ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ടു ചെയ്തവരുടെ ബാലറ്റുകൾ സീൽ ചെയ്തു പെട്ടിയിലാക്കുന്നതിൽ വീഴ്ച വന്നിട്ടില്ലെന്ന് ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കാണ് റിപ്പോർട്ട് നൽകിയത്. ഉദ്യോഗസ്ഥരുടെ പക്കലുണ്ടായിരുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളിൽ പശയും കടലാസുകളുമാണ് ഉണ്ടായിരുന്നതെന്നും ബാലറ്റുകൾ സീൽ ചെയ്ത സ്റ്റീൽ ബോക്സിലാണു സൂക്ഷിച്ചതെന്നുമാണു റിപ്പോർട്ടിലുള്ളത്. വീഴ്ച വന്നിട്ടില്ലെന്നാണു മറ്റു ജില്ലകളിൽനിന്നും റിപ്പോർട്ട് ലഭിച്ചത്.

ബാലറ്റുകൾ സീൽചെയ്ത പെട്ടിയിലല്ലാതെ സഞ്ചികളിൽ കൊണ്ടുപോകുന്നതായി ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇടപെടൽ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി. തുടർന്നാണ് ജില്ലാ കലക്ടർമാരിൽനിന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വിശദീകരണം തേടിയത്. 85 വയസ്സ് പിന്നിട്ടവരും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 2.10 ലക്ഷം വോട്ടർമാരാണ് വീട്ടിൽ വോട്ട് ചെയ്യുന്നത്.

തിങ്കളാഴ്ചയാണു വോട്ടിങ് തുടങ്ങിയത്. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വിഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരാണു വോട്ടർമാരുടെ അടുത്തെത്തുന്നത്. ബൂത്ത് ലെവൽ ഓഫിസർമാർക്കു നേരത്തേ അപേക്ഷ നൽകിയവർക്കേ വീട്ടിലിരുന്നു വോട്ടു ചെയ്യാൻ കഴിയൂ. വീട്ടിൽ വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകൾ സൂക്ഷിക്കാൻ ബാഗുകൾ ഉപയോഗിക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. സുരക്ഷിതമായി ബാലറ്റുകൾ സൂക്ഷിക്കാനാണു മെറ്റൽ ബോക്സുകൾ വാങ്ങാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകിയത്. 

English Summary:

Alappuzha Collector Report Validates Lok Sabha Home Voting Ballot Security

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com