ADVERTISEMENT

നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടക്കുന്ന അരുണാചൽ പ്രദേശിൽ 60 നിയമസഭാ സീറ്റുകളിൽ ഇക്കുറി 50 സീറ്റുകളിലേക്കാണ് മത്സരം. കാരണം 10 സീറ്റുകളിൽ മുഖ്യമന്ത്രി പേമാ ഖണ്ഡു അടക്കം എതിരില്ലാതെ വിജയിച്ചു. 5 സ്ഥാനാർഥികൾക്ക് എതിരെ മത്സരിക്കാൻ ആരുമുണ്ടായിരുന്നില്ല. പത്രിക പിൻവലിക്കാനുള്ള അവസാനദിനത്തിൽ മറ്റ് 5 മണ്ഡലങ്ങളിൽ എതിർ സ്ഥാനാർഥികൾ പിന്മാറി. പേമാ ഖണ്ഡുവിന്റെ മുക്തോ മണ്ഡലത്തിൽ മറ്റാരും നാമനിർദേശപത്രിക സമർപ്പിച്ചിരുന്നില്ല. അതുകൊണ്ട് ജയം നേരത്തേ തന്നെ ഉറപ്പിച്ചിരുന്നു. അരുണാചലിൽനിന്ന് ലോക്സഭയിലേക്ക് ഇതുവരെ 48 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എതിർസ്ഥാനാർഥികൾ ഇല്ലാത്തതുപോലെ കൂറുമാറ്റത്തിന്റെ കാര്യത്തിലും അരുണാചൽ  ഇത്തിരി സെപ്‍ഷലാണ്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും കൂറുമാറ്റത്തിലൂടെ കോൺഗ്രസ് സർക്കാർ ഇവിടെ വീണു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഒരാളുടെ ജീവൻ തന്നെ പൊലിഞ്ഞു. 2016 ൽ കൂറുമാറ്റത്തിലൂടെ ബിജെപി അധികാരത്തിൽ വന്നു. പിന്നാലെ വന്ന 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചു, പക്ഷേ കൂറുമാറ്റം അവസാനിച്ചില്ല, അത് തുടർന്നുകൊണ്ടേയിരിക്കുന്നു, ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ മാർച്ചിൽ ആകെയുള്ള 4 കോൺഗ്രസ് എംഎൽഎമാരിൽ 3 പേരും ബിജെപിയിൽ എത്തി.

ജനവിധി കോൺഗ്രസിന് അനുകൂലം, പക്ഷേ...

2014 ൽ അരുണാചലിൽ അധികാരത്തിൽ എത്തിയത് കോൺഗ്രസ് (42) സർക്കാർ. നബാം തുക്കിയായിരുന്നു മുഖ്യമന്ത്രി. എന്നാൽ സർക്കാരിന്റെ ആയുസ് അധികകാലം നീണ്ടില്ല. കോൺഗ്രസ് വിമതനായിരുന്ന കാലിക്കോ പോൾ ബിജെപിയുടെ സഹായത്തോടെ മുഖ്യമന്ത്രിയായി. എന്നാൽ അതിന്റെ ആയുസ്സും വെറും മാസങ്ങൾ മാത്രമായിരുന്നു. സുപ്രീംകോടതിയിൽനിന്നും അനുകൂല ഉത്തരവുണ്ടായതോടെ മുഖ്യമന്ത്രിക്കസേര വീണ്ടും നബാം തുക്കിയിലേക്ക്. വിശ്വാസവോട്ടെടുപ്പിന് മുൻപ് വീണ്ടും ട്വിസറ്റ്. ഇന്നത്തെ മുഖ്യമന്ത്രി പേമാ ഖണ്ഡുവിന്റെ നേതൃത്വത്തിൽ വിമത എംഎൽഎമാരെ ഉൾപ്പെടുത്തി മറ്റൊരു കോൺഗ്രസ് സർക്കാർ വന്നു. പിന്നെ കണ്ടത് സ്വന്തം പാർട്ടിയെ തിരിഞ്ഞുകൊത്തുന്ന പേമാ ഖണ്ഡുവിനെ. സർക്കാർ രൂപീകരിച്ചു ദിവസങ്ങൾക്കകം കോൺഗ്രസ് എംഎൽഎമാർക്കൊപ്പം പേമാ ഖണ്ഡു പ്രാദേശിക പാർട്ടിയായ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശിൽ ചേർന്നു. ആ പോക്ക് ചെന്ന് അവസാനിച്ചത് ബിജെപിയിൽ. തിരഞ്ഞെടുപ്പു ജയിക്കാത്ത, 11 എംഎൽഎമാർ മാത്രമുണ്ടായിരുന്ന ബിജെപി കാലുമാറ്റത്തിലുടെ മാത്രം അങ്ങനെ അരുണാചലിൽ സർക്കാർ രൂപീകരിച്ചു. പിന്നാലെ കാലിക്കോ പോൾ  ജീവനൊടുക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതയിലെ കിടപ്പുറമുറിയൽ തൂങ്ങിമരിച്ച നിലയിലായിരുന്നു കാലിക്കോ പോളിനെ കണ്ടെത്തിയത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും കാലിക്കോ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല.

തുടരുന്ന കൂറുമാറ്റം, തകരുന്ന കോൺഗ്രസ്

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 41 സീറ്റുകളാണ്. ജെഡിയു 7, കോൺഗ്രസ് 4, നാഷനൽ പീപ്പിൾസ് പാർട്ടി 5, പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ 1, സ്വതന്ത്രർക്ക് 2 എന്നിങ്ങനെയായിരുന്നു കണക്ക്. 46 സ്ഥാനാർഥികളെയാണ് കോൺഗ്രസ് നിർത്തിയത്. ജയിച്ചതാകട്ടെ നാലുപേർ മാത്രവും. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കോണ്‍ഗ്രസിന് വീണ്ടും പ്രഹരമേൽപ്പിച്ച് നാലുപേരിൽ മുൻ മുഖ്യമന്ത്രി നബാം തുക്കി ഒഴികെ ബാക്കി 3 പേർ കഴിഞ്ഞമാസം കോണ്‍ഗ്രസ് വിട്ടു ബിജെപി പാളയത്തിലെത്തി.  7 സീറ്റിൽ ജയിച്ച ജനതാദൾ (യു), 5 സീറ്റിൽ ജയിച്ച എൻപിപി എന്നിവരുടെ എംഎൽഎമാരും നിലവിൽ ബിജെപി പാളയത്തിലാണ്. ഇതോടെ 60 അംഗ നിയമസഭയിൽ നിലവിൽ എൻഡിഎയക്ക് 56 എംഎൽഎമാരുണ്ട്. ഒരു കാലത്ത് അരുണാചലിലെ പ്രധാന പാർട്ടിയായിരുന്ന കോണ്‍ഗ്രസ് ഇന്ന് അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലാണ്. നേതാക്കളുടെ കൂറുമാറ്റം തടയാനോ, ഒന്നിപ്പിച്ച് നിർത്താനോ അരുണാചലിൽ കോൺഗ്രസിന്  ഇന്ന് കഴിയുന്നില്ല. അത്രയേറെ സംഘടനാ ദൗർബല്യം കോൺഗ്രസ് നേരിടുന്നു. ബിജെപിയാകട്ടെ എല്ലാ വഴികളും ഉപയോഗിച്ച് ഭരണം തുടരുകയും മറ്റു പാർട്ടികളിൽനിന്ന് ആളെക്കൂട്ടുകയും ചെയ്യുന്നു.

ക്രൈസ്തവ മതവിശ്വാസികൾ ഭൂരിപക്ഷം ഉള്ള സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.  2011 ലെ കണക്ക് അനുസരിച്ച് ജനസംഖ്യയിൽ 30.26 ശതമാനത്തിൽ അധികവും ക്രൈസ്തവരാണ്. ഹിന്ദുക്കൾ 29.04 ശതമാനവും തദ്ദേശീയ വിശ്വാസം പുലർത്തുവന്നവർ 26.2 ശതമാനവും 11.77 ശതമാനം ബുദ്ധമത വിശ്വാസികളുമാണ്. അരുണാചലിലെ ക്രൈസ്തവ സംഘടനയായ അരുണാചൽ ക്രിസ്ത്യൻ ഫോറം (എസിഎഫ്)  ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 26 ന് എസിഎഫ് പുറത്തിറക്കിയ സർക്കുലറിൽ അരുണാചൽ വെസ്റ്റിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി നബാം തുക്കിക്കും അരുണാചൽ ഈസ്റ്റിൽ മത്സരിക്കുന്ന  ബോസിറാം സിറാത്തിനും വോട്ട് ചെയ്യണമെന്ന് അംഗങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

1978ലെ അരുണാചൽ പ്രദേശിലെ മതസ്വാതന്ത്ര്യ നിയമം റദ്ദാക്കൽ, ക്രൈസ്തവരുടെ പട്ടികവർഗ പദവി പിൻവലിക്കാനുള്ള നീക്കം, സംസ്ഥാനത്ത് ആത്മീയ പ്രവർത്തനങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ചതുമാണ് സംസ്ഥാന സർക്കാരിന് എതിരെ തിരിയാൻ എസിഎഫിനെ പ്രേരിപ്പിച്ചത്. എസിഎഫ് സർക്കുലർ ഇറക്കിയതിന് പിന്നാലെ മതത്തെ രാഷ്ട്രീയവത്കരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു തന്നെ രംഗത്തെത്തി. എസിഎഫ് പോലുള്ള ക്രൈസ്തവ സംഘടനകളുടെ പിന്തുണ കോൺഗ്രസിന് വോട്ടാകുമോ അതോ നിലവില്‍ ഒറ്റ എംഎൽഎ മാത്രമുള്ള, ഒരു എംപി പോലുമില്ലാത്ത കോൺഗ്രസ് അരുണാചലിൽനിന്ന് തുടച്ചുനീക്കപ്പെടുമോ എന്നത് കാത്തിരുന്ന് കാണാം. ലോക്സഭാ മണ്ഡലമായ അരുണാചൽ വെസ്റ്റിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ നബാം തുക്കി മത്സരിക്കുന്നത് സിറ്റിങ് എംപിയും കേന്ദ്ര മന്ത്രിയുമായ കിരൺ റിജിജുവിനോടാണ്. ഈസ്റ്റിൽ ബോസിറാം സിറാം മത്സരിക്കുന്നത് സിറ്റിങ് എംപി തപിർ ഗാവോയോടാണ്

English Summary:

Arunachal Assembly-Loksabha Election 2024 - Explainer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com