ADVERTISEMENT

‘‘യുദ്ധത്തിന്റെ പ്രശ്നങ്ങളൊക്കെ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇങ്ങനെയൊരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കപ്പൽ പിടിച്ചെടുക്കുമ്പോൾ എന്താണ് സംഭവിച്ചതെന്നു പോലും അറിയില്ലായിരുന്നു. പതിയെ യാഥാർഥ്യം തിരിച്ചറിഞ്ഞു’’ ഇറാൻ കമാൻഡോകൾ പിടിച്ചെടുത്ത് ഇസ്രയേലി കപ്പലിൽനിന്ന് മോചിതയായി  കേരളത്തിലെത്തിയ ആൻ ടെസയുടെ വാക്കുകൾ. ടെഹ്റാനി​ലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിൽ ജന്മനാട്ടിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ് ആൻ. ഇന്ന് വൈകിട്ടോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ആൻ, ആശങ്കകള്‍ അകന്ന് അമ്മയുടെയും അച്ഛന്റെയും സ്‌നേഹത്തണലില്‍ എത്തിയതിന്റെ ആശ്വാസത്തിലാണ്‌ മനോരമ ഓണ്‍ലൈനിനോടു സംസാരിച്ചത്. ദിവസങ്ങൾ നീണ്ട അരക്ഷിതാവസ്ഥയ്ക്കു ശേഷം മാതാപിതാക്കളെ കണ്ടതിലുള്ള ആശ്വാസം പങ്കുവയ്ക്കുമ്പോഴും തന്നെപ്പോലെ പിടിയിലായ മറ്റു 16 ഇന്ത്യക്കാരുടെ മോചനത്തെ കുറിച്ച് ആശങ്കയും ആനിന്റെ വാക്കുകളിലുണ്ട്. ഭീതി നിറഞ്ഞ ജോലിയല്ലേ ഇനി തിരിച്ചു പോകുമോ എന്നു ചോദിച്ചപ്പോൾ ആനിന്റെ മറുപടി ഇങ്ങനെ‘‘ഒരുപാട് ഇഷ്ടപ്പെട്ട ജോലിയാണ്. അതുകൊണ്ട് തിരിച്ചു പോകുക തന്നെ ചെയ്യും’’– തിരിച്ചെത്തിയതിന്റെ സന്തോഷവും കൂടുതൽ ആത്മവിശ്വാസവും നിറയുന്നു ആ ഇരുപത്തിയൊന്നുകാരിയുടെ വാക്കുകളിൽ.

‘‘ഞങ്ങളെ എല്ലാവരെയും ഒരുമിച്ചാണ് താമസിപ്പിച്ചത്. ഇറാൻ കമാൻഡോകളായിരുന്നു കപ്പൽ പിടിച്ചെടുത്തത്. മോശമായ പെരുമാറ്റമൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ശരിക്കും അവർക്ക് ഞങ്ങളോട് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കപ്പലിന്റെ ഉടമയോടായിരുന്നു പ്രശ്നം. അതുകൊണ്ടു തന്നെ ഞങ്ങളോടുള്ള സമീപനത്തിൽ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. സാധാരണ പോലെ ഞങ്ങൾ കപ്പലിലെ ജോലികൾ ചെയ്തു. 17 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. അതിൽ നാലു മലയാളികളും. എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഒരുമിച്ച് കാണുകയും സംസാരിക്കുകയും ചെയ്തു.’’– ആൻ ടെസ പറഞ്ഞു. മറ്റു 16 പേരുടെയും മോചനം ഉടൻ സാധ്യമാകുമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതെന്നും അതിനായി കാത്തിരിക്കുകയാണെന്നും ആൻ പറഞ്ഞു. 

ഇറാൻ‌ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന ആൻ ടെസ ജോസഫ് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ നൽകിയ സ്വീകരണം. ചിത്രം:X/@MEAIndia
ഇറാൻ‌ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന ആൻ ടെസ ജോസഫ് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ നൽകിയ സ്വീകരണം. ചിത്രം:X/@MEAIndia

ആൻ‌ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ. ശനിയാഴ്ചയാണ് ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്. ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്നാണ് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ–സ്വിസ് കമ്പനിയായ എംഎസ്‌സിയാണു കപ്പലിന്റെ നടത്തിപ്പ്.

English Summary:

Ann Tessa Joseph opens about her experience after realese from Iran captured Israeli ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com