ശിഷ്യരായി ജയ വിജയ മദ്രാസിൽ താമസിക്കുന്ന കാലം. എച്ച്എംവിയിലെ മാനേജരുടെ നിർദേശപ്രകാരം 2 അയ്യപ്പഭക്തി ഗാനങ്ങൾക്ക് ഇവർ സംഗീതമേകി. പാട്ടുകളെഴുതിയത് എം.പി. ശിവം. ‌ഗായിക പി.ലീലയെ വീട്ടിൽച്ചെന്ന് പാട്ടു പഠിപ്പിച്ച് പാടിച്ചു.

‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ...’, ‘ഹരിഹരസുതനേ...’ എന്ന രണ്ടു പാട്ടുകളാണ് അന്നു ചിട്ടപ്പെടുത്തിയത്. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേർന്നെഴുതി ഈണം പകർന്ന ‘ശ്രീശബരീശാ ദീനദയാലാ...’ എന്ന ഗാനം ജയചന്ദ്രനും ‘ദർശനം പുണ്യദർശനം...’ എന്ന പാട്ട് യേശുദാസും പാടി.

ശബരിമലനട തുറക്കുമ്പോൾ ഇപ്പോഴും കേൾപ്പിക്കുന്നത് പ്രസിദ്ധമായ ‘ശ്രീകോവിൽ നട തുറന്നു...’ പാട്ടാണ്. ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ (നിറകുടം), ‘ഹൃദയം ദേവാലയം’ (തെരുവുഗീതം), ‘കണ്ണാടിയമ്മാ ഉൻ ഇദയം’.. (പാദപൂജ), ‘ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതൻ ഇങ്കേ’.. ( ഷൺമുഖപ്രിയ) തുടങ്ങി മലയാളം, തമിഴ് ചലച്ചിത്ര മേഖലകളിൽ ഒട്ടേറെ ഹിറ്റുകൾക്ക് ഇവർ രണ്ടുപേരും ചേർന്ന് സംഗീതമേകി.

English Summary:

Music Director KG Jayan Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com