ADVERTISEMENT

കൽപറ്റ ∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം വാരാണസിയും വയനാടും തമ്മിലാണെന്ന് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിലാണ് മത്സരം. അല്ലാതെ പിണറായി വിജയനും രാഹുൽ ഗാന്ധിയും തമ്മിലല്ല. ഇത്തവണ വയനാട്ടിലെ ജനം വോട്ടു ചെയ്യാൻ പോകുന്നത് പ്രധാനമന്ത്രിക്കാണ്. വാരാണസിയിൽ മോദിക്കു കിട്ടുന്നതിനേക്കാൾ വോട്ടും ഭൂരിപക്ഷവും രാഹുലിനു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് വലിയ അവസരമാണ്. ഇന്ത്യാ സഖ്യം നയിക്കുന്നത് വയനാട്ടിലെ ജനങ്ങളാണ്. തെലങ്കാനയിൽനിന്ന് മത്സരിക്കണമെന്ന് രാഹുലിനോട് നിർബന്ധം പിടിച്ചിരുന്നു. എന്നാൽ അദ്ദേഹം സമ്മതിച്ചില്ല. കാരണം വയനാട് രാഹുലിന്റെ കുടുംബമാണ്. രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കാണാൻ കൂടിയാണ് ഞാൻ ഇവിടെ വന്നത്.

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം എന്നാണ് തെലങ്കാന മാധ്യമങ്ങൾ പറഞ്ഞത്. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുന്നത് ബിജെപിക്കു വേണ്ടിയാണ്. പിണറായി കമ്യൂണിസ്റ്റ് ആണെന്നാണ് പറയുന്നത്. എന്നാൽ വർഗീയവാദിയായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. നിരവധി കേസുകൾ അദ്ദേഹം നേരിടാൻ പോകുകയാണ്. ചന്ദ്രശേഖർ റാവു ബിജെപിയുടെ ബി ടീം ആയ പോലെ പിണറായി വിജയനും പ്രവർത്തിക്കുന്നു. കെസിആറും മകളും കേസ് നേരിടുന്നതുപോലെ പിണറായി വിജയനും മകളും കേസ് നേരിടുകയാണ്.

പിണറായി വിജയൻ പ്രവർത്തിക്കുന്നത് ആനി രാജയ്ക്ക് വേണ്ടിയല്ല, കെ. സുരേന്ദ്രന്റെ വിജയത്തിനു വേണ്ടിയാണ്. എൽഡിഎഫിന് വോട്ടു ചെയ്താൽ അത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണ്. ഇത് തിരഞ്ഞെടുപ്പല്ല, മഹായുദ്ധമാണ് നടക്കുന്നത്. ഒരു വശത്ത് ഇ.ഡി, സിബിഐ, അദാനി തുടങ്ങിയവർ ഉൾപ്പെടുന്ന മോദി സംഘവും മറുവശത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുളള ജനകോടികളുമാണ്. കേരളത്തിലെ രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തിനു മാതൃകയാണ്.’’ – രേവന്ത് റെഡ്ഡി പറഞ്ഞു.

English Summary:

Telangana CM Revanth Reddy Declares Lok Sabha Contest a Modi vs. Gandhi Face-Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com