ADVERTISEMENT

തിരുവനന്തപുരം∙ ആറ്റിങ്ങൽ മണ്ഡലത്തിലെ വർക്കലയിലും കാപ്പിലിലും ഇടവയിലും കടലും കായലും ഇടചേർന്നു കിടക്കുന്നു, മണ്ഡലത്തിലെ രാഷ്ട്രീയം പോലെ. ഇരു മുന്നണികളെയും പരിഗണിച്ച ചരിത്രം മണ്ഡലത്തിനുണ്ട്. 1991ൽ സുശീല ഗോപാലൻ സിപിഎമ്മിനു വേണ്ടി മണ്ഡലം പിടിച്ചെടുത്തതിനുശേഷം ആറ്റിങ്ങൽ പിടിക്കാൻ ത്രികോണ പോരാട്ടം; ഫലം പ്രവചനാതീതം

കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വിജയിക്കാനായത് അടൂർ പ്രകാശിലൂടെയാണ്. മണ്ഡലം നിലനിർത്താൻ യുഡിഎഫ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത് അടൂർ പ്രകാശിനെ. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയിയാണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ ശോഭാ സുരേന്ദ്രൻ മണ്ഡലത്തിലുണ്ടാക്കിയ വോട്ടു നേട്ടം വിജയത്തിലെത്തിക്കാനാണ് കേന്ദ്രമന്ത്രി വി.മുരളീധനെ ബിജെപി മത്സരിപ്പിക്കുന്നത്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം.

ആര്യനാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്.
ആര്യനാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്.

കോൺഗ്രസിനായി വർഷങ്ങൾക്കുശേഷം മണ്ഡലം പിടിച്ച അടൂർ പ്രകാശിൽ പാർട്ടി പൂർണമായി വിശ്വാസമർപിച്ചിരിക്കുന്നു. അടൂർ പ്രകാശിന്റെ ജനപിന്തുണ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. അടൂർ പ്രകാശ് മണ്ഡലത്തിലെത്തിയതോടെ പാർട്ടിയിലെ തർക്കങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാനായിട്ടുണ്ട്. ജാതീയ ഘടകങ്ങളും അനുകൂലമാണ്.

ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കാനെത്തിയ അടൂർ പ്രകാശ് സിപിഎമ്മിലെ എ.സമ്പത്തിനെ പരാജയപ്പെടുത്തിയപ്പോൾ എൽഡിഎഫ് കോട്ടയെന്ന മണ്ഡലത്തിന്റെ പേരാണ് തകർന്നു വീണത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 3,80,995 വോട്ടു നേടിയപ്പോൾ സമ്പത്തിനു ലഭിച്ചത് 3,42,748 വോട്ടുകൾ. ഭൂരിപക്ഷം 38,247 വോട്ട്. മണ്ഡലത്തിനു പുറത്തുനിന്നുള്ള ആളെന്ന പേരുമാറ്റി മണ്ഡലത്തിലൊരാളാകാൻ അടൂർ പ്രകാശിന് സാധിച്ചിട്ടുണ്ടെന്ന് പ്രവർത്തകർ പറയുന്നു. ദേശീയപാതാ വികസനം അടക്കം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് 
തിരഞ്ഞെടുപ്പ് പ്രചാരണ യോഗം കാട്ടാക്കടയിൽ നടന്നപ്പോൾ 
വേദിയിൽ സ്ഥാനാർഥി വി.ജോയിയെ കൈപിടിച്ച് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം കാട്ടാക്കടയിൽ നടന്നപ്പോൾ വേദിയിൽ സ്ഥാനാർഥി വി.ജോയിയെ കൈപിടിച്ച് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ

ആറ്റിങ്ങൽ മണ്ഡലം തിരിച്ചു പിടിക്കാൻ ആരെന്ന ചോദ്യത്തിന് മറുപടിയായാണ് വി.ജോയിയെ സിപിഎം മത്സരിപ്പിക്കുന്നത്. വർക്കല നിയമസഭാ മണ്ഡലം പിടിച്ചെടുത്ത ചരിത്രം ജോയിക്ക് കരുത്തായുണ്ട്. ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല മണ്ഡലങ്ങളിൽ ഏറെ വ്യക്തിപരിചയമുള്ള ആളാണ് പ്രവർത്തകരുടെ ‘ജോയ് അണ്ണന്‍’. ആർക്കും സമീപിക്കാൻ കഴിയുന്ന നേതാവ്. വർക്കലയിൽ നടപ്പിലാക്കിയ വികസനങ്ങളും എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികളുമാണ് പ്രചാരണ ആയുധം. സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ് മാസങ്ങൾക്കുശേഷമാണ് ജോയ് ആറ്റിങ്ങലിൽ സ്ഥാനാർഥിയാകുന്നത്.

കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ചത് ശോഭ സുരേന്ദ്രനാണ്. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ട് വിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90,528 വോട്ടുകൾ ശോഭ 2,48,081 വോട്ടായി ഉയർത്തി. ഇതോടെ ബിജെപി മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനെ മത്സരിപ്പിക്കുന്നതും കടുത്ത മത്സരം കാഴ്ചവയ്ക്കാനാണ്. ദേശീയപാത വികസനം അടക്കമുള്ള കാര്യങ്ങളും കേന്ദ്രപദ്ധതികളും മുൻനിർത്തിയാണ് ബിജെപിയുടെ പ്രചാരണം.

1. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടവ തോട്ടുമുഖത്ത് കുട്ടികളോടൊപ്പം. 2.  സ്ഥാനാർഥിക്കു ലഭിച്ച കണിക്കൊന്നപ്പൂവ് സ്വീകരണത്തിനെത്തിയ കീർത്തനയ്ക്കും ദേവയാനിക്കും സമ്മാനിക്കുന്നു. 3.  ഇടവ അംബേദ്കർ കോളനിയിലെ സുഭദ്രയ്ക്കു മാങ്ങ സമ്മാനിച്ച ശേഷം സ്ഥാനാർഥി വി.മുരളീധരൻ.  ചിത്രങ്ങൾ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
1. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടവ തോട്ടുമുഖത്ത് കുട്ടികളോടൊപ്പം. 2. സ്ഥാനാർഥിക്കു ലഭിച്ച കണിക്കൊന്നപ്പൂവ് സ്വീകരണത്തിനെത്തിയ കീർത്തനയ്ക്കും ദേവയാനിക്കും സമ്മാനിക്കുന്നു. 3. ഇടവ അംബേദ്കർ കോളനിയിലെ സുഭദ്രയ്ക്കു മാങ്ങ സമ്മാനിച്ച ശേഷം സ്ഥാനാർഥി വി.മുരളീധരൻ. ചിത്രങ്ങൾ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ജാതി സമവാക്യങ്ങൾ ശക്തമായ മണ്ഡലമാണ് ആറ്റിങ്ങൽ. വർക്കലയിലെ കടൽത്തീരത്ത് തുടങ്ങി കാട്ടാക്കടയിലെ വനമേഖലകളിൽ അവസാനിക്കുന്ന മണ്ഡലത്തിന്റെ താൽപര്യങ്ങളും ഭൂമിയുടെ ഘടനപോലെ വ്യത്യസ്തമാണ്. എല്ലാ ഘടകങ്ങളിലും മുൻതൂക്കം നേടാനാണ് സ്ഥാനാർഥികളുടെ ശ്രമം.

English Summary:

Vote on Wheels in Attingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com