ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. വീട്ടിലെ വോട്ട് സംബന്ധിച്ച ചില പരാതികൾക്ക് കാരണം ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ്. തപാൽ വോട്ടിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതിനാൽ തുടക്കത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ടായി. അവ പരിഹരിച്ചു. തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണറെ മാറ്റാനുള്ള ഫയൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്ക് അയച്ചു. ജോൺ ബ്രിട്ടാസ് എംപി കേരള സർവകലാശാലയിൽ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടെന്നും സഞ്ജയ് കൗൾ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

∙ തിരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം, തയാറെടുപ്പുകൾ പൂർത്തിയായോ?

പോസ്റ്റൽ ബാലറ്റുകളുടെ നടപടികൾ നടക്കുന്നു. ഇന്ന് അത് പൂർത്തിയാകും. വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തിലേക്കു പോകാൻ തയാറാണ്. 25ന് വിതരണം ആരംഭിക്കും. ബൂത്തുകളിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി. തിരഞ്ഞെടുപ്പിനായുള്ള അടിസ്ഥാനപരമായ കാര്യങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. 25,231 പോളിങ് ബൂത്തുകളുണ്ട്. 62 കമ്പനി കേന്ദ്രസേന സംസ്ഥാനത്തുണ്ട്. 1700 പ്രശ്നബാധിത ബൂത്തുകളുണ്ട്. സുരക്ഷാക്രമീകരണങ്ങളും പൂർത്തിയായി

  • Also Read

∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽനിന്ന് ഇത്തവണയുള്ള ഭരണപരമായ നവീകരണങ്ങൾ എന്തൊക്കെയാണ്

ബൂത്തിന്റെ മേൽനോട്ടത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട്. കൂടുതൽ ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്തുന്നു.  പ്രശ്നബാധിത മേഖലകളിലെ ബൂത്തുകളിൽ രണ്ട് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഒന്നാമത്തേത് ബൂത്തിനകത്തും രണ്ടാമത്തേത് ബൂത്തിനു വെളിയിലെ കാര്യങ്ങള്‍ നിരീക്ഷിക്കാനും. അധികൃതർക്ക് ഓൺലൈനായി ദൃശ്യങ്ങൾ കാണാൻ കഴിയും. കലക്ടറുടെ ഓഫിസിലും നിരീക്ഷണത്തിനു കൺട്രോൾ റൂം ഉണ്ട്. പാർട്ടികളുടെ സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങൾ ഇത്തവണ കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്. ജില്ലകളിലും സംസ്ഥാനതലത്തിലും സോഷ്യൽ മീഡിയ മോണിറ്ററിങ് സെല്ലുകളുണ്ട്.

∙ എട്ട് ജില്ലകളിലാണ് മുഴുവൻ ബൂത്തുകളിലും വൈബ് കാസ്റ്റിങ് നടത്തുന്നത്. എന്തുകൊണ്ടാണിത്?

8 ജില്ലകളിൽ മുഴുവനായും ബാക്കി ജില്ലകളിൽ 75 ശതമാനവും വെബ് കാസ്റ്റിങ് നടത്തുന്നുണ്ട്. മാവോയിസ്റ്റ് ഭീഷണി, സുരക്ഷാ ഭീഷണി, പ്രമുഖർ മത്സരിക്കുന്ന മണ്ഡലം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ചില ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തുന്നത്.

∙ വീട്ടിലെ വോട്ടിനെ സംബന്ധിച്ച് ചില പരാതികൾ ഉയർന്നിരുന്നു?

4 കേസുകളാണ് ശ്രദ്ധയിൽപ്പെട്ടത്. ഒന്നരലക്ഷത്തോളം ആളുകൾ വീട്ടിൽ വോട്ടിട്ടു. അങ്ങനെ നോക്കുമ്പോൾ വലിയ പ്രശ്നം ഉണ്ടായിട്ടില്ല. കല്യാശേരിയിലെ കേസ് പ്രത്യേകം ശ്രദ്ധയിൽവന്നു. അതിനെതിരെ നടപടിയെടുത്തു. ബാക്കിയുള്ള കേസുകളിൽ ഉദ്യോഗസ്ഥരുടെ അശ്രദ്ധയായിരുന്നു കാരണം. പൊതുവേ നന്നായി കാര്യങ്ങൾ നടന്നു. സംതൃപ്തിയുണ്ട്.

∙ തപാൽ വോട്ടു ചെയ്യുന്നതിലും പ്രശ്നങ്ങളുള്ളതായി ഉദ്യോഗസ്ഥർ പറയുന്നുണ്ട്?

ആദ്യം ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. നേരത്തേ, തപാൽ വോട്ട് തപാലിലൂടെ അയയ്ക്കുന്ന സംവിധാനമായിരുന്നു. അത് നിർത്തി. ഫെസിലിറ്റേഷൻ സെന്ററുകളിൽപോയി വോട്ട് പെട്ടിയിലിടുന്ന സംവിധാനം ഏർപ്പെടുത്തി. പുതിയ സംവിധാനമായതിനാൽ ആളുകൾക്ക് അത് മനസിലാക്കാൻ കുറച്ച് സമയമെടുത്തു. ബാലറ്റ് എല്ലാവർക്കും കിട്ടി. 25വരെ വോട്ട് ചെയ്യാൻ കഴിയും.

∙ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് സംബന്ധിച്ച് പരാതികളുണ്ടായി. ഇത്തവണ അതിനെ നേരിടാനുള്ള തയാറെടുപ്പുകൾ?

തിരഞ്ഞെടുപ്പു രേഖകൾ നോക്കിയാൽ കള്ളവോട്ട് കേസുകൾ കേരളത്തിൽ കുറവാണ്. ക്യാമറ വഴിയാണ് ഇത്തരം കേസുകൾ കണ്ടെത്തിയത്. വോട്ടർപട്ടികയിൽ മരിച്ചുപോയവരുടെ പേരുണ്ടെങ്കിൽ കള്ളവോട്ടിനു സാധ്യതയുണ്ട്. ഇത്തരത്തിൽ 20 ലക്ഷത്തോളംപേരെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വോട്ടർ പട്ടിക ശുചീകരിച്ചു. ബൂത്തുകളിൽ ക്യാമറ കൂടുതലായി വച്ചു. കള്ളവോട്ടിനു സാധ്യത കുറവാണ്.

∙ തൃശൂർ പൂരനടത്തിപ്പിലെ വീഴ്ചയെ തുടർന്ന് പൊലീസ് കമ്മിഷണറെ മാറ്റാനുള്ള ഫയൽ സർക്കാർ അയച്ചിരുന്നു. ഇതിൽ തീരുമാനമായോ?

ഫയൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണ്. അവിടെനിന്നാണ് തീരുമാനം വരേണ്ടത്.

∙ കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നല്ലോ? നടപടിയെന്താണ്

മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലേക്കു പരാതി വന്നിട്ടില്ല. അത് ആർഒ (റിട്ടേണിങ് ഓഫിസർ) തലത്തിൽ തീരുമാനമെടുത്തു. ആർഒ റിപ്പോർട്ട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല എന്നാണു റിപ്പോർട്ടെന്നാണ് മനസിലാക്കുന്നത്.

∙ തിരഞ്ഞെടുപ്പിൽ വിദ്വേഷ പ്രസംഗങ്ങൾ വർധിക്കുകയാണ്? ഇതിനെതിരെ സ്വീകരിച്ച നടപടികൾ?

സ്വന്തം നിലയ്ക്കും പരാതിയുടെ അടിസ്ഥാനത്തിലും കമ്മിഷനു കേസെടുക്കാം. പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ല. ഡൽഹിയിലേക്ക് അയച്ചിട്ടുണ്ടോ എന്നറിയില്ല.

∙ പ്രചാരണ ജാഥയിൽ പത്ത് വാഹനങ്ങൾക്കാണ് അനുമതി. കൂടുതൽ വാഹനങ്ങൾ പാർട്ടികൾ ഉപയോഗിക്കുന്നുണ്ട്?

ആയിരത്തിലധികം തിരഞ്ഞെടുപ്പ് സ്ക്വാഡുകൾ കേരളത്തിലുണ്ട്. ഇതുവരെ ഒരാളും, ഒരു രാഷ്ട്രീയ പാർട്ടിയും പരാതി നൽകിയിട്ടില്ല.

∙ രാജീവ് ചന്ദ്രശേഖറിന്റ നാമനിർദേശ പത്രികയിൽ ചില തെറ്റുകളുണ്ടായിരുന്നു. പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ?

ആർഒയാണ് ഇത് പരിശോധിക്കേണ്ടത്. ആർഒ നാമനിർദേശപത്രികയുടെ കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞു. വീഴ്ചയുണ്ടെങ്കിൽ ഹൈക്കോടതിയിൽ ഇലക്‌ഷൻ പെറ്റീഷൻ ഫയൽ ചെയ്യാം.

∙ കെൽട്രോണിനെ വെബ് കാസ്റ്റിങിൽനിന്ന് ഒഴിവാക്കാനുള്ള കാരണമെന്താണ്?

വിലക്കേർപ്പെടുത്തിയ കമ്പനിയാണ് കെൽട്രോൺ. കെൽട്രോണിനു കരാർ കിട്ടിയാലും അവർ മറ്റു കമ്പനികൾക്കാണ് കരാർ കൊടുക്കുന്നത്. പ്രവർത്തന പരിചയമുള്ള കമ്പനികളെ ടെൻഡറിലൂടെയാണ് ഇത്തവണ തിരഞ്ഞെടുത്തത്.

∙ തിരഞ്ഞെടുപ്പുകാലത്തെ മറക്കാനാകാത്ത അനുഭവം?

മലപ്പുറത്തെയും വയനാട്ടിലെയും ആദിവാസി ഊരുകളിൽപോയത് മറക്കാനാകാത്ത അനുഭവമായിരുന്നു. വട്ടവടയിലും പോയിരുന്നു. തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവർ വട്ടവടയിലുണ്ട്. അവിടെയെല്ലാം പ്രവർത്തിച്ചത് നല്ല അനുഭവമാണ് സമ്മാനിച്ചത്.

English Summary:

Election Readiness Confirmed by CEO Sanjay Kaul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com