ADVERTISEMENT

ഭൂചലനം പെട്ടെന്ന് ഒരു ദിവസം കൊണ്ടല്ല രൂപപ്പെടുന്നതെന്നും ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങൾ ചില അദൃശ്യ സമാനതകൾ പങ്കിടുന്നുണ്ടെന്നും ഭൂചലന ഗവേഷകനും നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് മുൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ഗവേഷകനുമായ ഡോ. സി.പി.രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ പറയുന്നു. ഭൂഗർഭത്തിലെ അടരുകളുടെ തെന്നിമാറലോ ഇടിച്ചുകയറലോ മൂലമാണ് ഭൂചലനമുണ്ടാകുന്നത്. ഭൂഗർഭത്തിലൂടെ ഭൂചലനങ്ങളെ ബന്ധിപ്പിക്കുന്ന ചില കാണാച്ചരടുകളുണ്ട്. പല കഷണങ്ങളായി മുറിഞ്ഞ് വേർപെട്ട ഖണ്ഡങ്ങളാണു ഭൂമിയുടെ പുറന്തോട് ഉൾപ്പെടുന്ന സ്ഥലലമണ്ഡലമായ ലിത്തോസ്ഫിയർ. ഇവ ഓരോന്നും പരസ്പരം അടുത്തും അകന്നും ചലനാത്മകവും സജീവവുമാണ്.

ഇങ്ങനെ ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിൽ ചേരുന്ന ഖണ്ഡങ്ങളുടെ ഒരു സംഗമ സ്ഥാനമായതിനാലാണ് ഹിമാലയ പർവത നിരകളിലും താഴ്‌വരകളിലും മിക്കപ്പോഴും ഭൂചലനം അനുഭവപ്പെടുന്നത്. തെക്കുനിന്ന് ഇന്ത്യൻ ഫലകം അഥവാ പ്ലേറ്റ് വടക്കോട്ടും യുറേഷ്യൻ ഫലകം തെക്കോട്ടും നീങ്ങി സമ്മർദം ചെലുത്തുന്നതു മൂലമാണ് ഹിമാലയം രൂപപ്പെട്ടത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരം പോലും ഏതാനും മില്ലിമീറ്റർ വീതം ഓരോ വർഷവും ഉയരുന്നതായി മുൻപ് ഉപഗ്രഹ ചിത്രങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ഹിമാലയത്തിന് ഇരുത്തൽ വരുന്നതുമൂലം എവറസ്റ്റിന്റെ ഉയരം നേരിയ തോതിൽ താഴാനാണ് സാധ്യതയെന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ആസ്ഥാനമായ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി മേധാവി ഡോ. കാൾചന്ദ് സെയ്ൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. 2015ൽ നേപ്പാളിലുണ്ടായ ഭൂചലനം അവിടെ വലിയ നാശം വിതച്ചെങ്കിലും ഇന്ത്യയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചില്ല. ഹിമാലയത്തിന്റെ വളരെ ആഴത്തിലാണ് ആ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നതിനാലാണ് അതെന്നു കരുതുന്നു.  

7 സെന്റിമീറ്റർ മീതം ഇന്ത്യയോടടുത്ത് തയ്‌വാൻ 

തയ്‌വാൻ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ ഫിലിപ്പീൻസ് കടലിന് അടിയിലുള്ള ഭൂഫലകം വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്നതായാണ് പഠനം. ഒരു വർഷം ഏകദേശം 7 സെന്റിമീറ്ററിലധികമാണു ചലനം. ഇത് നേരെ വന്നാൽ യൂറേഷ്യൻ ഫലകത്തിലേക്ക് ഇടിച്ചു കയറും. ഇങ്ങനെ ഓരോ വർഷവും ഭൂഗർഭത്തിൽ സമ്മർദം പെരുകി ഒടുവിൽ ഒരു ഫലകം മറ്റൊരു ഫലകത്തിന് അടിയിലേക്കോ മുകളിലേക്കോ ഇടിച്ചു കയറുമ്പോഴാണ് നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കാവുന്ന വൻ ഭൂചലനമായി മാറുന്നത്. 2004 ഡിസംബർ 26നുണ്ടായ സൂനാമിക്കു പിന്നിൽ സുമാത്രയിലുണ്ടായ ഭൂചലനത്തിനു കാരണവും ഇതേപോലെ ഭൂഫലകങ്ങളുടെ തമ്മിലിടി ആയിരുന്നു. എന്നാൽ ആ ഭൂചലനത്തിന്റെ തീവ്രത 9.1 മുതൽ 9.3 വരെ ആയിരുന്നു എന്നോർക്കണം. ബർമ പ്ലേറ്റും ഇന്ത്യൻ പ്ലേറ്റും കൂട്ടിയിടിച്ച് ഭൂമിയുടെ ആന്തരിക ഘടനയിൽ വലിയ മാറ്റം സംഭവിച്ചതായി ഗവേഷകർ പിന്നീട് കണ്ടെത്തി.  

പുതിയ സഹസ്രാബ്ദ പിറവി വർഷമായ രണ്ടായിരാമാണ്ടിൽ കോട്ടയം – ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശം കേന്ദ്രീകരിച്ച് ഉണ്ടായ ഭൂചലനത്തിനു കാൽ നൂറ്റാണ്ട് തികയാൻ ഒരു വർഷം കൂടി ബാക്കി നിൽക്കേ കേരളം എന്തു ചെയ്യണമെന്ന ചോദ്യവും ഇവിടെ ഉയരുന്നു. ഭൂപാളികളിലെ സമ്മർദമേറുന്നതോടെ ഇന്ത്യയിലും ഭൂചലന സാധ്യത വർധിക്കുന്ന സാഹചര്യമുണ്ടോ? ഉണ്ടെങ്കിൽ നാം അതിനു തയാറെടുക്കുന്നുണ്ടോ? അതോ നൂറ്റാണ്ടിലൊരിക്കലോ കാൽ നൂറ്റാണ്ടി‍ൽ ഒരിക്കലോ മാത്രം ഉണ്ടാകുന്ന ഭൂചലനത്തെ നിസാരമായി കാണുകയാണോ? ഭൂകമ്പ പ്രതിരോധ രീതിയിലുള്ള നിർമാണ രീതികൾ കർശനമായി നടപ്പാക്കാൻ എന്താണ് മടിക്കുന്നത്? തയ്‌വാനിലും 25–ാം വർഷമാണ് വൻ ഭൂചലനം ഇപ്പോൾ ആവർത്തിച്ചിരിക്കുന്നത് എന്നോർക്കണം.

ഹിമാലയവും ഇന്ത്യയും കേരളവും സൂക്ഷിക്കണം 

ഹിമാലയത്തിലും മറ്റും വൻകിട നിർമാണങ്ങൾ അഭംഗുരം തുടരുന്ന ഇന്ത്യയുടെ നീക്കം എത്രത്തോളം ഭൂകമ്പ പ്രതിരോധ സജ്ജമാണ്. നമ്മുടെ ഭൂകമ്പ പ്രതിരോധ ബിൽഡിങ് നിർമാണ ഐഎസ്ഒ ചട്ടമായ ഐഎസ് 1893 ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ? പുതിയ ചലനങ്ങൾ ഏതു വഴി വരുന്നു എന്നു മനസ്സിലാക്കി കാലോചിതമായി പരിഷ്കാരിക്കാറുണ്ടോ? കാലഹരണപ്പെട്ട പഴയ കെട്ടിടങ്ങൾ മാറിയ ഭൂകമ്പ സാധ്യതാ കോഡിന് അനുസരിച്ച് പുതുക്കി ബലപ്പെടുത്തി നിർമിക്കേണ്ടേ? നമ്മുടെ വീടുകൾ എത്രത്തോളം ബലവത്താണ്? അഞ്ചിനു മുകളിൽ തീവ്രതയുള്ള ചലനം നേരിടാൻ അവ സജ്ജമാണോ?

കേരളം ഉൾപ്പെടെ പുതിയ ഭൂകമ്പ ഭൂപടത്തിൽ ഇടം പിടിച്ച സംസ്ഥാനങ്ങൾക്കായി പുതിയ ചട്ടങ്ങൾ നടപ്പാക്കുമോ? നിലവിലുള്ളവ പരിഷ്കരിക്കുമോ? സൂനാമിയും ചുഴലിക്കാറ്റും വന്നതുപോലെ വലിയൊരു ദുരന്തം ഭൂമിക്കടിയിൽനിന്ന് ആഞ്ഞടിക്കാൻ നമ്മളും രാഷ്ട്രീയ നേതൃത്വവും കാത്തിരിക്കുകയാണോ? രക്ഷാപ്രവർത്തനത്തിൽ മാത്രമല്ല, ഇന്ത്യയും കേരളവും മുൻകൂട്ടി പ്രതിരോധം സൃഷ്ടിക്കുന്നതിലും മാതൃകയാണെന്നു തെളിയിക്കേണ്ടേ? തയ്‌വാൻ ഭൂചലനം നമുക്കു മുൻപിൽ വഴി തുറക്കുമെന്നു പ്രത്യാശിക്കാം.

മൺസൂണിനു മുന്നോടിയായും വരൾച്ചയ്ക്കു മുന്നോടിയായുമാണ് കേരളത്തിൽ ഭൂചലനങ്ങളുണ്ടാകുന്നത്. മുല്ലപ്പെരിയാർ ഉൾപ്പെടെ പല അണക്കെട്ടുകളും പല ഭ്രംശരേഖകൾക്കും നടുവിലാണ്. കിണറുകൾ താഴുന്നതും മലകളിൽ വിള്ളൽ ഉണ്ടാകുന്നതും മഴ പെയ്ത് വെള്ളം താഴേക്കു കിനിഞ്ഞിറങ്ങി മണ്ണിനുള്ളിലേക്കു സോയിൽ പൈപ്പിങ് പോലെ ഗുഹകൾ രൂപപ്പെടുന്നതും കേരളത്തെ സംബന്ധിച്ച് അപകടകരമായ പ്രവണതകളാണ്. ഇതു സംബന്ധിച്ച കാര്യമായ പഠനങ്ങളാണ് ഇന്നിന്റെ ആവശ്യം.

പക്ഷേ തിരുവനന്തപുരത്തെ സെന്റർ ഫോർ എർത് സയൻസ് പോലും ദേശീയ കേന്ദ്രമായി മാറിയതോടെ കേരളത്തിനു നേരെയുള്ള ഇത്തരം ഭൗമഭീഷണികളെ പറ്റി പഠിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. മഴക്കാലത്തു ചായയിൽ മുക്കിയ ബൺപോലെ ആകുന്ന കേരളം വലിയൊരു ഭൗമ ദുരന്തത്തിന്റെ കൂടി വക്കിലാണ്. ഹൈറേഞ്ച് പ്രദേശത്ത് ചൂട് കൂടുകയും തീവ്ര മഴയിൽ മണ്ണൊലിച്ചും പാറകൾ ഇളകി തുടങ്ങിയിട്ടുണ്ട്. ഇതും ഇടിഞ്ഞു വീഴാൻ സാധ്യത ഏറെയാണ്. കൊങ്കൺ പാതയിലെപ്പോലെ ഗാബിയൺ കമ്പിക്കെട്ടുകൾ ഇട്ട് പല പാറകളും ഉറപ്പിച്ചില്ലെങ്കിൽ ഭാവിയിൽ വൻ ദുരന്തമാകും നമ്മെ കാത്തിരിക്കുകയെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.

(പരമ്പര അവസാനിച്ചു)

English Summary:

Taiwan earthquake is a lesson for India and Kerala too; need forpreparedness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com