ADVERTISEMENT

കോഴിക്കോട് ∙ ഡോ. കെ.വി.പ്രീതിക്കെതിരെയുള്ള പരാതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ അതീജീവിത സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ തെരുവോരത്ത് നടത്തുന്ന സമരം രണ്ടാം ദിവസം പിന്നിട്ടു. അന്തരീക്ഷത്തിലെ കടുത്ത ചൂടും വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന ചൂടും പൊടിയുമെല്ലാം സഹിച്ചാണ് നീതി തേടി വെള്ളിയാഴ്ച രാവിലെ മുതൽ വൈകിട്ടു വരെ കമ്മിഷണർ ഓഫിസിനു മുൻപിൽ കാർഡ്ബോർഡ് വിരിച്ചു നിലത്തിരുന്നത്. റിപ്പോർട്ട് ലഭിക്കുന്നതുവരെ സമരം തുടരും. 

സമരത്തിന്റെ ഭാഗമായി ഇവിടെ വച്ച ബോർഡ് മാറ്റാൻ കമ്മിഷണറുടെ നിർദേശമുണ്ടെന്നു പൊലീസുകാരൻ അതിജീവിതയെ അറിയിച്ചു. എന്നാൽ നിങ്ങൾ എല്ലാം നിയമ പ്രകാരമല്ലല്ലോ ചെയ്യുന്നതെന്നും ഒരു അതിജീവിതയായ ഞാൻ നീതിക്കുവേണ്ടി ഇവിടെ കാത്തു കിടക്കേണ്ടിവരികയാണല്ലോ എന്ന മറുചോദ്യം അതിജീവിത പൊലീസുകാരനോട് ചോദിച്ചു.  വെള്ളിയാഴ്ച രാവിലെ എഡിജിപി ഹർഷിത അട്ടല്ലൂരിനെ ഫോണിൽ വിളിച്ച് അതിജീവിത, താൻ നീതിതേടി കമ്മിഷണർ ഓഫിസിനു മുൻപിൽ ഇരിക്കുകയാണെന്ന കാര്യം അറിയിച്ചു. 

2023 മാർച്ച് 18ന് മെഡിക്കൽ കോളജ് സർജറി ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിതയുടെ മൊഴി പൊലീസ് നിർദേശ പ്രകാരം ഡോ. കെ.വി.പ്രീതിയാണ് രേഖപ്പെടുത്തിയിരുന്നത്. താൻ പറഞ്ഞ കാര്യങ്ങൾ ഡോക്ടർ പൂർണമായും രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി. ഇതു അന്വേഷിച്ച മെഡിക്കൽ കോളജ് എസിപി കെ.സുദർശൻ അതിജീവിതയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്. 

ഇതുമായി ബന്ധപ്പെട്ട രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴിയും എസിപി തയാറാക്കിയ പൂർണ റിപ്പോർട്ടും ആവശ്യപ്പെട്ടാണ് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് വിവരാവകാശ നിയമ പ്രകാരം ജൂലൈ 27ന് അപേക്ഷ നൽകിയത്. കോടതിയിൽ പരിഗണനയിലുള്ള കേസായതിനാലും സാക്ഷികളുടെ ജീവനിൽ ആപത്തുള്ളതിനാലും തരാൻ പറ്റില്ലെന്ന  മറുപടിയാണ് കമ്മിഷണറിൽ നിന്നും അതിജീവിതയ്ക്കു ലഭിച്ചത്. എന്നാൽ ഡോക്ടർക്കെതിരെയുള്ള പരാതിയിൽ പൊലീസ് എഫ്ഐആർ പോലും ഇട്ടിട്ടില്ലെന്നും അതിജീവിത ആരെയും അപായപ്പെടുത്താൻ പോകുന്നില്ലെന്നും കാണിച്ചു കഴിഞ്ഞ ഫെബ്രുവരി 9ന് അതിജീവിത വിവരാവകാശ കമ്മിഷനു അപ്പീലും നൽകിയിരുന്നു. ഇതിൻമേലൊന്നും തുടർ നടപടിയുണ്ടാകുന്നില്ലെന്നു അതിജീവിത പറഞ്ഞു. 

∙ ഒരു മണിക്കൂർ കാത്തു നിന്നു; കമ്മിഷണറെ കാണാതെ തിരിച്ചു പോയി

എഡിജിപിയോട് സംസാരിച്ച പ്രകാരം അതിജീവിത വെള്ളിയാഴ്ച വൈകിട്ട് സിറ്റി പൊലീസ് കമ്മിഷണറെ കാണാൻ ചെന്നെങ്കിലും കാണാനാകാതെ മടങ്ങി. ഒപ്പമുള്ള സമര സമിതി ഭാരവാഹികളെ കാണാൻ പറ്റില്ലെന്നും അതിജീവിതയ്ക്കു മാത്രം വരാമെന്നും കമ്മിഷണർ നിലപാടെടുത്തതോടെയാണ് അതിജീവിത മടങ്ങിപ്പോയത്. 

നൗഷാദ് തെക്കയിൽ, ഷാരൂൺ കുന്നമംഗലം എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. യുവ എഴുത്തുകാരി എം.എ.ഷഹനാസ്, വിൻസന്റ് (അന്വേഷണബന്ധു), മുസ്തഫ പാലാഴി, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്നലെ സമരത്തിനു പിന്തുണയുമായി എത്തി.

English Summary:

Demands for Transparency: Tortured Patient Seeks ICU Investigation Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com