ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്‌ലിംകൾക്കു നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ. പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും അടിയന്തര നടപടിയെടുക്കമെന്നാണ് ആവശ്യം.

നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പ് റാലികളിൽ നിന്നടക്കം വിലക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളെ അടക്കം സംഘടിപ്പിച്ച് പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് കൂട്ടപരാതി അയക്കാനാണ് തൃണമൂൽ കോൺഗ്രസ് നീക്കം. മോദിയുടേത് വിഷം നിറഞ്ഞ ഭാഷയെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു. രാജ്യത്തെ സ്വത്തിന്റെ ആദ്യ അവകാശികൾ ന്യൂനപക്ഷമാണെന്ന് 2006ൽ  മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് അഭിപ്രായപ്പെട്ടെന്നുകൂടി ചൂണ്ടിക്കാണിച്ചാണു മോദി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുനൽകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ‘‘അവർ നിങ്ങളുടെ സ്വത്ത് മുസ്‌ലിംകൾക്കു നൽകും. അവരുടെ പ്രകടനപത്രികയിൽ അങ്ങനെയാണു പറയുന്നത്. അമ്മമാരേ, സഹോദരിമാരേ നിങ്ങളുടെ കെട്ടുതാലിവരെ അവർ അങ്ങനെ വിതരണം ചെയ്യും. നിങ്ങളുടെ സ്വത്ത് കൂടുതൽ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാർക്കു കൊടുക്കണമെന്നാണോ?’’– മോദി ചോദിച്ചു.

ആദ്യഘട്ട തിരഞ്ഞെടുപ്പിൽ വൻതിരിച്ചടി നേരിട്ടെന്നു മനസിലായതോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി മോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് ചില സമ്പന്നരിൽ മാത്രം കുന്നുകൂടാതെ എല്ലാവർക്കുമായി പുനർവിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നാണു പ്രകടനപത്രികയിൽ പറയുന്നത്. ഇതിനെ വളച്ചൊടിച്ചു കള്ളം പറയുകയാണു മോദി.ഹിന്ദു–മുസ്‌ലിം പരാമർശം പ്രകടനപത്രികയിൽ കാണിച്ചു തരാൻ മോദിയെ കോൺഗ്രസ് വെല്ലുവിളിച്ചു. 

ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള നിരാശ മൂലം നരേന്ദ്ര മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഭയം കാരണം അദ്ദേഹം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസിന്റെ വിപ്ലവകരമായ പ്രകടനപത്രികയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യം ഇനി തൊഴിലിനും ഭാവിക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷയാണെന്നു ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നെന്നും സിപിഎം കുറ്റപ്പെടുത്തി. ഏകാധിപതി നിരാശയിലെന്നും എക്‌സിലെ പോസ്റ്റിൽ  സിപിഎം കുറിച്ചു.

English Summary:

Congress and CPM against PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com