ADVERTISEMENT

ഹിമാലയത്തിന്റെ മടിത്തട്ടിൽ ഇന്ത്യയുടെ തലയെടുപ്പാണ് ജമ്മു–കശ്മീർ. ഭൂമിയിലെ സ്വർഗമെന്ന് ലോകം വിശേഷിപ്പിക്കുന്ന കശ്മീരിലെ കാലാവസ്ഥ പലപ്പോഴും പ്രവചനാതീതമാണ്. തെളിഞ്ഞ കാലാവസ്ഥയിലായിരിക്കും നിനച്ചിരിക്കാതെ ഹിമപാതമുണ്ടാകുക. ഇതുപോലെ തന്നെയാണ് കശ്മീരിലെ രാഷ്ട്രീയ കാലാവസ്ഥയും. വളരെ പെട്ടെന്നായിരിക്കും കശ്മീരിന്റെ രാഷ്ട്രീയത്തിലും അപ്രതീക്ഷിതമാറ്റങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ രാജ്യം ഉറ്റുനോക്കിയ സംസ്ഥാനങ്ങളിലൊന്നായി ജമ്മു–കശ്മീരും. പ്രത്യേക പദവി മാറ്റിയ ശേഷം ആദ്യമായി വരുന്ന തിരഞ്ഞെടുപ്പിൽ കശ്മീർ ജനത ആർക്കൊപ്പം നിൽക്കുമെന്നതും പ്രവചനാതീതം. ഇന്ത്യൻ ഭരണഘടനയുടെ 370–ാം അനുഛേദം റദ്ദാക്കിയതും കശ്മീരിന്റെ പുനഃസംഘടനയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്നുറപ്പ്. കേന്ദ്രസർക്കാരിന്റെ കശ്മീർ വിരുദ്ധ നയങ്ങൾ ഇന്ത്യ മുന്നണിയും പ്രതിപക്ഷ പാർട്ടികളും പ്രചാരണായുധമാക്കുമ്പോള്‍ തീവ്രദേശീയതയാണ് കശ്മീരിൽ ബിജെപിയുടെ തുറുപ്പുചീട്ട്. 

∙ ഇത്തവണ ലഡാക്കില്ല, വിധിയെഴുത്ത് 5 മണ്ഡലങ്ങളിൽ

ലഡാക്ക് ഉൾപ്പെടെ 6 മണ്ഡലങ്ങളിലേക്കായിരുന്നു 2019ലെ തിരഞ്ഞെടുപ്പ്. എന്നാൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമുള്ള ആദ്യ ലോക്സഭാതിരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളിലാണ് ജനവിധി. ഇത്തവണ ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമാണ്. ആറ് ലോക്സഭാ മണ്ഡലങ്ങളിലേക്കായി അഞ്ച് ഘട്ടങ്ങളിലായിരുന്നു 2019ൽ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ്. ബരാമുള്ള, ശ്രീനഗർ, അനന്ത്നാഗ്, ലഡാക്ക്, ഉദ്ദംപുർ, ജമ്മു എന്നിവയായിരുന്നു ലോക്സഭാ മണ്ഡലങ്ങൾ. ആറ് മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിൽ ബിജെപിയും മൂന്നെണ്ണത്തിൽ ജെകെഎൻസിയും (ജമ്മു–കശ്മീർ നാഷനൽ കോൺഫറൻസ്)  വിജയിച്ചു. 46.24 ശതമാനമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം. കശ്മീരിൽ ഒരു സീറ്റുപോലും നേടാൻ കഴി‍ഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായില്ല. അഞ്ചുമണ്ഡലങ്ങളുള്ള കശ്മീരിൽ അഞ്ചുഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ് – ഏപ്രിൽ 19, ഏപ്രിൽ 26, മേയ്–7, മേയ്–13, മേയ്–20 എന്നീ തീയതികളിൽ. ജൂൺ നാലിനാണ് വോട്ടെണ്ണല്‍. ബരാമുള്ള, ശ്രീനഗർ, അനന്ത്നാഗ്–രജൗരി, ഉദ്ദംപുർ, ജമ്മു എന്നിവയാണ് മണ്ഡലങ്ങൾ. 

∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചു, പക്ഷേ!

ജമ്മുകശ്മീരിലെ 90 അംഗ നിയമസഭയിലേക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിനു സമയമായില്ലെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്. സെപ്റ്റംബറിനു ശേഷമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനു സാധ്യത. 2014ലായിരുന്നു ജമ്മു–കശ്മീരിൽ അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി–പിഡിപി സഖ്യസർക്കാരാണ് ജമ്മു–കശ്മീരിൽ അധികാരത്തിൽ വന്നത്. മുഫ്തി മുഹമ്മദ് സയ്യിദായിരുന്നു മുഖ്യമന്ത്രി. 2016ൽ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മരണശേഷം മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി. എന്നാൽ 2018 ജൂണിൽ പിഡിപി നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. തുടർന്ന് ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 

Photo credit : PTI /S Irfan
Photo credit : PTI /S Irfan

∙ പ്രത്യേക പദവി റദ്ദാക്കലും പുനഃസംഘടനയും

ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന വകുപ്പാണ് ഭരണഘടനയുടെ അനുച്ഛേദം 370. ജമ്മു-കശ്മീരിന് പ്രത്യേക ഭരണഘടന രൂപവത്കരിക്കാനും സംസ്ഥാന പതാകയ്ക്കും സ്വയംഭരണത്തിനും ഇത് അനുവാദം നൽകി. ഇന്ത്യ സ്വതന്ത്രയായ 1947 മുതല്‍ ഇന്ത്യക്കും പാകിസ്താനും ചൈനയ്ക്കുമിടയില്‍ ഒരു തര്‍ക്കവിഷയമായി നിലകൊള്ളുന്നതായിരുന്നു ജമ്മു-കശ്മീര്‍. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ മുൻനിർത്തിയാണ് പ്രത്യേക പദവി നല്‍കിയത്.1952 നവംബര്‍ 17 മുതല്‍ ജമ്മു-കശ്മീരിനെ ഇന്ത്യയിലെ ഒരു സംസ്ഥാനമായി പ്രഖ്യാപിച്ചാണ് പ്രത്യേകപദവി നല്‍കാന്‍ തീരുമാനിച്ചത്. ഭരണഘടനയുടെ 21-ാം ഭാഗത്തില്‍ താത്കാലിക വ്യവസ്ഥയായാണ് അനുച്ഛേദം 370 ഉള്‍പ്പെടുത്തിയത്. 370-ാം അനുച്ഛേദത്തിനുള്ള വ്യവസ്ഥ റദ്ദാക്കാനുള്ള അധികാരം ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭയ്ക്ക് വിട്ടെങ്കിലും അത് റദ്ദാക്കാതെയാണ് പിന്നീട് ജമ്മു-കശ്മീര്‍ ഭരണഘടനാ നിര്‍മാണസഭയും പിരിച്ചുവിട്ടത്. ജമ്മു-കശ്മീരിനു വേണ്ടിയുള്ള ഭരണഘടനാ നിര്‍മാണസഭ 1957-ല്‍ ഇല്ലാതായതോടെ 370-ാം വകുപ്പിന് സ്ഥിരസ്വഭാവമായെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീംകോടതി തള്ളിയിരുന്നു. ഭരണഘടനാ നിര്‍മാണസഭയുടെ അഭാവത്തില്‍, താത്കാലിക വകുപ്പായ 370 റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഒരുപോലെയല്ലാത്ത ഫെഡറലിസമാണ് 370-ാം വകുപ്പിന്റെ പ്രത്യേകത, പരമാധികാരമല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

2019 ഓഗസ്റ്റ് 5ന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കി. കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പിഡിപി അധ്യക്ഷയും മുൻമുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു. 370–ാം അനുഛേദം റദ്ദാക്കിയ കേന്ദ്ര നടപടി 2023 ഡിസംബർ 11ന് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചിരുന്നു. ജമ്മു–കശ്മീരിന്റെ ആഭ്യന്തര പരമാധികാരം ഇല്ലാതായെന്നും 370–ാം വകുപ്പ് താത്കാലികമായിരുന്നു എന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചത്. ജമ്മു–കശ്മീരിന്റെ സംസ്ഥാനപദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സെപ്റ്റംബർ 30നകം തിരഞ്ഞെടുപ്പ് നടത്താനും തിരഞ്ഞെടുപ്പ് കമ്മിഷനു നിർദേശം നൽകിയിട്ടുണ്ട്. 

pm-modi-kashmir-leaders
ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

∙ ഗുപ്കർ സഖ്യത്തിന്റെ ഉദയം

ജമ്മുകശ്മീരിനു പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 370–ാം അനുഛേദം റദ്ദാക്കിയ ശേഷം ജമ്മു–കശ്മീർ സംസ്ഥാനത്തെ ജമ്മു–കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചാണ് ജമ്മു–കശ്മീർ പുനഃസംഘടനാ നിയമം പാസാക്കിയത്. ഇതോടെ കശ്മീരിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഉയർന്നു. ഇതിന്റെ ഭാഗമായാണ് ഗുപ്കർ സഖ്യത്തിന്റെ ഉദയം. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു കിട്ടാന്‍ ഒരുമിച്ചു പൊരുതാന്‍ വേണ്ടി രൂപീകരിച്ച സഖ്യമാണ് ഗുപ്കര്‍ സഖ്യം (പീപ്പിള്‍ അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍). മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ ഗുപ്കര്‍ റോഡ് വസതിയില്‍ ചേര്‍ന്ന യോഗത്തെത്തുടര്‍ന്നാണ് സഖ്യമുണ്ടായത്. 7 പാര്‍ട്ടികള്‍ ചേര്‍ന്നു രൂപീകരിച്ച സഖ്യത്തിന്റെ അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയാണ്. മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഉപാധ്യക്ഷയായി. സിപിഎമ്മിന്റെ മുഹമ്മദ് യൂസഫ് തരിഗാമി കണ്‍വീനറും പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സജ്ജാദ് ലോണ്‍ വക്താവുമാണ്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർ (Photo by PRAKASH SINGH / AFP)
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർ (Photo by PRAKASH SINGH / AFP)

ജമ്മു–കശ്മീരിന്റെ പ്രത്യേക പദവി നിലനിർത്തുന്നതിനായി മരണം വരെ പോരാടുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു. പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിനു ലഭിച്ച വലിയ തിരിച്ചടിയായിരുന്നു ഗുപ്കർ സഖ്യത്തിന്റെ രൂപീകരണം. രാജ്യതാത്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യാന്തര അവിശുദ്ധ സഖ്യമാണ് ഗുപ്കർ ഗ്യാങ് എന്നായിരുന്നു സഖ്യത്തെ അമിത് ഷാ വിശേഷിപ്പിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജില്ലാവികസന സമിതിയിലേക്കു നടത്തിയ തിരഞ്ഞെടുപ്പിൽ ഗുപ്കർ സഖ്യത്തിനായിരുന്നു വിജയം. 

∙ ഇന്ത്യ സഖ്യത്തെ തുണയ്ക്കുമോ കശ്മീർ?

കശ്മീരിലെ രാഷ്ട്രീയ നീക്കങ്ങൾ ഇന്ത്യ സഖ്യത്തിനു ഗുണകരമാകുമോ എന്നതാണ് നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യം. സീറ്റ് വിഭജനത്തിലെ തർക്കത്തെ തുടർന്ന്  മൂന്ന് ലോക്സഭാ സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാൻ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ജമ്മു–കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി തീരുമാനിച്ചത് കശ്മീരിൽ ഇന്ത്യ സഖ്യത്തിനു തിരിച്ചടിയായി. മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് ഇന്ത്യ സഖ്യത്തിൽ നിന്ന് പിന്മാറുന്നതെന്നും മെഹബൂബ മുഫ്തി വ്യക്തമാക്കിയിരുന്നു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു–കശ്മീരിലും ലഡാക്കിലും കോൺഗ്രസും നാഷനൽ കോൺഫറൻസും സഖ്യത്തിൽ മത്സരിക്കാൻ തീരുമാനമായി. മൂന്നു സീറ്റുകളിലാണ് ഇരുപാർട്ടികളും മത്സരിക്കുക. ഉദ്ധംപുർ, ജമ്മു, ലഡാക്ക് എന്നിവിടങ്ങളിൽ കോൺഗ്രസ് മത്സരിക്കും. അനന്ത്നാഗ്, ശ്രീനഗർ, ബരാമുള്ള എന്നിവിടങ്ങളിലാണ് നാഷനൽ കോൺഫറൻസ് മത്സരിക്കുന്നത്. തീവ്രദേശീയതയും വിശ്വാസവും തന്നെയാണ് കശ്മീരിൽ ബിജെപിയുടെ പ്രധാന പ്രചരണായുധം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ മുന്നണിക്കെതിരെ ആയുധമാക്കിയത് ഭക്ഷണവും വിശ്വാസവുമാണ്. രാഹുൽ ഗാന്ധിയും ലാലുപ്രസാദ് യാദവും രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനവിഭാഗത്തിന്റെ വിശ്വാസങ്ങളെ മനഃപൂർവം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

∙ മത്സരരംഗത്തെ പ്രമുഖർ

പിഡിപി അധ്യക്ഷയും മുൻമുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മുൻകോൺഗ്രസ് നേതാവ് ഗുലാംനബി ആസാദാണ് എതിരാളി. ശ്രീനഗർ, ബരാമുള്ള മണ്ഡലങ്ങളിൽ വഹീദ് പരാ, ഫയാസ് മിർ എന്നിവരാണ് പിഡിപി സ്ഥാനാർഥികൾ. ഉദ്ദംപുർ, ജമ്മു മണ്ഡലങ്ങളിൽ കോൺഗ്രസിനു പിന്തുണ നൽകുമെന്നും പിഡിപി അറിയിച്ചു. ബരാമുള്ളയിൽ നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുള്ള മത്സരിക്കും. ശ്രീനഗറിൽ നാഷനൽ കോൺഫറൻസ് മുതിർന്ന നേതാവ് അഗാ സയ്യിദ് റൂഹുള്ളയും മത്സരിക്കും. അനന്ത്നാഗ്–രജൗരിയിൽ മിയാൻ അൽത്താഫ് ലാർവിയയാണ് നാഷനൽ കോൺഫറൻസ് സ്ഥാനാർഥി. 

gupkar-1248
English Summary:

Kashmir at Electoral Crossroads: How Abrogation of Article 370 Shapes Upcoming Lok Sabha Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com