ADVERTISEMENT

ബെംഗളൂരു∙ പ്രണയാഭ്യർഥന നിരസിച്ച കോളജ് വിദ്യാർഥിനിയെ ജൂനിയർ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തിയ സംഭവം സിദ്ധരാമയ്യ സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. ഹുബ്ബള്ളി ധാർവാഡ് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ മഠിന്റെ മകൾ നേഹ ഹിരേമഠിന്റെ (21) മരണമാണ് രാഷ്ട്രീയ വിവാദങ്ങൾക്കു തിരി കൊളുത്തിയത്. നേഹയെ കുത്തി കൊലപ്പെടുത്തിയ ബെളഗാവി സ്വദേശി ഫയാസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹുബ്ബള്ളി ബി.വി.ഭൂമമറാഡി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ എംസിഎ വിദ്യാർഥിനിയാണ് നേഹ. ഇതേ കോളജിലെ ബിസിഎ വിദ്യാർഥിയാണ് അറസ്റ്റിലായ ബെളഗാവി സ്വദേശി ഫയാസ് (19). പ്രണയാഭ്യർഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതോടെ, ക്യാംപസിലേക്കു കത്തിയുമായെത്തിയ ഇയാൾ നേഹയെ കുത്തിവീഴ്ത്തുകയായിരുന്നു. സഹപാഠികൾ ചേർന്ന് പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ സർക്കാർ കേസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര ആരോപിച്ചു. കൊലപാതകത്തിൽ ലൗ ജിഹാദ് ആരോപണവും ഉയരുന്നുണ്ട്. കോൺഗ്രസ് അധികാരത്തിലെത്തിയത് മുതൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സംഭവം മുതലെടുത്ത് ഗവർണർ ഭരണം അടിച്ചേൽപിക്കാൻ ബിജെപി ശ്രമിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു. ക്രമസമാധാനനില തൃപ്തികരമാണ്. പ്രതിക്ക് അർഹിച്ച ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കൊലപാതകത്തിനു പിന്നിൽ വ്യക്തിപരമായ കാരണമാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ നേഹയുടെ പിതാവ് നിരഞ്ജൻ രംഗത്തെത്തി. നേഹയ്ക്കു ഫയാസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ആസൂത്രിതമായ കൊലപാതകമാണു നടന്നതെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന കുടുംബത്തിന്റെ ആത്മാഭിമാനം തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Karnataka Congress Councillor’s daughter stabbed to death on Hubballi college campus updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com