ADVERTISEMENT

താമരശേരി ∙ കുടുക്കിൽ ഉമ്മരത്ത് ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലും ആക്രമണങ്ങളും തുടരുന്നു. സ്ഥലത്ത് പൊലീസ് സാന്നിധ്യമുണ്ടായിട്ടും മൂന്നാം ദിവസവും സംഘർഷം തുടരുകയാണ്. ഇന്നലെ രാത്രി 9 മണിയോടെ ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടത്തിൽ ഫിറോസിന്റെ വീടാണ് അജ്ഞാതർ ആക്രമിച്ചത്. ലഹരിമരുന്നു കേസിലെ പ്രധാന പ്രതിയാണ് ഫിറോസ്. ജനൽചില്ലുകളും വാതിലുകളും വീട്ടുപകരണങ്ങളും തകർത്തു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

വ്യാഴം ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ആറു മാസം മുമ്പ് അമ്പലമുക്കിൽ ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അയൂബിന്റെ സഹോദരന്റെ മകളുടെ വിവാഹത്തിന് അയൂബിന്റെ സംഘാംഗങ്ങൾ എത്തിയിരുന്നു. അമ്പലമുക്ക് സംഘർഷത്തിൽ വെട്ടേറ്റ ഇർഷാദും ലഹരിവിരുദ്ധ സമിതി പ്രവർത്തകരും വിവാഹത്തിന് എത്തി. രണ്ടു സംഘങ്ങളും തമ്മിൽ അവിടെവച്ച് തർക്കവും ചെറിയ രീതിയിൽ കയ്യേറ്റവുമുണ്ടായി. ഇതിൽ അയൂബിന്റെ സംഘത്തിലുള്ളവർക്കു മർദനമേറ്റു. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

സംഘർഷം തടയാൻ ശ്രമിച്ച കുടുക്കിൽ ഉമ്മരത്തെ വ്യാപാരി കൂടത്തായി പുവ്വോട്ടിൽ നവാസിനെ അന്നു രാത്രി അക്രമിസംഘം കടയിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുക്കിൽ ഉമ്മരം സ്വദേശികളും ലഹരിവിരുദ്ധസമിതി പ്രവർത്തകരുമായ മാജിദ്, ജലീൽ എന്നിവരുടെ വീട് ആക്രമിക്കുകയും ചെയ്തു. അയൂബ്, ഫിറോസ്, ഫസൽ എന്ന കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഫിറോസിന്റെ വീടാണ് ഇന്നലെ രാത്രി മറ്റൊരു സംഘം അടിച്ചു തകർത്തത്. അയൂബിനെ കാപ്പ ചുമത്തി നാടുകടത്താനുള്ള നോട്ടിസ് പൊലീസിനു ലഭിച്ച ദിവസമായിരുന്നു ആക്രമണം.

ആറു മാസം മുമ്പ് അമ്പലമുക്കിൽ ‌ഒരു വീടു കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ അഴിച്ചുവിട്ടും കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ പൊലീസ് ജീപ്പ് ഉൾപ്പെടെ അടിച്ചു തകർക്കുകയും ഇർ‌ഷാദിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട തർക്കമാണ് വ്യാഴാഴ്ച വീണ്ടും സംഘർഷത്തിനു കാരണമായത്.

English Summary:

Drug Mafia Showdown in Kuduk Escalates Amidst Police Struggle for Control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com