ADVERTISEMENT

തിരുവനന്തപുരം∙ രാഹുൽ ഗാന്ധിക്കെതിരെ പി.വി.അൻവർ എംഎൽഎ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഷ്ട്രീയ ഡിഎന്‍എയെ കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചത്. ജൈവപരമായി കാണേണ്ട എന്നായിരുന്നു ഗോവിന്ദന്റെ പരാമർശം. തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്നും ഒരിടത്തും രണ്ടാം സ്ഥാനത്തും പോലും എത്തില്ലെന്നും ഗോവിന്ദൻ അവകാശപ്പെട്ടു.

‘‘മുസ്‌ലിം വിഭാഗത്തിനെതിരായി വർഗീയ കലാപം ഇളക്കിവിടാവുന്ന വിധം മതഭ്രാന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. മോദി പച്ചയായി വർഗീയത പറയുന്നു. പ്രധാനമന്ത്രിയുടെ നടപടി സമനില തെറ്റൽ മാത്രമല്ല, വർഗീയ ഭ്രാന്ത് കൂടിയാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോഴുള്ള തോൽവി ഭയമാണ് ഇതിനു പിന്നിൽ. രാഷ്ട്രീയം വിട്ട് മതവിദ്വേഷത്തിലേക്ക് പോകുന്നു. പരാതി കണ്ടഭാവം തിരഞ്ഞെടുപ്പ് കമ്മിഷനുമില്ല. തിരഞ്ഞെടുപ്പ് കമ്മിഷന് കൂറ് ബിജെപിയോടാണ്. ബിജെപിക്കെതിരെ ചെറുവിരൽ അനക്കുന്നില്ല. വടകരയിലെ അശ്ലീല സംഘത്തെ കോൺഗ്രസ്  നേതൃത്വവും സ്ഥാനാർഥിയും പ്രോത്സാഹിപ്പിക്കുകയാണ്. വോട്ടെണ്ണുമ്പോൾ കേരളത്തിൽ ജയിക്കുന്ന ആദ്യ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ.ശൈലജ ആയിരിക്കും’’– എം.വി.ഗോവിന്ദൻ പറഞ്ഞു.

ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം രചിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെയാണ് എൽഡിഎഫ് മത്സരിച്ചത്. മികച്ചപ്രവർത്തനം കാഴ്ച വയ്ക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇടതുമുന്നണിക്ക് വന്‍ ജനപിന്തുണയാണ് ഉള്ളത്. പുതിയ ജനവിഭാഗങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാനായി. ഒരിക്കലും അനുകൂലിക്കാത്തവർ വരെ ഇടതുമുന്നണിയെ വിശ്വാസത്തിലെടുക്കുന്നുണ്ട്. ബിജെപിക്കെതിരായ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ പങ്കു വഹിക്കുന്ന സംസ്ഥാനം കേരളമാകും. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

English Summary:

MV Govindan against Congress and BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com