ADVERTISEMENT

മുന്നറിയിപ്പു നൽകിക്കൊണ്ടായിരുന്നു ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയത്. ദീർഘകാലത്തെ നിഴൽയുദ്ധം മറനീക്കി പുറത്തുവന്ന ശനിയാഴ്ച ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത് മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളുമായിരുന്നു. സിറിയയിലെ കോൺസുലേറ്റിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള മറുപടി. പക്ഷേ ഇറാന്റെ ആക്രമണം ഇസ്രയേലിനെ ക്ഷീണിപ്പിച്ചിരിക്കുകയാണ്. 

ഇറാന്റെ അതേ മാതൃകയിൽ തിരിച്ചടിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് മൂന്നാമതൊരു യുദ്ധത്തിനു കൂടി തിരികൊളുത്തുമെന്നും ഒരേസമയം മൂന്നു യുദ്ധങ്ങളെ അഭിമുഖീകരിക്കാൻ ലോകം തയാറല്ലെന്നും ഇസ്രയേലിന് ലോകരാജ്യങ്ങൾ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. എന്നാൽ തിരിച്ചടിക്കാതിരിക്കുന്നത് തങ്ങളുടെ ബലഹീനതയായി ചിത്രീകരിക്കപ്പെടുമെന്നാണ് ഇസ്രയേൽ കരുതുന്നത്.

അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യാക്രമണം അനിവാര്യമാണ്. ശക്തമായ പ്രതികരണം പ്രതീക്ഷിച്ചിരുന്നോളൂ എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രതികരിക്കാതിരുന്നാൽ‌ ഇസ്രയേൽ ദുർബലരാണെന്ന് കരുതുമെന്നും ശത്രുവിന് വീണ്ടും ആക്രമിക്കാൻ തോന്നിയേക്കാമെന്നും നെതന്യാഹു മന്ത്രിസഭയിലെ മന്ത്രിമാർ പറയുന്നു. എങ്ങനെയായിരിക്കും ഇസ്രയേലിന്റെ തിരിച്ചടി എന്നു ഉറ്റുനോക്കുകയാണ് ലോകം

രഹസ്യാക്രമണങ്ങൾ

ഇറാനിൽ നേരത്തേ തന്നെ പലവട്ടം ഇസ്രയേൽ രഹസ്യാക്രമണങ്ങൾ  നടത്തിയിട്ടുള്ളതായാണ് കരുതപ്പെടുന്നത്. അത്തരം ആക്രമണങ്ങളിലൂടെ ആണവ ശാസ്ത്രജ്ഞരുൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. അത്തരം നീക്കങ്ങൾ തുടർന്നും ഇറാന് അകത്തും പുറത്തും ഇസ്രയേൽ നടത്തിയേക്കാം. 

ഉപരോധത്തിലൂടെ ഒറ്റപ്പെടുത്തൽ

ഇറാനെ ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് മറ്റൊന്ന്. ഇസ്രയേലിനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ ഇറാന് ഉപരോധമേർപ്പെടുത്തുമെന്ന് വ്യക്തമാക്കി യുഎസ് രംഗത്ത് വന്നിരുന്നു. സഖ്യ രാജ്യങ്ങളും സമാനമായ രീതിയിൽ ഉപരോധമേർപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. 

ഹമാസിനെ പരാജയപ്പെടുത്തുന്നത് ഇറാനുള്ള മറുപടി

ഹമാസിനെ തോൽപിക്കുക എന്ന ലക്ഷ്യത്തോടെ ഗാസയിൽ തുടരുന്ന ആക്രമണങ്ങളിൽ ഇസ്രയേൽ കുറേക്കൂടി ശ്രദ്ധ പതിപ്പിക്കും. കാരണം ഇറാനിൽ നിന്ന് പരിശീലനവും ധനസഹായവും ലഭിക്കുന്ന ഹമാസിനെ പരാജയപ്പെടുത്തുന്നത് ഇറാനുള്ള മറുപടിയാണ്. ‘‘യുദ്ധം ആദ്യദിനം മുതൽ ഇറാന് എതിരായിട്ടാണ്.’’ – ഇസ്രയേൽ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ റിസർച്ച് ചീഫായിരുന്ന യോസി പറയുന്നു. 

സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലുമുള്ള ആക്രമണങ്ങൾ 

ഇറാന്റെ നിർണായകമായ സൈനിക ബേസ് ക്യാംപുകളിൽ (റവല്യൂഷണറി ഗാർഡ്സിന്റെ ബേസുകളിലും ആണവ ഗവേഷണ കേന്ദ്രങ്ങളിലും ഉൾപ്പെടെ) നേരിട്ടുള്ള ആക്രമണം നടത്തുകയാണ് ഇസ്രയേലിന്റെ മറ്റൊരു പദ്ധതിയെന്നു കരുതുന്നു. 1981-ൽ ഇറാഖിന്റെയും 2007 ൽ സിറിയയുടെയും ആണവ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടുണ്ട് ഇസ്രയേൽ. ഊർജ ആവശ്യങ്ങൾക്കാണ് ആണവ പദ്ധതികൾ എന്നാണ് ഇറാൻ പറയുന്നതെങ്കിലും അവയെ ഭീഷണിയായാണ് ഇസ്രയേൽ കണക്കാക്കുന്നത്.

പല ആണവ കേന്ദ്രങ്ങളും ഭൂമിക്കടിയിലായതിനാൽ ഇസ്രയേലിന് യുഎസിന്റെ സഹായം വേണ്ടിവന്നേക്കാം. എന്നാൽ ഇറാനെതിരെ തിരിച്ചടിക്കാനാണ് ഉദ്ദേശ്യമെങ്കിൽ സൈനിക സഹായം നൽകില്ലെന്ന നിലപാടാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്. സൈനിക കേന്ദ്രങ്ങളിൽ നടത്തുന്ന ആക്രമണങ്ങൾ ഇറാനെ ദുർബലപ്പെടുത്തുമെന്ന് മാത്രമല്ല, സാധാരണ പൗരന്മാർക്ക് നേരിടേണ്ടി വരുന്ന കെടുതികളും ഒഴിവാക്കും. വ്യോമാക്രമണത്തിലൂടെയും സൈബർ ഓപ്പറേഷനുകളിലൂടെയും നിർണായക സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച് ഇല്ലാതാക്കുന്ന നടപടി ഇസ്രയേൽ ആദ്യമായല്ല നടത്തുന്നത്. 2022–ൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ കാലത്ത് ഇസ്രയേൽ സൈന്യം ഇറാന്റെ ഡ്രോൺ ബേസ് ക്യാംപിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. 

ഇസ്രയേലിന്റെ മറ്റൊരു ലക്ഷ്യം ബോണാബ് ആറ്റമിക് റിസർച്ച് സെന്റർ ആയിരിക്കാമെന്നും നിഗമനമുണ്ട്. ഇസ്രയേലിന് അടുത്തുള്ള ഈ സെന്റർ ഇറാന്റെ പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളിൽ ഒന്നല്ലെങ്കിലും അതിനെ ലക്ഷ്യം വയ്ക്കുന്നത് ഇസ്രയേലിന്റെ സൈനിക കരുത്തിനെ കുറിച്ച് വ്യക്തമായ ചിത്രം നൽകുമെന്നാണ് കണക്കുകൂട്ടുന്നത്. 

English Summary:

Israel's war cabinet has been working on how to retaliate against Iran for its drone and missile attack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com