ADVERTISEMENT

ശ്രീനഗർ∙ തിരഞ്ഞെടുപ്പ് ആസന്നമായതോടെ ജമ്മുകശ്മീരില്‍ കൊലവിളി തുടര്‍ന്ന് ഭീകരര്‍. 20 വര്‍ഷങ്ങള്‍ക്കു മുന്‍പ് തോക്കിനിരയാക്കിയ ആളുടെ മകന്റെ ജീവനെടുത്താണ് കഴിഞ്ഞ ദിവസം ഭീകരര്‍ കശ്മീരില്‍ ചോരക്കളി തുടരുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസിഖിനെ  (40) ആണ്  തീവ്രവാദികൾ വെടിവെച്ചുകൊന്നത്.  ഗ്രാമത്തിലെ പള്ളി സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ഇയാൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. റസിഖിനെ ഉടൻ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. 20 വർഷങ്ങൾക്ക് മുൻപ് റസിഖിന്റെ പിതാവ് മുഹമ്മദ് അക്ബർ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. റസിഖിന്റെ സഹോദരൻ ടെറിടോറിയൽ ആർമിയിലെ സൈനികനാണ്. 

"രണ്ട് വെടിയൊച്ചകൾ ഞങ്ങൾ കേട്ടു, പിന്നെ റസിഖ് രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്.’’ ആക്രമണത്തിന് ദൃക്സാക്ഷിയായ ഒരാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണമുണ്ടായതിന് പിറകേ സുരക്ഷാസേന അതിവേഗം പരിസരം വ‍ളഞ്ഞ് തിരച്ചിൽ ആരംഭിച്ചുവെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി റസിഖിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. പത്ത് ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിതെന്ന് അനുശോചന സന്ദേശത്തിൽ അവർ ചൂണ്ടിക്കാട്ടി.  

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കശ്മീരിൽ ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. ലഷ്കർ ഇ തൊയ്ബയുടെ നിഴൽ സംഘടനയായി പ്രവർത്തിക്കുന്ന ദ റെസിസ്റ്റൻറ് ഫ്രണ്ട് (ടിആർഎഫ്)ആക്രമണത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തു. നിങ്ങളുടെ തിരഞ്ഞെടുപ്പിനുള്ള സമ്മാനമെന്നാണ് കൊലപാതകത്തെ അവർ വിശേഷിപ്പിച്ചത്.  

ദിവസങ്ങൾക്ക് മുൻപാണ് ബിഹാർ സ്വദേശിയായ രാജാ ഷാ കശ്മീരിൽ കൊല്ലപ്പെട്ടത്. കഴുത്തിലും വയറ്റിലുമായി രണ്ടു വെടിയുണ്ടകൾ ഏറ്റിരുന്നു. ഏപ്രിൽ എട്ടിന് ഷോപിയാൻ ജില്ലയിൽ ഒരു കാർ ഡ്രൈവറും തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

കഴിഞ്ഞ വർഷം അവസാനം മുതലാണ് സൈനികർക്ക് പകരം സാധാരണക്കാരെ ലക്ഷ്യംവച്ചുകൊണ്ടുള്ള അക്രമം ടിആർഫ് നടത്തുന്നത്. കശ്മീരി പണ്ഡിറ്റുകളും, അന്യസംസ്ഥാനങ്ങളിൽ നിന്ന് ജോലി തേടിയെത്തുന്നവരുമാണ് ഇവരുടെ ആക്രമണത്തിന് ഇരയാകുന്നത്. 

2019 ഒക്ടോബറിൽ കുൽഗാം ജില്ലയിൽ ബംഗാളിൽനിന്നുള്ള 5 മുസ്‌ലിം തൊഴിലാളികളെ കൊലപ്പെടുത്തിയാണ് ദ് റെസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) എന്ന പുതിയ ഭീകര സംഘടന രംഗപ്രവേശം ചെയ്തത്. ഇത് പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ തന്നെയാണെന്നു പൊലീസ് പറയുന്നു. ഇതരസംസ്ഥാനക്കാർക്കെതിരെ ആസൂത്രിതമായ ആക്രമണപരമ്പരകളാണു ടിആർഎഫ് തുടർന്നു നടത്തിയത്. ഈ മാസം തുടർച്ചയായ ആക്രമണങ്ങളുണ്ടായതോടെ നൂറുകണക്കിനു ഇതര സംസ്ഥാനക്കാരെ പൊലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.  

പ്രത്യേക പദവി നീക്കം ചെയ്തതോടെ, ഇതരസംസ്ഥാനക്കാർ വർധിച്ചതോതിൽ സ്ഥിരതാമസ അവകാശം നേടുമെന്ന ഭീതിയുടെ പ്രത്യാഘാതമാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ. പുതിയ താമസ നിയമം അനുസരിച്ച് 15 വർഷമായി താമസിക്കുന്ന ഏതൊരു വ്യക്തിക്കും 10 വർഷമായി ഇവിടെ സർക്കാർ, ബാങ്കിങ് സർവീസിലുള്ളവർക്കും സ്ഥിരതാമസ രേഖ ലഭിക്കും. എത്ര പുറംനാട്ടുകാർക്കു ഇങ്ങനെ താമസരേഖ അനുവദിച്ചുവെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. 

2011ലെ സെൻസസ് പ്രകാരം ജമ്മു കശ്മീരിലെ 1.23 കോടി ജനങ്ങളിൽ 28.09 ലക്ഷം കുടിയേറ്റക്കാരുണ്ട്. ഇതിൽ പകുതിയോളം പേർ (14 ലക്ഷം) 10 വർഷത്തിലധികമായി പാർക്കുന്നവരാണ്. പുതിയ നിയമപ്രകാരം ഇവർക്ക് സ്ഥിരതാമസാനുമതി  നൽകിയാൽ ജനസംഖ്യാനുപാതം ബിജെപിക്ക് അനുകൂലമാകുമെന്നാണു വിഘടനവാദികളുടെ വിലയിരുത്തൽ.

ബിജെപിയുടെ കശ്മീർ നയത്തിനേറ്റ പ്രഹരമായിട്ടാണു വർധിക്കുന്ന ഭീകരാക്രമണങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ കാണുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതും ആക്രമണങ്ങൾക്ക് ആക്കം കൂട്ടിയെന്ന് അവർ വിലയിരുത്തുന്നു.

കശ്മീരിലെ വസ്തുക്കൾ സംബന്ധിച്ചു പണ്ഡിറ്റുകളുടെ പരാതികൾ സ്വീകരിക്കാൻ സർക്കാർ ഒരു വെബ്സൈറ്റ് തുടങ്ങിയിരുന്നു. 2 ആഴ്ചയ്ക്കകം ഓരോ പരാതിയും പരിഹരിക്കാനാണു നിർദേശം. പലായനം ചെയ്ത പണ്ഡിറ്റുകൾ കിട്ടിയ വിലയ്ക്കു വിറ്റുപോയ ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം താഴ്‌വരയിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിയെന്നും ഭീകരപ്രവർത്തനങ്ങൾക്ക് അന്ത്യമായെന്നുമുള്ള  കേന്ദ്രവാദങ്ങളെ പൊളിക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ പത്തുദിവസമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

English Summary:

Man shot dead by terrorists in J&K’s Rajouri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com