ADVERTISEMENT

കോഴിക്കോട്∙ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‍ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‍ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‍സാപ് ഗ്രൂപ്പിൽ അസ്‍ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്‍ലമിന്റേതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് എതിരെ വ്യാജപ്രചാരണം നടത്തുന്നു എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടർ എന്നിവർക്കാണ് ശൈലജ ഇന്നലെ പരാതി നൽകിയത്.  ഷാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്. 

‘‘ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. തേജോവധം നടത്താനുള്ള പ്രചാരണമാണ് യുഡിഎഫിന്റേത്. പൊലീസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർഥി വളഞ്ഞ വഴിയിൽ ആക്രമിക്കുന്നു. സമൂഹമാധ്യമ പേജിലൂടെ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നു.

വാട്സാപ് ഗ്രൂപ്പുകളിലും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ലെറ്റർ പാഡ് കൃത്രിമമായി ഉണ്ടാക്കി ടീച്ചറമ്മയല്ല, ബോംബ് അമ്മ എന്ന് വിളിക്കണം എന്ന് എഴുതി പ്രചരിപ്പിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ പേരിലും വ്യാജ വാർത്തകൾ സൃഷ്ടിച്ചു പ്രചാരണം നടത്തുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പ്രചാരണത്തിനെതിരെ സത്വര നടപടി ഉണ്ടാകണം’’ – പരാതിയിൽ ശൈലജ ആവശ്യപ്പെട്ടു.

English Summary:

Case against League worker for insulting KK Shailaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com