ADVERTISEMENT

വാഴൂർ (കോട്ടയം)∙ ഇറാൻ കമാൻഡോകൾ പിടിച്ചെടുത്ത കപ്പലിൽനിന്നു മോചിതയായി ആൻ ടെസ്സ ജോസഫ് തിരികെ വീട്ടിലെത്തുമ്പോൾ അവളെയും കാത്തിരുന്ന കുടുംബം ഒരേസമയം ആശ്വാസത്തിലും അഭിമാനത്തിലുമാണ്. ‘‘ടെസ്സയെ അവർക്കൊക്കെ വലിയ കാര്യമാണ്, ബഹുമാനത്തോടെയാണ് എല്ലാവരും പെരുമാറിയിരുന്നത്, എങ്കിലും ബാക്കിയുള്ള ആളുകൾ അവിടെ കുരുങ്ങിക്കിടക്കുവല്ലേ? അവർക്കും കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്’’ – മാധ്യമങ്ങളുടെയും നാട്ടുകാരുടെയും ബന്ധുക്കളുടെയും തിരക്കൊഴിഞ്ഞ കോട്ടയം വാഴൂരെ വീട്ടിൽ ഒരു മെഴുകുതിരി വെട്ടത്തിൽ കൂടിയിരുന്ന് ആ കുടുംബം കഴിഞ്ഞ കുറെ നാളുകളെ ഓർത്തെടുക്കുകവെ ആൻ ടെസ്സയുടെ പിതാവ് ബിജു ഏബ്രഹാം പറഞ്ഞു. 

‘‘മോചിപ്പിക്കുന്ന വിവരം ഞങ്ങൾ അറിയുന്നത് ഏതാണ്ട് ഉച്ചയോടെയാണ്. പെട്ടെന്നാണ് അവർ അറിയിച്ചത്. ഉടനെ തന്നെ ഞങ്ങൾ വീട്ടിൽനിന്ന് ഇറങ്ങി വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു. ബാക്കിയുള്ള 24 പേരെ കൂടെ റിലീസ് ചെയ്തെങ്കിലേ ഞങ്ങള്‍ക്കു സന്തോഷമാവുകയുള്ളൂ. ഈ നാട് തന്നിട്ടുള്ള പിന്തുണ ചെറുതല്ല. ‘പേടിക്കേണ്ട, ഞങ്ങൾ കൂടെയുണ്ട്, ഞങ്ങളെക്കൊണ്ടാവുന്നതെല്ലാം ഞങ്ങൾ ചെയ്യാം’ എന്നെല്ലാം പറഞ്ഞ് ഞങ്ങൾക്ക് ആശ്വാസവുമായി അവരെല്ലാം എത്തിയിരുന്നു. ഇവിടത്തെ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങി എല്ലാവരും വീട്ടിൽ വരികയും ആശ്വസിപ്പിക്കുകയും ചെയ്തു. പറയുമ്പോൾ ഞങ്ങൾ കോട്ടയത്തെ വീട്ടിലേക്കു വന്നിട്ട് ചുരുങ്ങിയ ദിവസങ്ങൾ ആയതേയുള്ളൂ. 

ഒൻപത് മാസമായി കപ്പലിൽ യാത്രയിലായിരുന്നു ആൻ ടെസ്സ ജോസഫ്. യാത്ര അവസാനിക്കാനിരിക്കവേയാണ് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുക്കയുന്നതും 17 അംഗങ്ങളുള്ള ജീവനക്കാരെ തടഞ്ഞു വയ്ക്കുന്നതും. ഒന്നര ദിവസത്തിനുശേഷമാണു വിവരം ക്യാപ്റ്റൻ, ടെസ്സയുടെ അച്ഛനെ അറിയിക്കുന്നത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പിതാവിന്, സാഹചര്യങ്ങൾ കൂടുതൽ വിവരിക്കേണ്ടതായി വന്നില്ല. എന്തൊക്കെ സംഭവിച്ചേക്കാം എന്ന ധാരണ അവർക്കുണ്ടായിരുന്നു. ആശ്വാസവും പ്രതീക്ഷയുമായി ധാരാളം ആളുകൾ അവരെ കാണാനെത്തി. ചേർത്തുനിർത്തി കൂടെയുണ്ടെന്ന് ഉറപ്പ് നൽകി’’ – മാതാപിതാക്കൾ പറയുന്നു. അതൊന്നും തങ്ങൾ അനുഭവിച്ച മാനസിക സംഘർഷത്തെ കെടുത്തുന്നതായിരുന്നില്ലെന്നാണ് ആ മാതാപിതാക്കൾ പറയുന്നത്.

പേടിക്കേണ്ട ഞങ്ങൾക്ക് കുഴപ്പമില്ല, ടെസ്സമോൾ പറഞ്ഞു 

‘‘ടെസ്സമോൾ എന്നും ഞങ്ങളെ വിളിച്ചു സംസാരിക്കാറുണ്ട്. വെള്ളിയാഴ്ച രാത്രി സംസാരിച്ചശേഷം, നാളെ വിളിക്കാമെന്നു പറഞ്ഞാണ് അവൾ കിടക്കാൻ പോകുന്നത്. പറഞ്ഞ സമയത്തു വിളിയൊന്നും ഇല്ലാതിരുന്നപ്പോഴാണ് ഞങ്ങൾ അങ്ങോട്ട് വിളിക്കാൻ ശ്രമിച്ചത്. പക്ഷേ, സാധിച്ചില്ല. അന്ന് ഞങ്ങൾ തൃശൂരിൽനിന്നു കോട്ടയത്തെ വീട്ടിലേക്കു താമസം മാറുന്ന ദിവസമാണ്. ഉച്ചയായപ്പോൾ ഓഫിസിൽനിന്നു ക്യാപ്റ്റൻ എന്നെ വിളിച്ചു. കപ്പലിന് ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടായിട്ടുണ്ട്, അബുദാബിയിൽനിന്നു വരുന്ന വഴി ഇറാനിയൻ സംഘം ഹെലികോപ്റ്ററിൽ വന്ന് കപ്പൽ പിടിച്ചെടുത്തിരിക്കുകയാണ് എന്നറിയിച്ചു. കപ്പൽ അവർ ഇറാന്റെ അതിർത്തിക്കുള്ളിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അറിയിച്ചു. ആർക്കും അവരെ ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥ. അത‌ു കേട്ടപ്പോൾ സത്യം പറാഞ്ഞാൽ നല്ല വിഷമം തോന്നി. ആ സമയത്തെ ഞങ്ങളുടെ മാനസികാവസ്ഥ വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയില്ല; അത് അനുഭവിച്ചാലേ അറിയൂ.

കാത്തിരുന്ന് കാത്തിരുന്ന് രണ്ടാം ദിവസം ക്യാപ്റ്റൻ വീണ്ടും വിളിച്ചു. ടെസ്സ മോൾ വിളിക്കും, ഫോൺ അറേഞ്ച് ചെയ്തിട്ടുണ്ട് എന്നു മാത്രം പറഞ്ഞു. അഞ്ച് മിനിറ്റിനകം തന്നെ അവളുടെ വിഡിയോ കാൾ വന്നു. അപ്പോഴാണു ശരിക്കും ശ്വാസം പുറത്തു വന്നത്. അവളെ നേരിട്ടു കണ്ടു. "പേടിക്കേണ്ട, ഞങ്ങൾക്കു കുഴപ്പമൊന്നുമില്ല, ഒന്നും സംഭവിക്കില്ല, ധൈര്യമായി ഇരിക്കൂ" എന്ന് പറഞ്ഞ് അവൾ തന്നെയാണ് ആശ്വസിപ്പിച്ചത്. എന്നാലും, എനിക്ക് ഇതിന്റെ പ്രത്യാഘാതങ്ങൾ അറിയാം. ഞാൻ മർച്ചന്റ് നേവിയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. ഞങ്ങൾ വിഷമിക്കേണ്ടെന്നു കരുതി മകൾ വെറുതെ പറയുന്നതാണ് എന്നാണ് കരുതിയത്. പക്ഷേ, അവളുടെ മുഖഭാവങ്ങൾ ആശ്വാസം പകരുന്നതായിരുന്നു. മകളോട് എല്ലാവരും ബഹുമാനത്തോടെയാണു പെരുമാറിയിരുന്നത്. അവരാരും തന്നെ ക്രൂവിനെ വിഷമിപ്പിക്കുകയോ ദ്രോഹിക്കുകയോ ഒന്നും ചെയ്തിട്ടില്ല. കപ്പൽ പിടിച്ചെടുത്ത് അവരുടെ അധീനതയിൽ ആക്കി എന്നതൊഴിച്ച് ഒരു പ്രശ്നവും ഇവർക്കുണ്ടായില്ല. 

അന്നവൾ പറഞ്ഞു, ഇനി ഒരാഴ്ച കൂടി കാത്തിരിക്കണമെന്ന് 

ഇങ്ങനെ മുൻപോട്ട് പോകുമ്പോ, പിറ്റേന്ന് അവൾ വീണ്ടും വിളിച്ചു. റിലീസിനെ സംബന്ധിച്ച് എന്തെങ്കിലും വിവരമുണ്ടോ എന്ന് ചോദിച്ചപ്പോൾ, ‘‘പപ്പാ, എന്തായാലും ഒരാഴ്ച എങ്കിലും വെയിറ്റ് ചെയ്യണം’’ എന്നറിയിച്ചു. ഓരോ ദിവസ്സവും എണ്ണി എണ്ണിയാണ് ഞങ്ങൾ ഇവിടെ ജീവിച്ചിരുന്നത്. ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ. അതിനിടയ്ക്ക്, നാട്ടുകാരും രാഷ്ട്രീയപ്രവർത്തകരും ഒക്കെ വന്നു, ആശ്വസിപ്പിക്കാനായി. പക്ഷേ, ഞങ്ങൾക്ക് ആശ്വാസമാവണമെങ്കിൽ ഇവളെ കാണണം. അത് അങ്ങനെ ആയിരിക്കുമല്ലോ? എന്തുമാകട്ടെ, ഞാൻ വിശ്വസിക്കുന്നത് ഇതു ദൈവത്തിന്റെ ഇടപെടലാണെന്നാണ്. എന്തായാലും അവൾ ഇവിടെ എത്തി. ഞങ്ങൾക്കതിൽ സന്തോഷമുണ്ടെങ്കിലും ബാക്കി 16 ഇന്ത്യക്കാർ അവിടെ കപ്പലിൽ കുടുങ്ങിക്കിടക്കുകയാണ്. അവർക്കും കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്. അവരെക്കൂടി എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം’’ – അവർ കൂട്ടിച്ചേർത്തു.

കപ്പൽ പിടിച്ചെടുത്തതു ഒരു ഷോക്ക് ആയിപ്പോയെന്നു മാതാവ് ബീന ബിജു പറഞ്ഞു ‘‘ഞങ്ങൾക്ക് അത് അംഗീകരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഷിപ്പിൽനിന്ന് ഇറങ്ങും എന്നു മുൻപ് വിളിച്ചപ്പോൾ പറഞ്ഞിരുന്നു. അതിനുശേഷം രണ്ട് മൂന്ന് ദിവസത്തേക്കു യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പേടിക്കേണ്ട, യാതൊരു തരത്തിലും പ്രശ്നം ഉണ്ടാകില്ല, ഇന്ത്യയും ഇറാനും തമ്മിൽ യാതൊരു പ്രശ്നവും ഇല്ല, അതുകൊണ്ട് തന്നെ ദോഷമുള്ള കാര്യങ്ങളൊന്നും അവർ ചെയ്യില്ല, എന്നൊക്കെ പലരും പറഞ്ഞു. എങ്കിലും, മോളോടൊന്നു സംസാരിക്കാൻ സാധിക്കാത്തതിൽ നല്ല രീതിയിൽ സങ്കടമുണ്ടായി’’ – അവർ കൂട്ടിച്ചേർത്തു.

English Summary:

Anne Tessa Joseph Came Back Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com